12കാരനെ അധ്യാപകൻ മദ്യം നല്‍കി പീഡിപ്പിച്ച സംഭവം: എ.ഇ.ഒയുടെ റിപ്പോർട്ടിലും സ്കൂളിനെതിരെ ഗുരുതര കണ്ടെത്തൽ
text_fieldsപാലക്കാട്: മലമ്പുഴയിൽ 12കാരനെ അധ്യാപകൻ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തിൽ എ.ഇ.ഒയുടെ റിപ്പോർട്ടിലും സ്കൂളിനെതിരെ ഗുരുതര കണ്ടെത്തൽ. റിപ്പോർട്ട് ഡി.ഡി.ഇക്ക് കൈമാറി.
യു.പി സ്‌കൂളിലെ സംസ്കൃതം അധ്യാപകൻ കൊല്ലങ്കോട് സ്വദേശി അനിലാണ് പിടിയിലായത്. ആറാം ക്ലാസ് വിദ്യാർഥിയായ 12 വയസുകാരനെയാണ് ഇയാൾ ക്വാർട്ടേഴ്സിൽ എത്തിച്ച് പീഡനത്തിനിരയാക്കിയത്.
താൻ നേരിട്ട പീഡനം വിദ്യാർഥി തന്‍റെ സഹപാഠിയോട് പറയുകയായിരുന്നു. സഹപാഠി ഇക്കാര്യം മാതാപിതാക്കളോട് പറയുകയും മാതാപിതാക്കൾ അന്നേ ദിവസം നവംബര്‍ 18ന് തന്നെ വിവരം സ്കൂൾ അധികൃതരെ അറിയിക്കുകയും ചെയ്തു. എന്നാൽ, സ്കൂൾ അധികൃതർ വിവരം ചൈൽഡ് ലൈനിൽ റിപ്പോർട്ട് ചെയ്തില്ല. പകരം പിറ്റേന്ന് നവംബർ 19ന് അധ്യാപകനിൽനിന്നും രാജി എഴുതിവാങ്ങി.
നടപടികളിലെല്ലാം അധ്യാപകന്‍റെ രാജിക്ക് പിന്നിലെ കാരണം സ്കൂൾ അധികൃതർ മറച്ചുവെച്ചു. പ്രസ്തുത അധ്യാപകൻ മറ്റൊരിടത്തേക്ക് മാറിപ്പോകുന്നതിനാൽ രാജി വെച്ചെന്നാണ് പ്രാധാനാധ്യാപിക എ.ഇ.ഒയെ അറിയിച്ചത്. പിന്നീട് വിവരമറിഞ്ഞ് കുട്ടിയെ സി.ഡബ്ല്യു.സിയിൽ മൊഴിയെടുക്കാൻ ഹാജാരാക്കാൻ ആവശ്യപ്പെട്ടിട്ടും പ്രധാനാധ്യാപികയോ ക്ലാസ് ടീച്ചറോ തയാറായില്ല.
സ്‌പെഷല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. സ്‌പെഷല്‍ ബ്രാഞ്ച് സ്കൂളിലെത്തി വിവരങ്ങൾ തേടി. വിവരം അറിഞ്ഞിട്ടും ദിവസങ്ങളോളം സ്കൂൾ അധികൃതർ മറച്ചുവെച്ചെന്നാണ് സ്‌പെഷല്‍ ബ്രാഞ്ചും റിപ്പോർട്ട് നൽകിയത്.
അധ്യാപകൻ അനിലിനെ മലമ്പുഴ പൊലീസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

