ലൈംഗികാതിക്രമ കേസ്: മുൻകൂർ ജാമ്യം തേടി പി.ടി കുഞ്ഞുമുഹമ്മദ്
text_fieldsതിരുവനന്തപുരം: മുൻ എം.എൽ.എയും സംവിധായകനുമായ പി.ടി കുഞ്ഞുമുഹമ്മദ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയിലെത്തി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയിരിക്കുന്നത്. ലൈംഗികാതിക്രമ പരാതിയിൽ സംവിധായകനെതിരെ സംവിധായിക പരാതി നൽകിയിരുന്നു. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരുന്നത്.
സ്ത്രീക്കെതിരായ ശാരീരികാക്രമണം, ലൈംഗിക ഉദ്ദേശത്തോടെയുള്ള ശാരീരിക സമ്പർക്കം, ലൈംഗിക പരാമർശങ്ങൾ നടത്തുക എന്നീ വകുപ്പുകളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്.അന്വേഷണ പുരോഗതിയെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകി.
സംവിധായികയുടെ രഹസ്യമൊഴി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വരും ദിവസങ്ങളിൽ രേഖപ്പെടുത്താനിരിക്കുകയാണ്. പരാതിക്കാരിക്ക് സൗകര്യമുള്ള ദിവസം മൊഴി രേഖപ്പെടുത്താമെന്ന് കോടതി നിർദേശം നൽകിയിട്ടുണ്ട്.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നതു വരെ അറസ്റ്റ് ചെയ്യേണ്ടെന്നാണ് പൊലീസിന്‍റെ തീരുമാനം. പരാതി ലഭിച്ചതിന് ശേഷം പൊലീസ് ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. പരാതിയിൽ പറയുന്ന സമയത്ത് ഇരുവരും ഹോട്ടലിലുണ്ടായിരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്.
ഐ.എഫ്.എഫ്.കെ ജൂറി ചെയർമാനായിരുന്നു പി.ടി കുഞ്ഞുമുഹമ്മദ്. സ്‌ക്രീനിങ്ങിനിടെ സംവിധായകയോട് കുഞ്ഞു മുഹമ്മദ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. തിരുവനന്തപുരത്ത് നടന്ന ഐ.എഫ്.എഫ്.കെ സ്‌ക്രീനിങ്ങിന്റെ ഭാഗമായി പരാതിക്കാരിയും പി.ടി കുഞ്ഞു മുഹമ്മദും ഒരേ ഹോട്ടലിലാണ് താമസിച്ചിരുന്നത്. സിനിമയുടെ കാര്യം പറയാനെന്ന വ്യാജേന മുറിയിലേക്ക് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നാണ് സംവിധായകയുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

