ശുഭ്രപതാക ഉയർന്നു; എസ്.എഫ്.ഐ അഖിലേന്ത്യ സമ്മേളനം ഇന്നു മുതൽ
text_fieldsഎസ്.എഫ്.ഐ അഖിലേന്ത്യ സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതുസമ്മേളന നഗരിയായ കോഴിക്കോട് കടപ്പുറത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പതാക ഉയർത്തുന്നു
കോഴിക്കോട്: ആവേശം പെരുമഴയായി പെയ്ത സായാഹ്നത്തിൽ, മുദ്രാവാക്യങ്ങളാൽ പ്രകമ്പനം തീർത്ത അന്തരീക്ഷത്തിൽ നക്ഷത്രാങ്കിത ശുഭ്രപതാക വാനിലേക്കുയർന്നു; നാലു നാൾ നീണ്ടുനിൽക്കുന്ന എസ്.എഫ്.ഐ അഖിലേന്ത്യ സമ്മേളനം വെള്ളിയാഴ്ച മുതൽ കോഴിക്കോട്ട് നടക്കും. പൊതുസമ്മേളന നഗരിയായ കടപ്പുറത്തെ കെ.വി. സുധീഷ് നഗറിൽ പൊതുമരാമത്ത് മന്ത്രിയും സ്വാഗതസംഘം ചെയർമാനുമായ പി.എ. മുഹമ്മദ് റിയാസ് പതാക ഉയർത്തി.
രക്തസാക്ഷി ധീരജ് രാജേന്ദ്രന്റെ സ്മരണകളുറങ്ങുന്ന ഇടുക്കി പൈനാവ് എൻജിനീയറിങ് കോളജിലെ സ്മൃതിമണ്ഡപത്തിൽനിന്നാരംഭിച്ച പതാകജാഥയും മധുരക്കടുത്ത തിരുപറൺകുന്ദ്രം ത്യാഗരാജർ എൻജിനീയറിങ് കോളജിലെ സോമു-സെമ്പു രക്തസാക്ഷി മെമ്മോറിയലിൽനിന്ന് കൊളുത്തിയ ദീപശിഖയും കൂത്തുപറമ്പിലെ കെ.വി. സുധീഷ് രക്തസാക്ഷി കുടീരത്തിൽനിന്ന് പുറപ്പെട്ട കൊടിമര ജാഥയും വൈകീട്ട് അഞ്ചരയോടെ പൊതുസമ്മേളന നഗരിയിൽ സംഗമിച്ചു.
തുടർന്ന് സ്വാഗതസംഘം ട്രഷററും സി.പി.എം ജില്ല സെക്രട്ടറിയുമായ എം. മെഹബൂബ് കൊടിമരം ഏറ്റുവാങ്ങി കടപ്പുറത്ത് സ്ഥാപിച്ചശേഷമായിരുന്നു പതാക ഉയർത്തിയത്. ഈ സമയമത്രയും കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് സമ്മേളനപ്രതിനിധികളും സ്വാഗതസംഘം ഭാരവാഹികളുമുൾപ്പെടെ നൂറുകണക്കിനാളുകൾ കടപ്പുറത്ത് നിലകൊണ്ടു.
പ്രതിനിധി സമ്മേളനം കോഴിക്കോട് ബീച്ചിനടുത്ത് ഫലസ്തീൻ സോളിഡാരിറ്റി നഗറിലെ (ആസ്പിൻവാൾ കോർട്ട്യാർഡ്) സീതാറാം യെച്ചൂരി, നേപ്പാൾദേവ് ഭട്ടാചാര്യ മഞ്ചിൽ വെള്ളിയാഴ്ച രാവിലെ 11ന് മാധ്യമ പ്രവർത്തകൻ ശശികുമാർ, നാടക സംവിധായകനും നടനുമായ എം.കെ. റെയ്ന എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും.
അതിനുമുന്നോടിയായി രാവിലെ 10ന് അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനു പതാക ഉയർത്തും. 29ന് വൈകീട്ട് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതോടെ പ്രതിനിധി സമ്മേളനത്തിന് സമാപനമാകും. 30ന് പകൽ 11ന് കടപ്പുറത്ത് വിദ്യാർഥി റാലിയും പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
517 പ്രതിനിധികളും 198 നിരീക്ഷകരും 77 കേന്ദ്ര കമ്മിറ്റിയംഗങ്ങളും ഉൾപ്പെടെ 792 പേർ സമ്മേളനത്തിൽ പങ്കെടുക്കും. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, എസ്.എഫ്.ഐ പ്രഥമ അഖിലേന്ത്യ സെക്രട്ടറി ബിമൻ ബസു എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

