‘പാർട്ടി ആരോടും ഒളിവിൽ കഴിയാൻ ഒന്നും പറഞ്ഞിട്ടില്ലല്ലോ..’ -രാഹുൽ മാങ്കൂട്ടത്തിലിനെ കുറിച്ച് ഷാഫി പറമ്പിൽ
text_fieldsകൊച്ചി: ആരോടും ഒളിവിൽ കഴിയാൻ പാർട്ടി നിർദേശിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ എം.പി. യുവതിയുടെ പരാതിയിൽ ലൈംഗികപീഡനക്കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഒളിവിൽ കഴിയുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം.
‘പാർട്ടി അങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ല. പാർട്ടി ആരോടും ഒളിവിൽ കഴിയാൻ ഒന്നും പറഞ്ഞിട്ടില്ലല്ലോ. നിയമവഴിയിൽ എങ്ങനെയാ ചെയ്യേണ്ടത് എന്ന് വ്യക്തിപരമായി അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. കാര്യങ്ങൾ നിയമപരമായി ചെയ്യണോ വേണ്ടയോ എന്നത് അയാളല്ലേ പ്രതികരിക്കേണ്ടത്. അത് അവർ ചെയ്തോട്ടെ. ഇതിൽ ഇനി എന്തെങ്കിലും പറയണമെന്നുണ്ടെങ്കിൽ പാർട്ടി നിലപാട് പറഞ്ഞ ശേഷം അത് അറിയിക്കാം’ -ഷാഫി പറഞ്ഞു.
രാഹുലിനെതിരെ പരാതി നൽകിയ യുവതിയെ അറിയാമെന്നും അവരുടെ വിവാഹത്തിൽ താൻ പങ്കെടുത്തിരുന്നുവെന്നും കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘അവരുടെ വിവാഹ ബന്ധം നാലുദിവസം മാത്രമേ നീണ്ടു നിന്നുള്ളൂ എന്ന് പെൺകുട്ടി ഉന്നയിച്ച വാദം ശരിയല്ല. മാസങ്ങളോളം അവർ തിരുവനന്തപുരത്ത് ഒരുമിച്ച് ഉണ്ടായിരുന്നു. ഇത് സത്യമാണ്. ഇതെനിക്കറിയാവുന്നതാണ്. മാത്രമല്ല അവർ ഇപ്പോഴും വിവാഹമോചിതരല്ല. ഗുരുവായൂരിൽ താലികെട്ടിയതാണ്’ -സന്ദീപ് വാര്യർ പറഞ്ഞു.
‘ഞാൻ അറിയാവുന്ന ഇത്രയും സത്യങ്ങൾ പറഞ്ഞില്ലെങ്കിൽ കുറ്റബോധം എന്നെ വേട്ടയാടും. അതുകൊണ്ട് മാത്രം പറഞ്ഞതാണ് . എന്നാൽ ആരോപണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടി ഒരു നിലപാട് എടുത്തിട്ടുണ്ട്. അതാണ് എൻ്റെ നിലപാട്. സത്യം വിജയിക്കട്ടെ...’ -സന്ദീപ് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണെന്നായിരുന്നു അതിജീവിതയുടെ മൊഴി. വിവാഹബന്ധം നീണ്ടു നിന്നത് ഒരു മാസം മാത്രമാണെന്നും ആചാരപ്രകാരം വിവാഹം കഴിച്ചതാണെങ്കിലും ക്ഷേത്രത്തിലോ മറ്റേതെങ്കിലും സംവിധാനത്തിലോ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞിരുന്നു.
വിവാഹം നടന്നത് 2024 ആഗസ്റ്റ് 22ന് ക്ഷേത്രത്തിൽ വെച്ചായിരുന്നു. നാല് ദിവസം മാത്രമാണ് ഒരുമിച്ച് താമസിച്ചത്. ആദ്യ ഒരു മാസത്തിനുള്ളിൽ ബന്ധത്തിൽ നിന്നും ഒഴിഞ്ഞുവെന്നും പരാതിക്കാരി അന്വേഷണസംഘത്തിന് കഴിഞ്ഞദിവസം കൊടുത്ത മൊഴിയിൽ പറയുന്നു. വിവാഹബന്ധം ഒഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷമാണ് രാഹുലുമായി പരിചയപ്പെടുന്നതെന്നും മൊഴിയിലുണ്ട്.
അതിനിടെ, ഒളിവിൽ പോയ രാഹുലിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പാലക്കാട്, കൊച്ചി, തിരുവനന്തപുരം ജില്ലകളിലാണ് നിരീക്ഷണം ശക്തമാക്കിയിട്ടുള്ളത്. രാഹുൽ കേരളം വിട്ടു പോയിട്ടില്ലെന്നാണ് പൊലീസിന്‍റെ നിഗമനം. നേതാക്കളുടെ വീടുകൾ കേന്ദ്രീകരിച്ചും നിരീക്ഷണം നടത്തുന്നുണ്ട്. എം.എൽ.എ പാലക്കാട് തന്നെയുണ്ടെന്നാണ് സൂചന. ജില്ല വിട്ടുപോകരുതെന്ന് അഭിഭാഷകർ നൽകിയ ഉപദേശത്തെ തുടർന്നാണ് രാഹുൽ പാലക്കാട് രഹസ്യ കേന്ദ്രത്തിൽ തന്നെ തുടരുന്നത്. വ്യാഴാഴ്ച മുതൽ സ്വിച്ച് ഓഫ് ആയിരുന്ന എം.എൽഎയുടെ മൊബൈൽ ഫോൺ ഇന്നലെ കുറച്ചുസമയത്തേക്ക് ഓൺ ആകുകയും ചെയ്തിരുന്നു.
പരാതിയിൽ കൂടുതൽ തെളിവ് ശേഖരിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. തിരുവനന്തപുരം ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ അസിസ്റ്റന്‍റ് കമ്മീഷണർ വി.എസ് ദിനരാജിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. രാഹുൽ രാജ്യം വിട്ടുപോകാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
രാഹുൽ ഈശ്വറിനുള്ള മറുപടി എന്ന നിലയിലാണ് സന്ദീപിന്റെ കുറിപ്പ്. ‘പ്രിയപ്പെട്ട രാഹുൽ ഈശ്വർ, എന്നെ അഭിസംബോധന ചെയ്ത് താങ്കൾ യൂട്യൂബിൽ ചെയ്ത വീഡിയോ കണ്ടു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വളരെ വിവാദമായ ഒരു കേസിൽ , പ്രത്യേകിച്ച് ഒരു പെൺകുട്ടി നൽകിയിരിക്കുന്ന കേസിൽ അഭിപ്രായം പറയുന്നതിലെ ശരിയും ശരികേടും എന്നെ ചിന്താ കുഴപ്പത്തിലാക്കുന്നുണ്ട്. എന്നാൽ പോലും സത്യം പറയാൻ മടിക്കേണ്ടതില്ല എന്നതുകൊണ്ട് പറയുകയാണ്.
താങ്കൾ യൂട്യൂബിൽ പറഞ്ഞതുപോലെ ആ വിവാഹത്തിൽ ഞാൻ പങ്കെടുത്തതാണ്. അവരുടെ വിവാഹ ബന്ധം നാലുദിവസം മാത്രമേ നീണ്ടു നിന്നുള്ളൂ എന്ന പെൺകുട്ടി ഉന്നയിച്ച വാദം ശരിയല്ല. മാസങ്ങളോളം അവർ തിരുവനന്തപുരത്ത് ഒരുമിച്ച് ഉണ്ടായിരുന്നു . ഇത് സത്യമാണ്. ഇതെനിക്കറിയാവുന്നതാണ്. മാത്രമല്ല അവർ ഇപ്പോഴും വിവാഹമോചിതരല്ല. ഗുരുവായൂരിൽ താലികെട്ടിയതാണ്.
ഞാൻ അറിയാവുന്ന ഇത്രയും സത്യങ്ങൾ പറഞ്ഞില്ലെങ്കിൽ കുറ്റബോധം എന്നെ വേട്ടയാടും. അതുകൊണ്ട് മാത്രം പറഞ്ഞതാണ്. എന്നാൽ ആരോപണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടി ഒരു നിലപാട് എടുത്തിട്ടുണ്ട്. അതാണ് എൻ്റെ നിലപാട്. സത്യം വിജയിക്കട്ടെ....’ -സന്ദീപ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

