മാളിൽ നടികൾക്കുനേരെ ലൈംഗികാതിക്രമം: അന്വേഷണം തുടങ്ങി
text_fieldsകോഴിക്കോട്: മാളിൽ സിനിമ പ്രമോഷനെത്തിയ രണ്ട് നടികൾക്കെതിരായ ലൈംഗികാതിക്രമത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച വൈകീട്ട് ബൈപാസിലെ മാളിൽ സിനിമ പ്രമോഷൻ കഴിഞ്ഞ് മടങ്ങവേയായിരുന്നു സംഭവം. തങ്ങൾ ആക്രമിക്കപ്പെട്ട വിവരം നടികൾ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. അക്രമിക്കപ്പെട്ട നടികളിലൊരാൾ അക്രമിയെ തല്ലുന്ന ദൃശ്യവും സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. സിനിമയുടെ നിർമാതാവും നടികളിലൊരാളും പിന്നീട് ഇ-മെയിൽ വഴി പരാതി അയച്ചതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
മാളിലെത്തിയ പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. മാത്രമല്ല, ഇതിനകം പുറത്തുവന്ന മൊബൈൽ ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. പന്തീരാങ്കാവ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഗണേഷ് കുമാറിന്റെ നേതൃത്വത്തിലാണ് സി.സി ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചത്. നടികളെ അക്രമിച്ചവരിൽ ഒരാളുടെ ദൃശ്യം ലഭിച്ചെന്നാണ് വിവരം. മാത്രമല്ല, രണ്ട് നടികളുടെയും മൊഴി രേഖപ്പെടുത്താൻ അന്വേഷണസംഘം ഇവരുള്ള കണ്ണൂരിലേക്കും എറണാകുളത്തേക്കും പോയിട്ടുണ്ട്. വനിത പൊലീസുകാരടങ്ങുന്ന സംഘം മൊഴി രേഖപ്പെടുത്തി തിരിച്ചെത്തിയാലുടൻ കേസ് രജിസ്റ്റർ ചെയ്യും.
അതേസമയം അന്വേഷണത്തിനായി ഡെപ്യൂട്ടി പൊലീസ് കമീഷണർ ഡോ. എ. ശ്രീനിവാസിന്റെ മേൽനോട്ടത്തിൽ ഫറോക്ക് അസി. കമീഷണർ സിദ്ദീഖ് തലവനായി പ്രത്യേക സംഘം രൂപവത്കരിച്ചു. സിനിമയുടെ മറ്റ് പിന്നണി പ്രവർത്തകരുടെ മൊഴിയും രേഖപ്പെടുത്തുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

