ലോകത്തിന് മലയാളത്തോട് വൈകാരിക അടുപ്പമുണ്ടാക്കിയതിന്‍റെ കാരണക്കാരൻ -ഷാഫി പറമ്പിൽ
text_fieldsകോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് വടകര എം.പി ഷാഫി പറമ്പിൽ. ഒരുപാട് ചോദ്യങ്ങൾക്കുള്ള ഒറ്റ ഉത്തരമാണ് എം.ടിയെന്ന് ഷാഫി മാധ്യമങ്ങളോട് പ്രതികരിച്ചു.
എം.ടി ഏഴ് പതിറ്റാണ്ട് കാലത്തെ വസന്തമാണ്. മലയാളിയുടെ വസന്ത കാലമാണത്. ആ വസന്തം മലയാളി അനുഭവിച്ചതിന്‍റെ നേരവകാശി ആരാണ്?. മലയാളത്തെ ഇത്രത്തോളും ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയ മറ്റൊരാളുണ്ടാകുമോ?. മലയാളിയെ ഇത്രയും സ്വാധീനിച്ച വ്യക്തിയുണ്ടാകുമോ? -ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി.
ലോകത്തിന് മലയാളത്തോട് വൈകാരികമായ അടുപ്പമുണ്ടാക്കിയതിന്‍റെ കാരണക്കാരനാണ് എം.ടി. ഒരു മനുഷ്യ ജീവിതം കൊണ്ട് തലമുറകളെ സ്വാധീനിച്ച വ്യക്തിയാണ്. കാലത്തെ അതിജീവിച്ച തിരക്കഥകളാണ് അദ്ദേഹം എഴുതിയത്. ലോക ക്ലാസിക്കായി മാറുമായിരുന്ന രണ്ടാമൂഴം കാണാൻ സാധിക്കാത്തതിൽ ഖേദമുണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
'അക്ഷരങ്ങളിലൂടെ തലമുറകളുടെ ജീവിതത്തിൽ വെളിച്ചം നിറച്ച ഒരു സൂര്യൻ മറഞ്ഞുപോകുന്നു' എന്ന് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

