ലൈംഗികപീഡനം: സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം
text_fieldsകോഴിക്കോട്: രണ്ടാമത്തെ ലൈംഗികപീഡന കേസിലും എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം. കോഴിക്കോട് ജില്ല കോടതിയാണ് ജാമ്യം നൽകിയത്.
2020 ഫെബ്രുവരി എട്ടിന് നന്തി കടപ്പുറത്തെ ആളൊഴിഞ്ഞ സ്ഥലത്ത് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിലാണ് സിവിക്കിനെതിരായ രണ്ടാമത്തെ കേസ്. യുവകവയിത്രിയുടെ പരാതിയിലായിരുന്നു ആദ്യകേസ്. രണ്ടുകേസുകളും കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തത്.
പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എസ്. കൃഷ്ണകുമാറാണ് കേസിൽ സിവികിന് ജാമ്യം നൽകിയത്. പരാതിക്കാരിക്കുവേണ്ടി പ്രത്യേക അഭിഭാഷകനായി ഹാജരായ അഡ്വ. പി. രാജീവ് പ്രതിക്കെതിരായ കൂടുതൽ തെളിവുകൾ ഹാജരാക്കിയിരുന്നു. പ്രതിക്കായി അഡ്വ. പി.വി. ഹരി, അഡ്വ. എം. സുഷമ എന്നിവർ ഹാജരായി. സിവിക്കിനെതിരായ ആദ്യ കേസിൽ അറസ്റ്റ് ചെയ്യുകയാണെങ്കിൽ 50,000 രൂപയുടെ രണ്ട് ആൾജാമ്യം അനുവദിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു.