എ.കെ. ആന്റണിയെ നോക്കി ഷാഫി പറമ്പിലിന്റെ ഡയലോഗ്; തഗ്ഗ് മറുപടിയുമായി ആന്റണി
text_fieldsതിരുവനന്തപുരം: കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനിൽ മുതിർന്ന നേതാക്കളെ വേദിയിലിരുത്തി ഷാഫി പറമ്പിൽ എം.പി പറഞ്ഞ ഡയലോഗിന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണിയുടെ തഗ്ഗ് മറുപടി. മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന്റെ ആറു പതിറ്റാണ്ട് പിന്നിട്ട രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കി തയാറാക്കിയ ‘ദി ലെഗസി ഓഫ് ട്രൂത്ത് - എംഎം ഹസന്‍ ബിയോണ്ട് ദ ലീഡര്‍’ എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശന ചടങ്ങിലായിരുന്നു ഏവരെയും ചിരിപ്പിച്ച രണ്ടുപേരുടെയും സംസാരം.
‘ഇവരൊക്കെ ചെറുപ്പത്തിൽ ചോദിച്ചിരുന്ന സീറ്റ് മാത്രമേ ഇപ്പോഴുള്ള ചെറുപ്പക്കാർ ചോദിക്കുന്നുള്ളൂ. കൂടുതൽ ഒന്നും ചെറുപ്പക്കാർ ചോദിക്കുന്നില്ല’ എന്നായിരുന്നു ഷാഫി പറമ്പിൽ പറഞ്ഞത്. വേദിയിൽ ഉണ്ടായിരുന്ന കെ. മുരളീധരൻ, എം.എം. ഹസൻ, എ.കെ. ആന്റണി തുടങ്ങിയവരെ നോക്കിയായിരുന്നു ഷാഫിയുടെ പ്രസംഗം. ഉടൻ എ.കെ. ആന്റണി മറുപടി പറയാൻ ചിരിച്ചുകൊണ്ട് മൈക്കെടുത്ത് എഴുന്നേറ്റു. ‘ഞാൻ അന്നത്തെ ഇലക്ഷൻ കമ്മിറ്റി മെമ്പറാണ്. എന്റെ സുഹൃത്തുക്കളോട് ആലോചിച്ച ശേഷം ഞാൻ ആവശ്യപ്പെട്ടത് ഞങ്ങൾക്ക് ഏതാനും തോൽക്കുന്ന സീറ്റുകൾ മത്സരിക്കാൻ വേണം എന്നാണ്’ -ഷാഫിക്ക് കൊട്ടുകൊടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
‘അങ്ങനെയാണ് എടക്കാട് എന്ന് പറയുന്ന മാർക്സിസ്റ്റ് കോട്ടയിൽ എൻ. രാമകൃഷ്ണൻ മത്സരിച്ചത്. എ.സി. ഷൺമുഖദാസിനെ ബാലുശ്ശേരി എന്നുപറയുന്ന മാർക്സിസ്റ്റ് കോട്ടയിൽ, ആർ. ബാലകൃഷ്ണപിള്ളയുടെ പൊന്നാപുരം കോട്ടയായ കൊട്ടാരക്കര, പുതുപ്പള്ളി എന്ന് പറയുന്ന പി.സി. ചെറിയന്റെ കോട്ടയിൽ, ഒന്നാമത്തെ ഇലക്ഷന് ശേഷം പിന്നെ കോൺഗ്രസുകാർ ആരും ജയിക്കാത്ത ചേർത്തലയിൽ ഒക്കെയാണ് ഞങ്ങൾ മത്സരിച്ചത്’ - ആന്റണി വിശദീകരിച്ചു. കൈയടിയോടെയാണ് സദസ്സ് ഇത് കേട്ടത്.
ഇങ്ങനെ ഒരു മറുപടി പ്രതീക്ഷിക്കാതിരുന്ന ഷാഫി പറമ്പിൽ, ‘സാർ പറഞ്ഞതിനെ അതിന്റെ പൂർണമായ സ്പിരിറ്റിൽ ഉൾക്കൊള്ളുന്നു’ എന്ന് പ്രതികരിച്ചു. ‘ഇത്തവണ കുറെ സീറ്റ് നിലവിൽ തോറ്റതുണ്ട്. ഇനി ജയിക്കാവുന്നതും ആയിട്ടുള്ള കുറെ സീറ്റുകൾ... സൂചിപ്പിച്ചത് പോലെ, അവരുടെ ഒരു ലെഗസി എന്നത് ഇന്ന് നാം തുടർച്ചയായി ജയിക്കുന്ന പല സീറ്റും പിടിച്ചെടുത്തത്, തോൽക്കുന്ന സീറ്റുകൾ നേടിയെടുത്തതിന്റെ ബലത്തിലാണ്. ഏഴിലേക്കോ ഒൻപതിലേക്കോ ചുരുങ്ങിപ്പോയ കോൺഗ്രസിനെ വീണ്ടും ഇവിടെ കൊണ്ടുവന്നത് ആ യുവ മുന്നേറ്റമാണെന്നുള്ള കാര്യത്തിൽ സംശയം വേണ്ട. കേരളത്തിന് അനിവാര്യമായ രീതിയിൽ നല്ലൊരു ബ്ലെൻഡ് തന്നെ മുന്നോട്ടു വെക്കാൻ പാർട്ടിക്ക് കഴിയുന്നുണ്ട്. ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ അത് വളരെ പ്രകടമായിരുന്നു. ഇനി വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും അത് പ്രകടമാകും. കേരളം അനിവാര്യമായ മാറ്റം ഈ പ്രോപ്പർ ബ്ലെണ്ടിലൂടെ നേടുക തന്നെ ചെയ്യും’ -ഷാഫി പറഞ്ഞു.
എംഎം ഹസനെക്കുറിച്ചുള്ള ഡോക്യുമെന്ററി ഒരു വ്യക്തിയേക്കുറിച്ചല്ല മറിച്ച് ഒരു കാലഘട്ടത്തെക്കുറിച്ചാണെന്നും അതു യുവതലമുറയ്ക്ക് പ്രചോദനം പകരുമെന്നും മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. മുരളീധരന്‍ അധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഷാഫി പറമ്പില്‍ എം.പി ഡോക്യുമെന്ററിയുടെ ടൈറ്റില്‍ ഏറ്റുവാങ്ങി. മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ നെയ്യാറ്റിന്‍കര സനല്‍, കെ. ശശിധരന്‍, മരിയാപുരം ശ്രീകുമാര്‍, കെ.എസ്. ശബരിനാഥന്‍, ആര്‍. ലക്ഷ്മി, രാഷ്ട്രീയകാര്യസമിതിയംഗം ചെറിയാന്‍ ഫിലിപ്പ്, ഡി.സി.സി പ്രസിഡന്റ് ശക്തന്‍ നാടാര്‍, എം.ആര്‍. തമ്പാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മഖ്ബൂല്‍ റഹ്‌മാനാണ് ഡോക്യുമെന്ററിയുടെ സംവിധായകന്‍. പര്‍പ്പസ് ഫസ്റ്റിനുവേണ്ടി നിഷ എം.എച്ചാണ് നിര്‍മാണം. ഡോക്യുമെന്ററിയുടെ ഔദ്യോഗിക പ്രദര്‍ശനം ജനുവരി 31ന് കലാഭവന്‍ തിയേറ്ററില്‍ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രകാശനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

