ലൈംഗിക പീഡനക്കേസ്: അന്വേഷണം ഊർജിതം; ഒളിവിൽ തുടർന്ന് രാഹുൽ
text_fieldsതിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ തെളിവുശേഖരണം ഊർജിതമാക്കി അന്വേഷണസംഘം. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച തിരുവനന്തപുരം സെഷൻസ് കോടതി പരിഗണിക്കാനിരിക്കെയാണ് അന്വേഷണം ശക്തമാക്കിയത്.
യുവതി കൈമാറിയ ഡിജിറ്റൽ തെളിവുകളിൽ ശാസ്ത്രീയ പരിശോധന ഉടൻ പൂർത്തിയാക്കും. യുവതിയുടെ ശബ്ദ പരിശോധനയും നടത്തും. പുറത്തുവന്ന സംഭാഷണം പരാതിക്കാരിയുടേതാണോ എന്ന് ഉറപ്പിക്കാനാണ് ശബ്ദ സാമ്പിൾ പരിശോധിക്കുക. യുവതിയുടെ മൊഴി പ്രകാരമുള്ള സ്ഥലങ്ങളിൽനിന്ന് അന്വേഷണ സംഘം തെളിവ് ശേഖരിച്ചു തുടങ്ങി.
എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില് അന്വേഷണ സംഘം യോഗം ചേർന്നു. മുൻകൂർ ജാമ്യാപേക്ഷ അറസ്റ്റിന് തടസ്സമല്ലെന്നാണ് പൊലീസ് വാദം. ഒളിവിലുള്ള രാഹുൽ പാലക്കാട്ട് ഉണ്ടെന്നാണ് നിഗമനം. അതുകൊണ്ടു തന്നെ പാലക്കാട് ജില്ലയിലെ പൊലീസ് സംഘമായിരിക്കും പ്രധാന പരിശോധന നടത്തുക.
കണ്ണൂർ, എറണാകുളം, തൃശൂർ ജില്ലകളിലും പരിശോധന നടത്താൻ എ.ഡി.ജി.പി നിർദേശം നൽകിയിട്ടുണ്ട്. പൊലീസിന്റെ ഒരു സംഘം തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. രാഹുലിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നിരീക്ഷണത്തിലാണ്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിൽ എസ്.ഐ.ടി പരിശോധന; അവസാനമെത്തിയ ദൃശ്യങ്ങൾ ലഭിച്ചു
പാലക്കാട്: ലൈംഗിക പീഡനക്കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ പാലക്കാട്ടെ ഫ്ലാറ്റിൽ തിരുവനത്തപുരത്ത് നിന്നുളള പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ഞായറാഴ്ച പുലർച്ചെയോടെയെത്തിയ സംഘം രണ്ട് തവണ കുന്നത്തൂർമേട്ടിലെ ഫ്ലാറ്റിൽ പരിശോധന നടത്തി. ഒരു മാസത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു. രാഹുൽ അവസാനം ഫ്ലാറ്റിലെത്തിയതുൾപ്പെടെയുള്ള ദൃശ്യങ്ങൾ ലഭിച്ചു.
എന്നാൽ, പരാതിക്കാരി ഫ്ലാറ്റിലെത്തിയ സമയത്തെ ദൃശ്യങ്ങൾ ലഭിച്ചില്ലെന്നാണ് വിവരം. ഫ്ലാറ്റിലുള്ളത് ഒരു മാസത്തെ സി.സി.ടി.വി ബാക്ക് അപാണ്. രാഹുലിന്റെ ഡ്രൈവർ ആൽവിന്റെ മൊഴിയെടുത്തു. ഫ്ലാറ്റിൽ നിന്ന് ഫോണുകൾ കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ച അന്വേഷണസംഘം വീണ്ടുമെത്തി കൂടുതൽ പരിശോധന നടത്തും. കെയർടേക്കറിൽ നിന്നും വിവരങ്ങൾ തേടും. രാഹുലിന്റെ പേഴ്സണൽ സ്റ്റാഫംഗം ഫസലിനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലും പരിശോധന നടത്തും.
ഞായറാഴ്ച രാവിലെ പ്രാഥമിക പരിശോധന പൂർത്തിയാക്കിയ ശേഷം എസ്.ഐ.ടി സംഘം ജില്ല ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി. തുടർന്ന് വീണ്ടും ഫ്ലാറ്റിലെത്തുകയായിരുന്നു. യുവതി നൽകിയ വിവരങ്ങൾ പ്രകാരമാണ് പൊലീസ് സംഘം സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചത്. പാലക്കാട് എ.എസ്.പി രാജേഷ് കുമാറുൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. പരിശോധന പൂർത്തിയാക്കി വൈകീട്ടോടെ അന്വേഷണ സംഘം മടങ്ങി. കഴിഞ്ഞദിവസം രാത്രിയാണ് എസ്.ഐ.ടി സംഘം പാലക്കാട്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

