'പട്ടിയെ വെട്ടി പരിശീലനം' സംഘ്പരിവാർ കഥ ആവർത്തിച്ച് എസ്.എഫ്.ഐ വീണ്ടും; പട്ടിയെ വെട്ടി ആക്രമണം പരിശീലിക്കുന്നവരുടെ ബാക്കിപത്രമാണ് എം.എസ്.എഫെന്ന് ശിവപ്രസാദ്
text_fieldsകൊച്ചി: മുസ്‌ലിം ഭീതി പടർത്താനായി സംഘ്പരിവാർ പ്രചരിപ്പിച്ചിരുന്ന കഥ ആവർത്തിച്ച് എസ്.എഫ്.ഐ. മുസ്‌ലിം തീവ്രവാദികൾ പട്ടിയെ വെട്ടി പരിശീലിക്കുന്നുവെന്ന പ്രചാരണമാണ് എം.എസ്.എഫിനെ കടന്നാക്രമിക്കാനായി എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ശിവപ്രസാദ് ഉയർത്തികൊണ്ടുവന്നത്.
പട്ടിയെ വെട്ടി ആക്രമണം പരിശീലിക്കുന്നവരുടെ ബാക്കിപത്രമാണ് എം.എസ്.എഫ് എന്നാണ് എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷൻ കൊച്ചിയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞത്.
2012 ല്‍ മലപ്പുറം എസ്.പി സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിശദമായി അന്വേഷിച്ച് തള്ളിക്കളഞ്ഞ സംഘ്പരിവാർ ആരോപണമാണ് എം.എസ്.എഫിനെ വർഗീയ ചാപ്പ കുത്താനായി എസ്.എഫ്.ഐ ആവർത്തിക്കുന്നത്.
കേരളംകണ്ട ലക്ഷണമൊത്ത വർഗീയ സംഘനയാണ് എം.എസ്.എഫെന്നും സംസ്ഥാന അധ്യക്ഷൻ പി.കെ.നവാസ് വർഗീയ വാദിയാണെന്നുമുള്ള എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിന്റെ വിവാദ പ്രസ്താവന പൂർണമായും പിന്തുണക്കുകയായിരുന്നു സംസ്ഥാന അധ്യക്ഷൻ ശിവപ്രസാദും.
'വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുകയറാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നു. ലീഗിന്റെ ആശയമാണോ ജമാഅത്തെ ഇസ്‌ലാമിയുടെ ആശയമാണോ എം.എസ്.എഫിന്റെ വാക്കുകളിലെന്ന് ലീഗ് നേതൃത്വം പരിശോധിക്കണം. ജമാഅത്തെ ഇസ്‌ലാമിയുടെ ആശയം പേറുന്നവരായി എം.എസ്.എഫ് മാറുന്നു. മതനിരപേക്ഷത ഉയര്‍ത്തേണ്ട എം.എസ്.എഫ് വര്‍ഗീയത പറഞ്ഞു പ്രവര്‍ത്തിക്കുന്നു. ഒരു വര്‍ഗീയവാദിക്കും മത വിശ്വാസി ആകാന്‍ കഴിയില്ല. ഒരു മതവിശ്വാസിക്കും വര്‍ഗീയവാദി ആകാനും കഴിയില്ല', ശിവപ്രസാദ് കൂട്ടിച്ചേര്‍ത്തു.
എം.എസ്.എഫിന് ആരാണ് ഫണ്ട് ചെയ്യുന്നത്. പി.കെ കുറുവാ സംഘം പ്രത്യേകമായി രൂപീകരിച്ചിട്ടുണ്ടോയെന്നും യു.യു.സിമാരെ വിലക്കെടുക്കുന്നത് ഈ ഫണ്ടില്‍ നിന്നാണോയെന്നും അദ്ദേഹം പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

