‘മഹാരാജാസിൽ എസ്എഫ്ഐ പ്രവർത്തകർ പെരുമാറിയത് ക്രിമിനലുകളെ പോലെ’; കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജിൽ ബിരുദദാന ചടങ്ങ് അലങ്കോലപ്പെടുത്തിയ എസ്.എഫ്.ഐ പ്രവർത്തകർ പെരുമാറിയത് ക്രിമിനലുകളെ പോലെയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
ബിരുദദാന ചടങ്ങ് അലങ്കോലപ്പെടുത്തുകയും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെ തടയുകയും ചെയ്ത എസ്എഫ്ഐ നടപടിക്ക് യാതൊരു ന്യായീകരണവുമില്ല. കാമ്പസിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച എസ്എഫ്ഐ പ്രവർത്തകർ ക്രിമിനലുകളെ പോലെയാണ് പെരുമാറിയത്. ജനാധിപത്യ രീതിയിൽ പ്രതിഷേധം അറിയിക്കുന്നതിന് പകരം തനി ഗുണ്ടായിസമാണ് കാട്ടിയത്. കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടേയും എത്രയോ കാലത്തെ സ്വപ്നമാണ് മിനിറ്റുകൾ കൊണ്ട് എസ്എഫ്ഐ അലങ്കോലമാക്കിയത്. വിദ്യാർഥികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം അലങ്കോലപ്പെടുത്തിയതിന് എസ്എഫ്ഐ നേതൃത്വം പൊതു സമൂഹത്തോടും വിദ്യാർഥികളോടും അവരുടെ കുടുംബത്തോടും മാപ്പു പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ബിരുദദാന ചടങ്ങ് അലങ്കോലപ്പെടുത്തിയവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബിരുദദാന ചടങ്ങിനിടെ മന്ത്രി റോജി എം. ജോണിനുനേരെ എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. മന്ത്രി സംസാരിക്കുന്നതിനിടെ തുടർച്ചയായി തടസ്സപ്പെടുത്തിയതിനെ തുടർന്ന് ചടങ്ങ് പൂർത്തിയാക്കാനാവാതെ മന്ത്രി മടങ്ങി. കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ വിഷയത്തിൽ മന്ത്രിയുടെ നിലപാടിനെതിരെയായിരുന്നു പ്രതിഷേധം. എസ്.എഫ്.ഐ പ്രവർത്തകരും കോളജ് യൂനിയൻ ഭാരവാഹികളും ബാനറുകളും പ്ലക്കാർഡുകളുമായി മന്ത്രിയെ വളയുകയായിരുന്നു. സർവകലാശാല അധികൃതരുടെ നടപടികളെ ശരിവെച്ച റോജിക്ക് പ്രതിഷേധം കനത്തതോടെ പ്രസംഗം നിർത്തി മടങ്ങേണ്ടിവന്നു.
കാലടി സംസ്കൃത സർവകലാശാല വിദ്യാർഥികളുടെ സസ്പെൻഷൻ നടപടിയുമായി ബന്ധപ്പെട്ട് സദസ്സിൽനിന്ന് വിദ്യാർഥികൾ മന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ചു. പ്രസംഗശേഷം മറുപടി നൽകാമെന്ന് മന്ത്രി അറിയിച്ചെങ്കിലും വിദ്യാർഥികൾ ചോദ്യം തുടർന്നു. ഇതോടെ സുരക്ഷാ ജീവനക്കാർ ചോദ്യം ചോദിച്ച വിദ്യാർഥിനിയെ നീക്കംചെയ്യാൻ ശ്രമിച്ചതോടെ എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി. ഇറങ്ങിപ്പോയ മന്ത്രിക്കു പിന്നാലെ ചെന്നും പ്രതിഷേധക്കാർ ചോദ്യങ്ങളുന്നയിച്ചു.

