വീട്ടമ്മയോട് ലൈംഗികാതിക്രമം; ഒരാള്‍ അറസ്റ്റില്‍
text_fieldsകോട്ടയം: ഏറ്റുമാനൂരിൽ വീട്ടമ്മയുടെ നേർക്ക് ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ ഓണംതുരുത്ത് പ്രാവട്ടം കളത്തിൽപറമ്പിൽ മുത്തുപ്പട്ടർ എന്ന അനിൽകുമാറിനെയാണ് (35) ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
വീട്ടമ്മയുടെ പരാതിയെത്തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. അന്വേഷിച്ചുചെന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേരെ വധഭീഷണി മുഴക്കി, പട്ടികകൊണ്ട് ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു.
ഇയാളുടെ ആക്രമണത്തിൽ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റു. പ്രതി ഏറ്റുമാനൂർ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റില്‍ ഉൾപ്പെട്ടയാളാണ്. ഗാന്ധിനഗർ സ്റ്റേഷനിൽ മോഷണക്കേസും ഏറ്റുമാനൂർ സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളും നിലവിലുണ്ട്.
ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ സി.ആര്‍. രാജേഷ് കുമാർ, എസ്.ഐ വി.എൻ. ഭരതൻ, എ.എസ്.ഐ സിനോയ് മോൻ തോമസ്, സി.പി.ഒമാരായ ഡെന്നി പി. ജോയ്, രാകേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

