എസ്.എഫ്.ഐ അഖിലേന്ത്യ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം
text_fieldsകോഴിക്കോട്: പതിനെട്ടാമത് എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് ചരിത്രനഗരിയിൽ ഉജ്ജ്വല തുടക്കം. കോഴിക്കോട് കടപ്പുറത്തിന് സമീപത്തുള്ള ആസ്പിൻ കോർട്ട്യാർഡിൽ പ്രതിനിധി സമ്മേളനം മാധ്യമപ്രവർത്തകൻ ശശികുമാർ, നടനും നാടകപ്രവർത്തകനുമായ എം.കെ. റെയ്ന എന്നിവർ ചേർന്ന് ഉദ്ഘാടനംചെയ്തു.
ചരിത്രത്തെ വളച്ചൊടിച്ച് വികൃതമാക്കുകയാണ് ആർ.എസ്.എസ്-ബി.ജെ.പി ഭരണകൂടമെന്ന് ശശികുമാര്‍ പറഞ്ഞു. പുതിയ പാഠ്യപദ്ധതികള്‍ കൊണ്ടുവന്ന് അവര്‍ തങ്ങളുടെ അജണ്ട നടപ്പാക്കുന്നു. സത്യമേത് അസത്യമേത് എന്നു തിരിച്ചറിയാത്ത സമൂഹമാധ്യമ പ്രചാരണങ്ങളുടെ കാലത്ത് സത്യത്തിന്റെ മുഖം ഉയര്‍ത്തിപ്പിടിച്ചുള്ള പോരാട്ടം യുവത്വം ഏറ്റെടുക്കേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.
സയണിസ്റ്റുകളുടെ വര്‍ഗീയ ഭീകരതക്കും ലോകം സാക്ഷിയാകുന്നു. താനാണ് രാജ്യമെന്ന് ചിന്തിക്കുന്ന ഭരണാധികാരികളുടെ ഭീഷണിയുടെ തിക്തഫലങ്ങള്‍ മനുഷ്യര്‍ അനുഭവിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇത്തരം മനോഭാവത്തില്‍നിന്നും വിഭിന്നമല്ല ഇന്ത്യയിലെ ഭരണാധികാരിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി.പി. സാനു അധ്യക്ഷതവഹിച്ചു. സ്വാഗതസംഘം ചെയർമാനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് സ്വാഗതം പറഞ്ഞു. നേരത്തേ, പ്രതിനിധി സമ്മേളനത്തിന് അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനു പതാക ഉയർത്തി. 122 രക്തസാക്ഷികളുടെ ബലികുടീരത്തിൽനിന്നും കൊണ്ടുവന്ന പതാകകൾ സമ്മേളന നഗരിയിലുയർത്തി. അഖിലേന്ത്യ വൈസ് പ്രസിഡന്റ് നിധീഷ് നാരായണൻ രക്തസാക്ഷി പ്രമേയവും ജോയന്റ് സെക്രട്ടറി ദേബാഞ്ജൻ ദേവ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
പ്രതിനിധി സമ്മേളനം ശനിയാഴ്ചയും ഞായറാഴ്ചയും തുടരും. ശനിയാഴ്ച വൈകീട്ട് നാലിന് കോഴിക്കോട് ബീച്ചിലെ സീതാറാം യെച്ചൂരി - നേപ്പാള്‍ ദേബ് ഭട്ടാചാര്യ നഗറില്‍ പൂര്‍വകാല നേതൃസംഗമം നടക്കും. എം.എ. ബേബി, പ്രകാശ് കാരാട്ട്, ബിമന്‍ ബസു, എ. വിജയരാഘവന് എന്നിവര്‍ പങ്കെടുക്കും. 29ന് വൈകീട്ട് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. തിങ്കളാഴ്ച രാവിലെ 11ന് കാൽലക്ഷം വിദ്യാർഥികൾ പങ്കെടുക്കുന്ന റാലിയോടെ സമ്മേളനം സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

