‘കേരളത്തിൽ നിർബന്ധമായും ഒഴിവാക്കേണ്ട വിഷയത്തെ അനാവശ്യ വിവാദമാക്കിയതിന് നന്ദി...’ -ഹിജാബ് വിവാദത്തിൽ സ്കൂൾ പ്രിൻസിപ്പലിനെതിരെ എസ്.എഫ്.ഐ
text_fieldsകോഴിക്കോട്: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഹെലീന ആൽബിക്കെതിരെ വിമർശനവുമായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവ പ്രസാദ്.
മതനിരപേക്ഷ വിദ്യാഭ്യാസത്തിന്റെ ലോക മാതൃകയായ കേരളത്തിൽ നിർബന്ധമായും ഒഴിവാക്കേണ്ട ഒരു വിഷയത്തെ പിടിവാശി കൊണ്ട് അനാവശ്യ വിവാദമാക്കിയതിന്, പ്രിൻസിപ്പലിന് നന്ദി രേഖപ്പെടുത്തുന്നതായി എസ്.എഫ്.ഐ പ്രസിഡന്റ് ഫേസ് ബുക് പോസ്റ്റിലൂടെ കുറിച്ചു.
ഛത്തീസ്ഗഢിൽ തീരുവസ്ത്രം ധരിച്ച കന്യാസ്ത്രീകളെ അക്രമിക്കുമ്പോൾ അവർ ധരിച്ചിരുന്ന വസ്ത്രം കൂടിയായിരുന്നു സംഘപരിവാരിന്റെ പ്രശ്നമെന്ന് മറന്നു പോകരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
‘സംഘപരിവാരം ചുട്ടെരിച്ചു കളഞ്ഞ ഗ്രഹാം സ്റ്റെയിൻ എന്ന മിഷനറിയെ മറന്നു പോകരുത്.
മതവിശ്വാസവും വസ്ത്രവും അക്രമിക്കപ്പെടാനുള്ള കാരണമാകുന്ന വർഗീയ വാദികൾ ഭരിക്കുന്ന വർത്തമാനകാല ഇന്ത്യയെക്കുറിച്ചും മറന്നു പോകരുത്.
എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതാണ് ജനാധിപത്യമെന്നും മറന്നു പോകരുത്.
ഇതെല്ലാം ഓർമ്മയിൽ ഉണ്ടാവാൻ കൂടി പ്രാർത്ഥിക്കുന്നത് നന്നാവും’.. ശിവപ്രസാസ് എഫ്.ബി കുറിപ്പിലൂടെ ഓർമിപ്പിച്ചു.
എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റിന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വന്നത്. എന്ത് കൊണ്ട് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും സ്കൂളിലേക്ക് ഒരു പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നില്ലെന്നും കമന്റിൽ ചോദ്യമുന്നയിക്കുന്നു.
അതിനിടെ, വിവാദത്തിൽ സെന്റ് റീത്താസ് സ്കൂൾ മാനേജ്മെന്റിന് തിരിച്ചടിയായി വെള്ളിയാഴ്ച ഹൈകോടതി ഉത്തരവുണ്ടായി. വിദ്യാർഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡി.ഡി.ഇയുടെ റിപ്പോർട്ട് സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഹൈകോടതി തള്ളിയത്. ശിരോവസ്ത്രം ധരിച്ചതിന് സെന്‍റ് റീത്താസ് സ്കൂൾ മാനേജ്മെന്‍റ് എട്ടാം ക്ലാസ് വിദ്യാർഥിനിയെ പുറത്താക്കുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആയ സുബിൻ പോൾ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിന് ശേഷം സമർപ്പിച്ച റിപ്പോർട്ടിൽ സ്കൂളിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്നും സ്കൂൾ നിഷ്കർഷിക്കുന്ന യൂനിഫോമിന്‍റെ രീതിയിലെ ശിരോവസ്ത്രം ധരിച്ച് കുട്ടിക്ക് സ്കൂളിൽ വരാമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സ്കൂൾ മാനേജ്മെന്‍റ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

