Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാന വ്യാപകമായി...

സംസ്ഥാന വ്യാപകമായി ലഹരി വിപണനത്തിന്റെ കണ്ണികളായി എസ്.എഫ്.ഐ മാറി- വി.ഡി സതീശൻ

text_fields
bookmark_border
സംസ്ഥാന വ്യാപകമായി ലഹരി വിപണനത്തിന്റെ കണ്ണികളായി എസ്.എഫ്.ഐ മാറി- വി.ഡി സതീശൻ
cancel

ആലുവ: കളമശേരി പോളിടെക്‌നിക്കില്‍ എസ്.എഫ്.ഐ നേതാക്കളും യൂനിയന്‍ ഭാരവാഹികളും ഉള്‍പ്പെടെയുള്ളവരെയാണ് കഞ്ചാവുമായി പിടികൂടിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാന വ്യാപകമായി ഹോസ്റ്റലുകളിലും കോളജുകളിലും ലഹരി വിപണനത്തിന്റെ കണ്ണികളായി എസ്.എഫ്.ഐ മാറിയിരിക്കുകയാണെന്നും അദ്ദേഹം ആലുവയിൽ മാധ്യങ്ങളോട് പറഞ്ഞു.

ലഹരി മാഫിയക്ക് രാഷ്ട്രീയ രക്ഷകര്‍തൃത്വം ഉണ്ടെന്ന് 2022-ല്‍ ഈ വിഷയം നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്. ലഹരി മാഫിയ കേരളത്തില്‍ അവരുടെ നെറ്റ് വര്‍ക്ക് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ലഹരി മാഫിയകളുടെ കണ്ണി വികസിപ്പിക്കുന്നതില്‍ കോളജുകളിലും ഹോസ്റ്റലുകളിലുമുള്ള എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം വലിയ പങ്ക് വഹിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സി.പി.എം നേതൃത്വവും സര്‍ക്കാരും കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇത് അപകടത്തിലേക്ക് പോകും.

പൂക്കോട് വെറ്റനറി കോളജില്‍ സിദ്ധാര്‍ത്ഥന്റെ കൊലപാതകത്തിന് പിന്നിലും മയക്കു മരുന്ന് സംഘം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതില്‍ എസ്.എഫ്.ഐ നേതാക്കളുമുണ്ട്. കോട്ടയം നഴ്‌സിങ് കോളജിലെ റാഗിങിലും എസ്.എഫ്.ഐ ഉണ്ട്. കളമശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ പരിശോധന നടത്തുമ്പോള്‍ അവിടെ പഠിക്കാത്ത എസ്.എഫ്.ഐ നേതാക്കള്‍ വന്ന് ബഹളമുണ്ടാക്കി.

നിയമസഭയില്‍ പ്രതിപക്ഷം വിഷയം ഉന്നയിച്ചതിനു ശേഷം മാധ്യമങ്ങളും പ്രതിപക്ഷവും എല്ലാവരും ചേര്‍ന്ന് കേരളത്തിന്റെ പ്രധാന പ്രശ്‌നമായി ഇതിനെ കൊണ്ടു വന്നതിന് ശേഷമാണ് സര്‍ക്കാര്‍ കഴിഞ്ഞ രണ്ടാഴ്ചയായി പരിശോധന ശക്തമാക്കിയത്. പരിശോധനയുമായി കേരളത്തിലെ മുഴുവന്‍ ആളുകളും സഹകരിക്കും. പരിശോധനക്ക് എതിരെ ബഹളം ഉണ്ടാക്കിയത് ഹോസ്റ്റലില്‍ ഇല്ലാത്തവരാണ്.

പഠിച്ച് കഴിഞ്ഞ് പോയവരും ഹോസ്റ്റലില്‍ തമ്പടിക്കുകയാണ്. മയക്ക് മരുന്നിന് പണം നല്‍കിയില്ലെങ്കില്‍ കുട്ടികളെ റാഗ് ചെയ്യുകയാണ്. പ്രതിപക്ഷം ഇക്കാര്യത്തില്‍ നേരത്തെ ഉന്നയിച്ച ആരോപണവും ഉത്കണ്ഠയും ശരിവയ്ക്കുന്ന സംഭവമാണ് കളമശേരിയില്‍ നടന്നത്.

ബഹളം ഉണ്ടാക്കിയത് എസ്.എഫ്.ഐ പ്രവര്‍ത്തകരാണ്. മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നാണ് കെ.എസ്.യു ആവശ്യപ്പെട്ടത്. അളവ് കുറഞ്ഞതിന്റെ പേരില്‍ ചില പ്രതികളെ വിട്ടയിച്ചിട്ടുണ്ട്. രണ്ട് കിലോ കഞ്ചാവാണ് ഹോസ്റ്റലില്‍ നിന്നും പിടിച്ചെടുത്തത്. യൂണിയന്‍ ഭാരവാഹികള്‍ വരെ അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അത് മറച്ചുവച്ച് കെ.എസ്.യു ആണെന്നു പറഞ്ഞാല്‍ അതു ശരിയാകില്ലല്ലോ. എസ്.എഫ്.ഐ ഇതിന് പിന്നില്‍ ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ഏതെങ്കില്‍ ഒറ്റപ്പെട്ട സംഭവത്തില്‍ മാത്രമായിരുന്നെങ്കില്‍ എസ്.എഫ്.ഐയെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. എന്നാല്‍ പൂക്കോട് ഉള്‍പ്പെടെ എല്ലായിടത്തും ഇതാണ്.

തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയോടാണ് കൊടിമരത്തില്‍ കയറി കൊടി കെട്ടാന്‍ പറഞ്ഞത്. അതിന് തയാറാകാതെ വന്നപ്പോള്‍ യൂണിയന്‍ മുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു. എല്ലായിടത്തും എസ്.എഫ്.ഐ ആണ് മയക്ക് മരുന്നിന് പിന്തുണ നല്‍കുന്നത്.

ദക്ഷിണ, ഉഎത്തര മേഖലകളിലായി രണ്ട് ഐ.ജിമാര്‍ക്ക് ചുമതല നല്‍കണമെന്നും ലഹരി മാഫിയയുടെ സ്രോതസില്‍ പോയി പ്രതികളെ പിടികൂടാന്‍ അവര്‍ക്ക് സ്വതന്ത്രമായ ചുമതല നല്‍കണമെന്നും പ്രതിപക്ഷം നിര്‍ദ്ദേശിച്ചതാണ്. കേരളത്തിലേക്കുള്ള സ്പിരിറ്റ് ഒഴുക്ക് അവസാനിപ്പിച്ചതു പോലെ ലഹരി മാഫിയയുടെ പ്രവര്‍ത്തനവും അവസാനിപ്പിക്കാം. എന്നാല്‍ ലഹരി മാഫിയയുടെ സോഴ്‌സിലേക്ക് ഒരു അന്വേഷണവും നടത്തുന്നില്ല.

അതിന് പകരമായി ബോധവത്ക്കരണം മാത്രമാണ് നടത്തുന്നത്. ബോധവത്ക്കരണ ചുമതല സമൂഹിക ക്ഷേമ വകുപ്പിനെയോ യുവജന ക്ഷേമ വകുപ്പിനെയോ കായിക വകുപ്പിനെയോ ഏല്‍പ്പിക്കണം. എന്‍ഫോഴ്‌സ്‌മെന്റിന് പൊലീസിനെയും എക്‌സൈസിനെയും സജ്ജമാക്കുകയാണ് വേണ്ടത്. കേരളത്തിന് പുറത്ത് നിന്നും വരുന്ന ലഹരി വസ്തുക്കളുടെ വരവ് പൂര്‍ണമായും ഇല്ലാതാക്കുക എന്നതാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അയല്‍ സംസ്ഥാനങ്ങളുമായും കേന്ദ്ര സര്‍ക്കാരുമായും ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കണം. പ്രതിപക്ഷം പിന്തുണ നല്‍കിയിട്ടും ഈ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല.

മാധ്യമങ്ങള്‍ തന്നെയാണ് എസ്.എഫ്.ഐ നേതാക്കള്‍ പ്രതിയാണെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എസ്.എഫ്.ഐ ഭാരവാഹികള്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. കേരളത്തിലെ ഏത് കാമ്പസില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും അതിലൊക്കെ എസ്.എഫ്.ഐക്കും പങ്കുണ്ട്. ലഹരി മാഫിയ നെറ്റ് വര്‍ക്കിന്റെ ഭാഗമാണ് എസ്.എഫ്.ഐ. ഞങ്ങളുടെ നേതാക്കളുടെ മുറിയില്‍ നിന്ന് കഞ്ചാവ് പിടിച്ചെന്നും ക്ഷമിക്കണമെന്നും എസ്.എഫ്.ഐ പറയുമോ. ടി.പി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി കൊലപ്പെടുത്തിയിട്ട് ഞങ്ങളല്ല ചെയ്തതെന്ന് പറഞ്ഞവര്‍ കഞ്ചാവ് കൈവശം വച്ചെന്നത് സമ്മതിക്കുമോ?

കരുവന്നൂരില്‍ കൊള്ള നടന്നിട്ടുണ്ടെന്നതും സി.പി.എം ഓഫീസിലേക്ക് പണം എത്തിയെന്നതും യാഥാർഥ്യമാണ്. അന്ന് പാര്‍ട്ടി സെക്രട്ടറി ആയിരുന്നതു കൊണ്ടാകാം കെ. രാധാകൃഷ്ണന് ഇ.ഡി സമന്‍സ് നല്‍കിയത്. കേന്ദ്രമന്ത്രി നിർമല സിതാരാമനും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ കേരളത്തിന് എന്തെങ്കിലും കിട്ടിയാള്‍ ആ കൂടിക്കാഴ്ച നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SFIDrug TraffickingVD Satheesan
News Summary - SFI has become a link in drug trafficking across the state - VD Satheesan
Next Story