Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ആക്രമിച്ചുവെന്ന പുതിയ കഥ പുറത്തുവന്നത് ഗവർണർ- വി.സി കൂടിക്കാഴ്ചക്ക് ശേഷം; ഇത് മന്ത്രി റോജി എം ജോണിന് അറിയാത്ത കാര്യമാണോ?’ -എസ്.എഫ്.ഐ

text_fields
bookmark_border
‘ആക്രമിച്ചുവെന്ന പുതിയ കഥ പുറത്തുവന്നത് ഗവർണർ- വി.സി കൂടിക്കാഴ്ചക്ക് ശേഷം; ഇത് മന്ത്രി റോജി എം ജോണിന് അറിയാത്ത കാര്യമാണോ?’ -എസ്.എഫ്.ഐ
cancel

കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിൽ ഓഗസ്റ്റ് 13-ന് നടന്ന വിദ്യാർത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് വൈസ് ചാൻസിലറെ ആക്രമിച്ചുവെന്ന ആരോപണം ഗവർണറും വി.സിയും രാജ്ഭവനിൽ നടത്തിയ കൂടിയാലോചനയ്ക്ക് ശേഷം കെട്ടിച്ചമച്ച കഥയാണെന്ന് എസ്.എഫ്.ഐ. 63 ദിവസമായി സസ്പെൻഷനിലായ 16 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം മുടങ്ങിയ സാഹചര്യത്തിൽ, പ്രശ്നപരിഹാരം ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് നിരാഹാര സമരം ആരംഭിക്കാൻ നിർബന്ധിതരായിരിക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സർവകലാശാലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, അധ്യാപകരെ നിയമിക്കുക, സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് ആഗസ്റ്റ് 13-ന് കാലടിയിൽ സിൻഡിക്കേറ്റ് മാർച്ച് സംഘടിപ്പിച്ചിരുന്നു. വിദ്യാർഥികളുമായി ചർച്ച നടത്താൻ അധികാരികൾ തയ്യാറാകാതിരുന്നതിനെ തുടർന്ന് സമരം ഉപരോധമായി മാറി. സംഭവദിവസം പൊലീസ് രജിസ്റ്റർ ചെയ്ത ആദ്യ എഫ്.ഐ.ആറിൽ വി.സിയെയും സിൻഡിക്കേറ്റ് അംഗങ്ങളെയും മുദ്രാവാക്യം വിളിച്ച് തടയുകയും പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.

എന്നാൽ, ആഗസ്റ്റ് 14-ന് ലോക്ഭവനിൽ ഗവർണറും വൈസ് ചാൻസിലർ സിസാ തോമസും തമ്മിൽ കൂടിയാലോചന നടത്തിയ ശേഷമാണ് വൈസ് ചാൻസിലറെ ആക്രമിച്ചു എന്ന പുതിയ കഥ പ്രചരിപ്പിച്ചത്. ഇത് റോജി എം ജോണിനും കേരളത്തിലെ കോൺഗ്രസുകാർക്കും ലീഗുകാർക്കും മനസ്സിലാവാത്ത കാര്യമല്ല.

തുടർന്ന് ആഗസ്റ്റ് 16-ന് ഗവർണറുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും ഇടപെടലുകളുടെ അടിസ്ഥാനത്തിൽ സിസാ തോമസ് നൽകിയ പുതിയ പരാതിയിൽ, സാധാരണ ഉപരോധ സമരത്തെ ഭീകര സംഭവമായി എഫ്.ഐ.ആറിൽ മാറ്റിയെഴുതുകയായിരുന്നു’ -ശിവപ്രസാദ് ആരോപിച്ചു.

ഈ സംഭവങ്ങളുടെ പേരിൽ കഴിഞ്ഞ 63 ദിവസമായി സർവകലാശാലയിലെ 16 വിദ്യാർഥികൾ സസ്പെൻഷനിലാണ്. ഇവരുടെ സസ്​പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പട്ടിണി സമരം പ്രഖ്യാപിക്കാൻ തങ്ങൾ നിർബന്ധിതരാവുകയായിരുന്നുവെന്ന് നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആശിഷ്, ഗവേഷക വിദ്യാർത്ഥികളായ അശ്വന്ത് പി.എം, അഭിജിത്ത് കെ.വി, അതുല്യ കെ.എൽ, മഹാരാജാസ് കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ മിസ്‍രിയ തുടങ്ങിയവരും പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - SFI questions Roji M John over Governor-VC meeting attack claim
Next Story