ലൈംഗികാതിക്രമം: മധ്യവയസ്കന് കഠിന തടവും പിഴയും
text_fieldsചാലക്കുടി: പെൺകുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച മധ്യവയസ്കന് കഠിന തടവും പിഴയും. വിവിധ വകുപ്പുകളിലായി 19 വർഷം കഠിന തടവും 1.60 ലക്ഷം രൂപ പിഴയുമാണ് ചുമത്തിയത്.
പിഴ ഒടുക്കിയില്ലെങ്കിൽ 10 മാസം അധികതടവ് അനുഭവിക്കണം. ചാലക്കുടി അതിവേഗ പ്രത്യേക പോക്സോ കോടതി ജില്ല ജഡ്ജി ഡോണി തോമസ് വർഗീസാണ് പ്രതിയെ ശിക്ഷിച്ചത്.
2016ലാണ് കേസിനാസ്പദമായ സംഭവം. പഠനത്തിൽ മികവ് കാട്ടിയിരുന്ന അതിജീവിത 2022ൽ പഠനത്തിൽ താൽപര്യക്കുറവ് കാണിച്ചതിനെ തുടർന്ന് കൗൺസിലിങ്ങിന് വിധേയയായതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. പിഴത്തുക അതിജീവിതക്ക് നൽകാൻ കോടതി നിർദേശിച്ചു. അതിജീവിതയുടെ പുനരധിവാസത്തിന് മതിയായ തുക നൽകാൻ ജില്ല നിയമ സഹായ അതോറിറ്റിയെ ചുമതലപ്പെടുത്തി.
ഇരിങ്ങാലക്കുട എസ്.ഐ ആയിരുന്ന വി. ജിഷിൽ, വനിത സി.പി.ഒ സിദീജ എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ടി. ബാബുരാജ് ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ സീനിയർ സി.പി.ഒ എ.എച്ച്. സുനിത ഏകോപിപ്പിച്ചു.

