‘വിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്ന സമീപനത്തെ എതിർക്കും’; സർക്കാറിനെ വിമർശിച്ച് എസ്.എഫ്.ഐ കണ്ണൂർ ജില്ല സെക്രട്ടറി
text_fieldsകണ്ണൂർ: പി.എം ശ്രീ ധാരണപത്രത്തിൽ ഒപ്പിട്ട സംസ്ഥാന സർക്കാർ നിലപാടിനെ രൂക്ഷമായി വിമർശിച്ച് എസ്.എഫ്.ഐ കണ്ണൂർ ജില്ല സെക്രട്ടറി ശരത് രവീന്ദ്രൻ. വിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്ന സമീപനം ഏത് കോണിൽ നിന്നായാലും എതിർക്കുമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
‘സംഘ്പരിവാർ കീഴടക്കുന്ന വിദ്യാഭ്യാസ മേഖലയെ കുറിച്ച് കേരളത്തിലെ കാമ്പസുകളിലും നാട്ടിൻപുറങ്ങളിലും ചർച്ച ചെയ്തതും സമരം നടത്തിയതും എസ്.എഫ്.ഐയാണ്. ആ മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്ന സമീപനം തിരുത്തേണ്ടതാണ്. കീഴടങ്ങൽ മരണവും ചെറുത്തുനിൽപ് പോരാട്ടവുമാണ്’ -എന്നിങ്ങനെയാണ് പോസ്റ്റ്. വിവാദമായതോടെ പോസ്റ്റ് അപ്രത്യക്ഷമായി.
ഇടതുപക്ഷനയം മുഴുവൻ നടപ്പാക്കാനാകില്ല; നിലപാട് വ്യക്തമാക്കി സി.പി.എം
സി.പി.ഐ പ്രതിഷേധം കടുപ്പിച്ചിട്ടും പി.എം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം നടത്തിയ വാർത്തസമ്മേളത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇക്കാര്യത്തിലെ പാർട്ടി നിലപാട് വ്യക്തമാക്കി. കേന്ദ്രത്തിന്‍റെ വിവിധ പദ്ധതികളുടെ ഫണ്ട് കേരളത്തിന് ലഭിക്കാത്ത സാഹചര്യം നിലനിൽക്കെ പി.എം ശ്രീയിൽനിന്ന് പിന്മാറാനാവില്ലെന്ന സർക്കാറിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും വാദത്തെ പിന്തുണക്കുന്ന വിശദീകരണമാണ് സെക്രട്ടറി നൽകിയത്.
പി.എം ശ്രീ കരാർ മുന്നണിയിലും മന്ത്രിസഭയിലും ചർച്ച ചെയ്യാതെയാണ് ഒപ്പിട്ടതെന്നതടക്കം സി.പി.ഐ ഉന്നയിച്ച ആരോപണങ്ങൾക്ക് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. ഇത്തരം കാര്യങ്ങൾ നേരത്തേ ചർച്ച ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ എം.വി. ഗോവിന്ദൻ, കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന പണം വാങ്ങേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. പി.എം ശ്രീ കരാർ ഒപ്പിട്ടതിനെ തള്ളിപ്പറയാതെ അതെല്ലാം സർക്കാറിന്‍റെ ഭരണപരമായ കാര്യങ്ങളെന്ന് അദ്ദേഹം വ്യാഖ്യാനിച്ചു. കരാർ ഒപ്പിട്ട് പണം വാങ്ങുന്നതോടെ കേന്ദ്രം മുന്നോട്ടുവെച്ച നിബന്ധനകൾ പാലിക്കേണ്ടിവരുമല്ലോ എന്ന ചോദ്യത്തിന് ‘ചർച്ച ചെയ്യും’ എന്ന മറുപടി ആവർത്തിച്ചു.
ഇടതുപക്ഷ നയവും ഭരണത്തിൽ നടപ്പാകുന്നതും രണ്ടാണെന്ന് വ്യക്തമാക്കാനും അദ്ദേഹം ശ്രമിച്ചു. ഇ.എം.എസ് അടക്കം ഇത്തരം അവസരങ്ങളിൽ സ്വീകരിച്ച നിലപാടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു നയം നടപ്പാക്കുന്നതിലെ പരിമിതി വിശദീകരിച്ചത്. കരാർ ഒപ്പിട്ടത് ഭരണപരമായ കാര്യമായി ചുരുക്കിയും കേന്ദ്ര ഫണ്ട് നൽകാൻ നിബന്ധനകൾ വെക്കുന്നതിനെ എതിർക്കുന്നെന്ന് ആവർത്തിച്ചും ഈ വൈരുധ്യത്തിന് വ്യക്തതവരുത്താൻ അദ്ദേഹം ശ്രമിച്ചു.
അതേസമയം, സി.പി.ഐയുടെ എതിർപ്പുണ്ടായിട്ടും പി.എം ശ്രീ പദ്ധതിയിലെ സർക്കാർ നിലപാടിനെതിരായ തീരുമാനങ്ങളൊന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഉണ്ടായില്ല. പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം ദൂരീകരിക്കാൻ സി.പി.ഐയുമായി ചർച്ച നടത്തണമെന്ന അഭിപ്രായം മാത്രമാണ് പൊതുവേ ഉയർന്നത്.
ഇടതുനയം മാത്രം നടപ്പാക്കുന്ന സർക്കാരല്ലെന്ന് എം.വി. ഗോവിന്ദൻ
കേന്ദ്ര സർക്കാറിന്‍റെ സ്കൂൾ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയുടെ ധാരണാപത്രത്തിൽ സംസ്ഥാന സർക്കാർ ഒപ്പിട്ട വിഷയത്തിൽ സി.പി.ഐയുമായി ചർച്ച നടത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പി.എം ശ്രീ പദ്ധതിയുടെ നിബന്ധനങ്ങൾക്ക് തങ്ങളും എതിരാണ്. കരാർ ഒപ്പിട്ടത് ഭരണപരമായ വിഷയമാണ്. ഇടതുനയം മാത്രം നടപ്പാക്കുന്ന സർക്കാരല്ലിത്. ഇടതുസർക്കാറിന് പരിമിതികളുണ്ട്. ഉന്നയിക്കുന്ന മുദ്രാവാക്യങ്ങളെല്ലാം പ്രാവർത്തികമാക്കാനാവില്ല.
സി.പി.ഐ ഉന്നയിച്ച ആശങ്ക മുഖവിലക്കെടുക്കുന്നു. ഇടതുമുന്നണിചർച്ച ചെയ്ത് കൃത്യതയോടെ തീരുമാനമെടുക്കും. പി.എം ശ്രീ പദ്ധതിയുടെ ഭാഗമായി തരുന്നത് മോദിയുടെ പണമല്ല. കേന്ദ്ര പദ്ധതികളിൽ കേരളത്തിന് അർഹതപ്പെട്ട വിഹിതം തരണം. പദ്ധതിയുടെ നിബന്ധനകൾ വരട്ടെ, എങ്ങനെ ബാധിക്കുന്നെന്ന് പരിശോധിക്കാം. കേന്ദ്രത്തിന്‍റെ ആശയമൊന്നും ഇവിടെ നടപ്പാക്കില്ല. സർക്കാറിന്‍റെ ഭാഗത്തുനിന്ന് നോക്കുമ്പോൾ പണം കിട്ടണം. എന്നാൽ, കേന്ദ്ര നിലപാട് നടപ്പാക്കാനും കഴിയില്ല. ഈ ഘട്ടം എങ്ങനെ പരിഹരിക്കാനാകുമെന്ന് ചർച്ച ചെയ്യും. കടുംപിടിത്തം കൊണ്ട് കാര്യമില്ല. ഇത്തരം എല്ലാ പദ്ധതികളെക്കുറിച്ചും സി.പിഎമ്മും എൽ.ഡി.എഫും ചർച്ച ചെയ്തിട്ടുണ്ടെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
എല്ലാ കാലത്തും ഒരുനയം തുടരാനാകില്ലെന്ന് മന്ത്രി ശിവൻകുട്ടി
സമഗ്രശിക്ഷ അഭിയാൻ പദ്ധതിയിൽ 1158.13 കോടി രൂപ തടഞ്ഞുവെച്ച് കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ മറികടക്കാനുള്ള തന്ത്രപരമായ തീരുമാനമാണ് പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എല്ലാകാലത്തും ഒരു നയത്തിൽ തന്നെ തുടരാൻ കഴിയില്ല. കേന്ദ്രസർക്കാറിന്‍റെ ദേശീയ വിദ്യാഭ്യാസ നയത്തിൽ (എൻ.ഇ.പി) സാധ്യമാകുന്ന കാര്യങ്ങൾ നടപ്പാക്കുമെന്നും മന്ത്രി തുറന്നുപറഞ്ഞു.
എൻ.ഇ.പി അംഗീകരിക്കില്ലെന്ന് നേരത്തെ പറഞ്ഞത് ശരിയാണ്. എന്നാൽ, ലോകം അവസാനിക്കുന്നത് വരെ ആ നിലപാടിൽ നിൽക്കണമെന്നില്ല. ലോകത്ത് അനുദിനം മാറുന്ന വിദ്യാഭ്യാസ രീതികളിൽനിന്ന് കേരളത്തിന് മാറിനിൽക്കാൻ കഴിയില്ല. ലോകബാങ്കിൽ നിന്ന് ഫണ്ട് വാങ്ങില്ല എന്ന് മുമ്പ് നയമുണ്ടായിരുന്നു. പിന്നീട് വാങ്ങാൻ തീരുമാനിച്ചു. എല്ലാകാലത്തും എൻ.ഇ.പിയിൽ പിടിച്ച് കിട്ടേണ്ട പണം വാങ്ങാതിരിക്കാൻ കഴിയില്ല. മന്ത്രിസഭയിൽ ഒരു വിഷയത്തിൽ എതിർപ്പ് വരുന്നത് ആദ്യമായല്ല. നയം പറഞ്ഞ് കിട്ടേണ്ട കോടികൾ നഷ്ടപ്പെടുത്താൻ കഴിയില്ല.
എൻ.ഇ.പിക്ക് എന്താണ് കുഴപ്പമെന്ന് മന്ത്രി ചോദിച്ചു. എൽ.ഡി.എഫിന്‍റെ വിദ്യാഭ്യാസ നയത്തിൽ നിന്ന് സർക്കാർ പിൻമാറില്ല. സ്കൂളുകളിൽ പി.എം ശ്രീ നടപ്പാക്കുമ്പോൾ അവിടെ ഏത് പാഠ്യപദ്ധതി എന്നത് അപ്പോൾ ആലോചിക്കാം. ബിനോയ് വിശ്വവുമായി പാർട്ടി നേതാക്കൾ സംസാരിക്കും. ധാരണാപത്രത്തിൽ കേന്ദ്രപാഠ്യപദ്ധതി നടപ്പാക്കണമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല.
പി.എം ശ്രീ നടപ്പാക്കുന്നതിൽ ആശങ്കയുണ്ടായിരുന്നു. അതിൽ ചർച്ച നടക്കുകയായിരുന്നു. ഒപ്പിടുംമുമ്പ് സന്നദ്ധത അറിയിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടത് പ്രകാരം കത്ത് നൽകി. തീരുമാനമെടുത്തില്ലെങ്കിൽ ഫണ്ട് നഷ്ടപ്പെടുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അറിയിച്ചതോടെയാണ് ഒപ്പിട്ടതെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

