കോട്ടയം: റിമാൻഡ് പ്രതിയുടെ മരണം തലക്കേറ്റ ക്ഷതം മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറമ്പില്‍ ഷെഫീഖാണ് (35) ബുധനാഴ്ച മരിച്ചത്. തലക്കേറ്റ ക്ഷതെത്തതുടര്ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചത്.
തലയുടെ പിൻഭാഗത്ത് ചെറിയ മുറിവുണ്ട്. ഇടതുകണ്ണിെൻറ മേൽഭാഗത്ത് നെറ്റിയിലുണ്ടായ ആഴത്തിലുള്ള മുറിവുമൂലം തലക്കുള്ളിൽ രക്തസ്രാവം ഉണ്ടാകുകയും പിന്നീട് രക്തം കട്ടപിടിക്കുകയും ചെയ്തിരുന്നു. ഇതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയ കോട്ടയം മെഡിക്കൽ കോളജ് ഫോറൻസിക് മേധാവി ഡോ. രഞ്ജു രവീന്ദ്രൻ പറഞ്ഞു.
എന്നാൽ, മുറിവുണ്ടായത് മർദനം മൂലമാണോ വീഴ്ച മൂലമാണോ എന്നത് വിശദ പരിശോധനക്കുശേഷമേ പറയാൻ കഴിയൂവെന്നും മുറിവിന് പഴക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷഫീഖിന്റെ തലയിലും മുഖത്തും മർദനമേറ്റതിന്റെ പാടുകളുണ്ടെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. സംഭവത്തിൽ വിശദ അന്വേഷണം നടത്തണമെന്ന് ഷഫീഖിെൻറ ബന്ധുക്കൾ ആവശ്യപ്പെട്ടു. പൊലീസ് മര്‍ദിക്കാതെ തലയിൽ മുറിവ് ഉണ്ടാകില്ലെന്നും സംഭവത്തിൽ ദുരൂഹതയുെണ്ടന്നും ബന്ധുക്കള്‍ പറയുന്നു.
കൊച്ചി കാക്കനാട് ജില്ല ജയിലിനോടനുബന്ധിച്ച ബോസ്റ്റൽ സ്കൂൾ ക്വാറന്റീൻ സെന്ററിൽ റിമാൻഡിൽ കഴിയുന്നതിനിടെ ചൊവ്വാഴ്ച ഉച്ചക്ക് 12ന് തലകറങ്ങി വീണതിനെ തുടർന്ന് ജയിൽ അധികൃതർ ആദ്യം എറണാകുളം ജില്ല ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. അപസ്മാരബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ജയിൽ അധികൃതർ പറയുന്നു.
കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ തലക്കുള്ളിൽ രക്തസ്രാവം കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയ തീരുമാനിക്കുകയും ചെയ്തു. ഇതിനുള്ള തയാറെടുപ്പുകൾക്കിടെ ബുധനാഴ്ച ൈവകീട്ട് മൂന്നോടെ മരിക്കുകയായിരുന്നു. ശസ്ത്രക്രിയക്കായി തലമുടി ഷേവ് ചെയ്തപ്പോൾ തലയുടെ വിവിധ ഭാഗങ്ങളിലും മുഖത്തും മർദനമേറ്റെന്ന് തോന്നിക്കുന്ന പാടുകൾ കണ്ടു. ഇത് കസ്റ്റഡിയിൽ മർദനമേറ്റതിന്റേതാണെന്നാണ് സംശയം.