എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ ജാമ്യം റദ്ദാക്കി
text_fieldsഎറണാകുളം: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ ജാമ്യം റദ്ദാക്കി. എറണാകുളം സി.ജെ.എം കോടതിയാണ് ജാമ്യം റദ്ദാക്കിയത്. ഹൈകോടതി ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് കോടതി നടപടി. എല്ലാ ശനിയാഴ്ചയും ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഓഫീസിൽ എത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയാണ് ലംഘിച്ചത്. ഒന്നര മാസത്തെ ജയിൽ വാസത്തിന് ശേഷം 2022 ആഗസ്റ്റ് പത്തിനാണ് ആർഷോക്ക് ഹൈകോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് എറണാകുളം സി.ജെ.എം കോടതി ജാമ്യം റദ്ദാക്കിയതെന്നും ഇതിനെതിരെ ഹൈകോടതിയെ സമീപിച്ചതായും ആർഷോ പറയുന്നു. ഡിസംബർ ആദ്യ ആഴ്ച മുതൽ മൂന്നാഴ്ച ഡെങ്കിപ്പനി ബാധിച്ച് കിടപ്പിലായിരുന്നു. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഓഫീസിൽ ഹാജരാകാൻ സാധിക്കാതിരുന്നത്. ഹൈകോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ആർഷോ വ്യക്തമാക്കി.
2018 നവംബർ 17ന് ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാം നാസറിനെ രാത്രി വീട്ടിൽകയറി ആക്രമിച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്ക് ഹൈകോടതി ജാമ്യം അനുവദിച്ചത്. 2019 ജനുവരി 22ന് ഈ കേസിൽ അറസ്റ്റിലായ ആർഷോക്ക് ഹൈകോടതി ജാമ്യം അനുവദിച്ചതാണ്. എന്നാൽ, ജാമ്യത്തിൽ ഇറങ്ങിയ ശേഷം 12 ക്രിമിനൽ കേസുകളിൽ പങ്കാളിയായെന്ന് കണ്ടെത്തിയ കോടതി ഫെബ്രുവരിയിൽ ജാമ്യം റദ്ദാക്കി.
ഉടൻ അറസ്റ്റ് ചെയ്യാൻ നിർദേശിച്ചിരുന്നെങ്കിലും ഒളിവിലാണെന്ന കാരണം പറഞ്ഞ് അറസ്റ്റ് നീണ്ടു. ഇതിനിടെ മലപ്പുറത്ത് നടന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുകയും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.ഐ. ഷാജഹാൻ എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകി. തുടർന്നാണ് അറസ്റ്റ് ചെയ്തത്.
ആദ്യതവണ 56 ദിവസം റിമാൻഡിൽ കഴിഞ്ഞതാണെന്നും ഇതുവരെ അന്തിമ റിപ്പോർട്ട് നൽകാത്ത സാഹചര്യത്തിൽ ജൂൺ 12ന് വീണ്ടും അറസ്റ്റിലായ തനിക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നുമായിരുന്നു ഹരജിക്കാരന്‍ ഹൈകോടതിയിൽ വാദിച്ചത്.
എന്നാൽ, ആദ്യം ജാമ്യം ലഭിച്ചതാണെന്നും വ്യവസ്ഥ ലംഘനത്തെ തുടർന്ന് റദ്ദാക്കിയതിനെ തുടർന്നാണ് വീണ്ടും റിമാൻഡിലായതെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരൻ കേസിൽ കക്ഷിചേർന്നു. അറസ്റ്റിലാകുന്നതിന്‍റെ രണ്ടു ദിവസം മുമ്പ് മാത്രം അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത് കോടതിയെ വഞ്ചിച്ച് ജാമ്യം സംഘടിപ്പിക്കാനാണ്. ഭരണകക്ഷിയുടെ വിദ്യാർഥി സംഘടനയുടെ സംസ്ഥാന നേതാവായതിനാൽ രാഷ്ട്രീയ സ്വാധീനമുണ്ട്. അറസ്റ്റിനുശേഷം ജയിൽ പരിസരത്തുപോലും ആഘോഷപൂർവം യാത്രയയപ്പ് സംഘടിപ്പിക്കാൻ പൊലീസ് ഒത്താശ ചെയ്തു. ജാമ്യം അനുവദിച്ചാൽ കുറ്റകൃത്യത്തിൽ ഏർപ്പെടുമെന്നും ജാമ്യം അനുവദിക്കരുതെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നു.