ബി.ജെ.പി രാജ്യത്തിന്റെ നിലനിൽപ്പിനെ അപകടപ്പെടുത്തുമ്പോൾ എസ്.എഫ്.ഐക്ക് നിർവഹിക്കാനുള്ളത് വലിയ ഉത്തരവാദിത്തം -മുഖ്യമന്ത്രി; അഖിലേന്ത്യാ സമ്മേളനം സമാപിച്ചു
text_fieldsകോഴിക്കോട്: ആയിരക്കണക്കിന് വിദ്യാർഥികൾ അണിനിരന്ന ഉജ്ജ്വല റാലിയോടെ നാലുനാൾ നീണ്ട എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനം സമാപിച്ചു. ക്രിസ്‌ത്യൻ കോളജ് ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച് ബീച്ച് ഫ്രീഡം സ്‌ക്വയറിലെ കെ.വി. സുധീഷ് നഗറിൽ റാലി സമാപിച്ചു.
പ്രതികൂല കാലാവസ്ഥയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ആയിരക്കണക്കിന് വിദ്യാർഥികൾ അണിനിരന്ന റാലി എസ്.എഫ്.ഐയുടെ കരുത്ത് വിളിച്ചോതി. ബാൻഡ് മേളവും കളരിപ്പയറ്റ് ചുവടുകളും ശുഭ്രപതാകകളും വർണാഭമാക്കിയ റാലിയിൽ വിവിധ സംസ്ഥാനങ്ങളിലെ പാട്ടുകളും മുദ്രാവാക്യങ്ങളും മുഴങ്ങി.
തുടർന്ന് നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. രാജ്യത്തിന്റെ നിലനിൽപിനെതന്നെ അപകടപ്പെടുത്തുന്ന നിലപാടുകളുമായി ബി.ജെ.പി സർക്കാർ മുന്നോട്ടുപോകുമ്പോൾ എസ്.എഫ്.ഐക്ക് വലിയ ഉത്തരവാദിത്തം നിർവഹിക്കാനുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പൊതുസമ്മേളനത്തിൽ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം. സജി അധ്യക്ഷതവഹിച്ചു. ജോ. സെക്രട്ടറിമാരായ ഐഷി ഘോഷ്, സത്യേഷ ലെയുവ, മുൻ അഖിലേന്ത്യ പ്രസിഡന്റുമാരായ ആർ. അരുൺകുമാർ, വി.പി. സാനു, മുൻ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, രക്തസാക്ഷി ധീരജിന്റെ പിതാവ് രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
ധീരജിന്റെ മാതാവ് പുഷ്‌കല സംബന്ധിച്ചു. മുഖ്യമന്ത്രിക്കുള്ള ഉപഹാരം സ്വാഗതസംഘം ചെയർമാൻ മന്ത്രി പി.എ. മുഹമ്മദ് റിയാസും ട്രഷറർ എം. മെഹബൂബും ചേർന്ന് സമ്മാനിച്ചു. പുതിയ അഖിലേന്ത്യ ഭാരവാഹികളെ ചടങ്ങിൽ പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ സ്വാഗതവും സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

