ലൈംഗിക ആരോപണം: കടകംപള്ളി സുരേന്ദ്രനെതിരെ അന്വേഷണമില്ലെന്ന് പൊലീസ്; പരാതിക്കാരി നേരിട്ട് പരാതി നൽകണം
text_fieldsകടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: മന്ത്രിയായിരുന്ന കാലത്ത് കടകംപള്ളി സുരേന്ദ്രൻ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഡി.ജി.പിക്ക് ലഭിച്ച പരാതി അന്വേഷണത്തിന് വിടില്ല. പരാതിക്കാരി നേരിട്ട് പരാതി നൽകാതെ കേസെടുക്കാൻ കഴിയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസും കടകംപള്ളിയുടെ കേസും തമ്മിൽ താരതമ്യം ചെയ്യാനാവില്ലെന്നും പൊലീസ് പറയുന്നു. കോണ്‍ഗ്രസ് പ്രാദേശിക നേതാവും പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ എം. മുനീറാണ് കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നൽകിയത്.
2016 മുതൽ 2021 വരെ മന്ത്രിയായിരുന്ന കടകംപള്ളിക്കെതിരെ യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥയും ഐ.ടി വകുപ്പിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നതുമായ യുവതി മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
കടകംപള്ളി സുരേന്ദ്രന്‍റെ ഭാഗത്തുനിന്ന് മോശമായ സംഭാഷണവും ലൈംഗിക ദുരുദ്ദേശത്തോടുകൂടിയുള്ള പെരുമാറ്റവും ഉണ്ടായെന്നായിരുന്നു സ്വർണക്കടത്ത് കേസിൽ പ്രതി കൂടിയായ യുവതിയുടെ വെളിപ്പെടുത്തല്‍.
ഒരുസമ്മേളനത്തിൽ വെച്ച് ഫോട്ടോ എടുക്കുന്ന സമയം തന്റെ അനുവാദമില്ലാതെ കടകംപള്ളി സുരേന്ദ്രൻ തോളിൽ കൈയിട്ടുവെന്നും അത് ഇഷ്ടപ്പെടാതെ കൈതട്ടി മാറ്റിയെന്നും യുവതി പറഞ്ഞിരുന്നു. പല ദിവസങ്ങളിലും ഫോണിൽ ലൈംഗിക ചുവയോടെ സന്ദേശം അയക്കുമായിരുന്നുവെന്നും അവർ അന്ന് വെളിപ്പെടുത്തി.
കടകംപള്ളിയുടെ പ്രവര്‍ത്തി ആ കാലയളവിലെ ഇന്ത്യന്‍ ശിക്ഷാനിയമം 354, 354 എ, 354 ഡി, 509 വകുപ്പുകള്‍ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. നടപടി പ്രഥമദൃഷ്ടിയില്‍ കുറ്റകരമാണെന്നിരിക്കെ പൊലീസ് നിയമനടപടി സ്വീകരിക്കാതിരുന്നതും പരാതിയില്‍ ചൂണ്ടിക്കാട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്തും കടകംപള്ളിയുടേതെന്ന തരത്തില്‍ അശ്ലീലച്ചുവയോടെ സ്ത്രീകളോട് സംസാരിക്കുന്ന ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു. മന്ത്രിയായിരുന്ന സമയത്ത് ഓഫിസിലെത്തുന്ന സ്ത്രീകളുടെ ഫോണ്‍നമ്പറുകള്‍ കൈക്കലാക്കി, പിന്നീട് മോശംരീതിയില്‍ അവരെ സമീപിച്ചിരുന്നുവെന്നും ഈ ആരോപണങ്ങളിൽ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും എം. മുനീര്‍ പരാതിയില്‍ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

