കേരള സർവകലാശാലയിൽ എസ്.എഫ്.ഐ പ്രതിഷേധം, സംഘര്‍ഷം; പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കി പൊലീസ്
text_fieldsതിരുവനന്തപുരം: കേരള സർവകലാശാലയിൽ എസ്.എഫ്.ഐ പ്രവർത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം. സർവകലാശാല വി.സി മോഹനൻ കുന്നുമ്മലിന്‍റെ വാഹനം എസ്.എഫ്.ഐ പ്രവര്‍ത്തകർ തടഞ്ഞതോടെയാണ് സംഘര്‍ഷ സാഹചര്യമുണ്ടായത്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് ശിവപ്രസാദിന്റെ നേതൃത്വത്തിലാണ് തടഞ്ഞത്. വാഹനം കടത്തിവിടാൻ അനുവധിക്കില്ല എന്ന നിലപാടാണ് പ്രവർത്തകർ സ്വീകരിച്ചത്. ഇതോടെ പൊലീസും പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടുകയും പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
സെനറ്റ് യോഗത്തിന് ശേഷം വിസി പുറത്തിറങ്ങുമ്പോൾ എസ്എഫ്ഐ പ്രവർത്തകർ പ്രധാന കവാടത്തിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതേ തുടർന്ന് പൊലീസ് നിർദേശ പ്രകാരം വി.സി സെനറ്റ് ഹാളിന് പുറകുവശത്തെ ഗേറ്റ് വഴി പുറത്തിറങ്ങാൻ ശ്രമിച്ചു. ഇവിടെ എത്തിയ എസ്.എഫ്.ഐ പ്രവർത്തകർ വാഹനത്തിന് മുന്നിൽ ചാടി വീഴുകയും കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് പൊലീസും പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടി. വാഹനത്തിന് മുന്നിൽ നിന്ന് മാറാൻ പ്രവർത്തകർ വിസമ്മതിക്കുകയും ചെയ്തു. ഇവർക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണ് വിസിയുടെ വാഹനത്തിന് വഴിയൊരുക്കിയത്.
ജാതി അധിക്ഷേപ പരാതിയിൽ ആരോപണ വിധേയനായ സംസ്കൃതവിഭാഗം മേധാവിക്കെതിരെയാണ് എസ്.എഫ്,ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കേരള സെനറ്റ് യോഗത്തിൽ സി.പി.എം അംഗങ്ങളും ബി.ജെ.പി അംഗങ്ങളും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചു. ഗവേഷക വിദ്യാർഥിയെ ജാതി പീഡനം നടത്തിയ കെ വിജയകുമാരിയെ പുറത്താക്കുക, ഡീൻ സ്ഥാനത്തു നിന്ന് പുറത്താക്കുക എന്നീ ആവശ്യങ്ങളുയർത്തിയാണ് പ്രതിഷേധം. തുടർന്ന് സി.പി.എം അംഗങ്ങളും ബി.ജെ.പി അംഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ സിൻഡിക്കേറ്റ് യോഗം 18-ാം തീയതിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

