Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭക്തൻ ശ്രീകോവിലിൽ...

ഭക്തൻ ശ്രീകോവിലിൽ കാണുന്നത് പൊന്നയ്യപ്പനെ, സർക്കാറും ദേവസ്വം ബോർഡും കാണുന്നത് പൊന്ന് മാത്രം -ഷാഫി പറമ്പിൽ

text_fields
bookmark_border
ഭക്തൻ ശ്രീകോവിലിൽ കാണുന്നത് പൊന്നയ്യപ്പനെ, സർക്കാറും ദേവസ്വം ബോർഡും കാണുന്നത് പൊന്ന് മാത്രം -ഷാഫി പറമ്പിൽ
cancel

കോഴിക്കോട്: ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങളെ വാർത്തകളിൽ നിന്നും ചർച്ചകളിൽ നിന്നും മാറ്റിനിർത്തുക എന്ന ലക്ഷ്യത്തോടെ മുൻകൂട്ടി ആസൂത്രണം ചെയ്ത, സംഘടിത ആക്രമണമാണ് പേരാമ്പ്രയിൽ പൊലീസ് തങ്ങൾക്കെതിരെ നടത്തിയതെന്ന് ഷാഫി പറമ്പിൽ എം.പി. അയ്യപ്പഭക്തൻ ശ്രീകോവിലിന്റെ ഉള്ളിലേക്ക് നോക്കുമ്പോൾ പൊന്നയ്യപ്പനെ ആണ് കാണുന്നതെങ്കിൽ, ഈ ഗവൺമെന്റും അതിന്റെ പ്രതിനിധികളും ദേവസ്വം ബോർഡും കാണുന്നത് അതിന്റെ പൊന്നു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഗവൺമെന്റിന് പിടിച്ചുനിൽക്കാൻ കഴിയാത്ത കൊള്ളക്കാണ് ദേവസ്വം ബോർഡുകളുടെ അറിവോടെ ഉദ്യോഗസ്ഥരും കുറെ തട്ടിപ്പുകാരും ചേർന്ന് നടത്തിയത്. ഗൂഢാലോചനയിൽ ബോർഡിനുള്ള പങ്കാളിത്തം വരെ അന്വേഷിക്കണം എന്ന തരത്തിലുള്ള പ്രതികരണം കോടതിയുടെ ഭാഗത്ത് ഉണ്ടായിരിക്കുകയാണ്. മുൻ മന്ത്രിമാരും ഇപ്പോഴത്തെ മന്ത്രിയും ഉൾപ്പെടെയുള്ളവർക്ക് പലതും മറച്ചു വെക്കാനുള്ളതുകൊണ്ടാണ് ദേവസ്വം ബോർഡിനെ മാറ്റി നിർത്താൻ ഗവൺമെന്റ് മടിക്കുന്നതെന്നും ഷാഫി പറഞ്ഞു.

‘കട്ടവന്മാർ ദേവസ്വം ബോർഡിലും സർക്കാരിലും ഉണ്ട്. കൊള്ളയിൽ പങ്കുപറ്റിയവരുടെ സർക്കാരായതിനാലാണ് ദേവസ്വം ബോർഡ് കേരളത്തിലെ ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഇപ്പോഴും തുടരുന്നത്. തിരുവാഭരണ കമ്മീഷണർ റിപ്പോർട്ട് ചെയ്തിട്ടും, സാങ്കേതികമായി ക്വാളിഫൈഡ് അല്ലാത്ത ഏജൻസിക്ക് തന്നെ ഇത് കൊടുക്കണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ഉൾപ്പെടെയുള്ള ആളുകൾ ഉത്തരവിടുന്നത്, കഴിഞ്ഞ കാലങ്ങളിലെ തട്ടിപ്പുകൾ മറച്ചുവെക്കാനുള്ള അവസാന ശ്രമമായിരുന്നു. കോടതിയുടെ ഇടപെടലോടെ അതുംകൂടിയാണ് പൊളിഞ്ഞിരിക്കുന്നത്.

ഇത് കേരളത്തിലെ വിശ്വാസിയും അവിശ്വാസിയും ക്ഷമിക്കില്ല എന്ന കാര്യത്തിൽ സംശയം വേണ്ട. ഇതിനെ മറച്ചുവെക്കാൻ വേണ്ടിയാണ് ഓരോ സംഭവവും ഉണ്ടാക്കുന്നത്. ഇതിനെ മറച്ചുവെക്കാൻ വേണ്ടിയാണ് പേരാമ്പ്രയിൽ ഉൾപ്പെടെ ഒരു പ്രകോപനവും ഇല്ലാത്ത സ്ഥലങ്ങളിൽ പൊലീസ് വലിയ അതിക്രമത്തിന് നേതൃത്വം നൽകുന്നത്. ഞാനും ഡിസിസി പ്രസിഡന്റും പേരാമ്പ്രയിൽ പോയത് എന്തോ സംഘർഷം ഉണ്ടാക്കാനാണ് എന്നാണ് സിപിഎം പ്രചാരണം നടത്തുന്നത്. ഞാൻ അവിടെ വന്നിട്ടാണോ സംഘർഷം ഉണ്ടായത്? ഞാൻ അവിടെ ചെല്ലാത്ത തലേദിവസം പൊലീസ് അവിടെ ആറ് റൗണ്ട് ടിയർ ഗ്യാസും ഗ്രനൈഡും ഉപയോഗിച്ചു. ശബരിമല ജാഥയുമായി ബന്ധപ്പെട്ട സമരത്തിന്റെ യോഗത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് തലേദിവസം മുതൽ അവിടെ നടക്കുന്ന പോലീസ് അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ഈ നാടിന്റെ സമാധാനത്തിനും താല്പര്യത്തിനും വേണ്ടിയുള്ള തീരുമാനമാണ് നമ്മൾ എടുക്കേണ്ടത്, നിങ്ങൾ പൊലീസിൽ നിന്ന് അകന്നുനിൽക്കണം, അവിടെ സംഘർഷം ഉണ്ടാകരുത് എന്ന് ഈ സംഘർഷം ഒക്കെ ഉണ്ടാകുന്നതിനു മുമ്പ് അവിടെ ചെന്നിരുന്ന് പറഞ്ഞതാണ് ഞങ്ങൾ. സംഘർഷം വർധിപ്പിക്കാനല്ല ഞങ്ങൾ പോയത്’ -അദ്ദേഹം പറഞ്ഞു.

പേരാമ്പ്രയിൽ തനിക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തെ കുറിച്ച് ദൃശ്യങ്ങൾ സഹിതം ഷാഫി വിശദീകരിച്ചു. ‘ഈ വിഷ്വൽ നിങ്ങൾ നോക്കുക: ആദ്യം എന്റെ തലയിൽ അടിക്കുന്നു. അതേ പോലീസ് ഉദ്യോഗസ്ഥൻ തന്നെ എന്റെ മൂക്കിലും അടിക്കുന്നു. ഞാൻ ഇങ്ങോട്ട് മാറുമ്പോൾ അതേ പോലീസ് ഉദ്യോഗസ്ഥൻ മൂന്നാമത്തെ തവണയും എന്നെ നോക്കി ലാത്തി വീശാൻ ശ്രമിക്കുന്നു. ഒരേ പോലീസ് ഉദ്യോഗസ്ഥൻ തന്നെ ആദ്യം തലക്കടിക്കുന്നു. തൊട്ടടുത്ത സെക്കൻഡിൽ എന്റെ മുഖത്തേക്ക് അടിക്കുന്നു, അത് എന്റെ മൂക്കിൽ കൊള്ളുന്നു. മൂന്നാമതും എന്നെ ഉന്നം വെച്ച് അടിക്കാൻ നോക്കി. അത് അവിടെയുള്ള ഒരു പോലീസുകാരൻ തടഞ്ഞു. എസ്.പി പറഞ്ഞത് പോലെ പിറകിൽ നിന്നല്ല, ഫ്രണ്ടിൽ നിന്ന് തന്നെയാണ് എന്റെ തലക്കടിക്കുന്നത്’ -ഷാഫി പറഞ്ഞു.

‘ഇതൊക്കെ അറിയാതെ പറ്റിപ്പോയതാണ്, സംഘർഷത്തിന് ഇടക്ക് ഉണ്ടായതാണ് എന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ? ഈ സീനിൽ ഇത് നടക്കുമ്പോൾ എവിടെയാണ് ടിയർ ഗ്യാസ് പൊട്ടിയിട്ടുള്ളത്? എവിടെയാണ് ഗ്രനേഡ് പൊട്ടിയിട്ടുള്ളത്? എവിടെയാണ് സ്ഫോടനം നടന്നിട്ടുള്ളത്?. ഈ അടിക്കുന്ന ആളുടെ ഡയറക്ഷൻ എന്നെ ലക്ഷ്യമിട്ടാണ്.

ഡിവൈഎസ്പി ഹരിപ്രസാദിന്റെ കയ്യിൽ ഗ്രനേഡ് അല്ലെങ്കിൽ ടിയർ ഗ്യാസ് ഉണ്ടായിരുന്നു. അതേ സമയം തന്നെ ലാത്തി വെച്ചുകൊണ്ട് അടിക്കാൻ ശ്രമിക്കുന്നതിന്റെ വിഷ്വലും കാണാം. ഒരു കൈയ്യിൽ ഗ്രനേഡും ഒരു കൈയ്യിൽ ലാത്തിയുമായിരുന്നു. ഗ്രനേഡ് കൈയ്യിൽ വെച്ചിട്ട് ലാത്തി വെച്ച് ആൾക്കൂട്ടത്തിന്റെ ഇടയിൽ നിന്ന് ആളുകളെ തല്ലാൻ നോക്കുകയാണ്. പൊലീസിന്റെ കൈവശം ഗ്രനേഡ് ഉണ്ടാവാം, പക്ഷേ അതിൽ എക്സ്ക്ലൂസീവായി പരിശീലനം നേടിയ ആളുകളാണ് (ഗ്രനേഡ് പാർട്ടി) അത് കൈകാര്യം ചെയ്യേണ്ടത്. ഗ്രനേഡ് പാർട്ടിയിൽ പെട്ട ചില ആളുകൾ ഉണ്ടെന്ന് എഫ്ഐആറിൽ വരെ പറയുന്നുണ്ട്. എങ്കിൽ പിന്നെ ഡിവൈഎസ്പി എന്തിനാണത് കൈയ്യിൽ കൊണ്ടുനടക്കുന്നത്?.

അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കൈവശം വെച്ചതായിരുന്നു ഗ്രനേഡ് എന്നും, ബലപ്രയോഗത്തിനിടയിൽ പിൻ ലൂസായി താഴെ വീണ് പൊട്ടിയതിൽ ഹരിപ്രസാദിന്റെ കൈക്ക് ഗുരുതരമായി പരിക്കേറ്റു എന്നും എഫ്.ഐ.ആറിൽ എഴുതിയിരിക്കുകയാണ്. അപ്പോൾ ഗ്രനേഡ് പാർട്ടിയുടെ കയ്യിലല്ല, ഹരിപ്രസാദിന്റെ കൈയ്യിലാണ് ഈ സാധനം ഉണ്ടായിരുന്നത്. ജനക്കൂട്ടവുമായുള്ള തിക്കിലും തിരക്കിലുമല്ല, ലാത്തി കൊണ്ട് മർദ്ദിക്കാൻ ശ്രമിച്ചപ്പോഴാണ് താഴെ വീണത്.

പൊലീസിന് വീഴ്ചയില്ലെങ്കിൽ പോലീസ് 16-ാം തീയതി ഇറക്കിയ സർക്കുലർ എന്തിനാണ്? വടകരയിലെ ഡിഎച്ച്ക്യുവിൽ രാവിലെ ഏഴു മണി മുതൽ ഗ്രനേഡ് എറിയാൻ എറിയൽ പരിശീലനത്തിന് സബ് ഡിവിഷനുകളിൽ നിന്ന് പൊലീസുകാർ എത്തണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിക്കുന്നതായിരുന്നു ആ സർക്കുലർ. മര്യാദക്ക് ഗ്രനേഡ് എറിയാൻ ഇവന്മാർക്ക് കഴിഞ്ഞിട്ടില്ല എന്ന് മനസ്സിലാക്കിയിട്ടാണ് ഇത് പരിശീലിപ്പിക്കാൻ ഇപ്പോൾ പൊലീസ് സർക്കുലർ ഇറക്കുന്നത്. ഞങ്ങൾ ബോംബ് എറിഞ്ഞിട്ടാണ് ആർക്കെങ്കിലും പരിക്കേറ്റതെങ്കിൽ ഇങ്ങനെ ഒരു സർക്കുലർ കേരളത്തിലെ പൊലീസ് ഇറക്കേണ്ട കാര്യമുണ്ടോ?.

ഒരു ഗ്രനേഡ് എറിയുന്നതിനു മുമ്പുള്ള വാണിങ് എന്തൊക്കെയാണെന്നും ടിയർ ഗ്യാസ് എറിയുന്നതിനു മുമ്പുള്ള വാണിങ് എന്തൊക്കെയാണെന്നും എനിക്കറിയാം. ടിയർ ഗ്യാസ് എറിയുന്നത് സമരക്കാരുടെയും പൊലീസിന്റെയും ഇടയിലുള്ള ഗ്യാപ്പിലേക്കാണ്. അതിനു പകരം, പരിക്കേൽപ്പിക്കാൻ ബോധപൂർവ്വം ആൾക്കൂട്ടത്തിന്റെ ഇടയിലേക്ക് തലയിലേക്കും മുഖത്തേക്കും എറിയുന്ന ക്രൂരത പിണറായി വിജയന്റെ പൊലീസ് കാണിക്കുന്നതിനെ ചോദ്യം ചെയ്യാതിരിക്കാൻ പറ്റുമോ?’ -ഷാഫി ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shafi ParambilPolice AtrocitySabarimala Gold Missing Row
News Summary - shafi parambil against sabarimala gold missing row
Next Story