മലിനജല പ്ലാന്റ് നിർമാണം: കോതിയിൽ വീണ്ടും സംഘർഷം, അറസ്റ്റ്; പൊലീസ് നടപടിക്കിടെ യുവാവിന്റെ പല്ലുപോയി
text_fieldsമലിനജല സംസ്കരണ പ്ലാന്റ് നിർമാണത്തിനെതിരെ നടത്തിയ പ്രതിഷേധത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെ സമരക്കാരിലൊരാളെ ബലമായി അറസ്റ്റ് ചെയ്ത് നീക്കാനുള്ള അസി. കമീഷണർ പി. ബിജുരാജിന്റെ ശ്രമം (ചിത്രം: പി. അഭിജിത്ത്)
കോഴിക്കോട്: അമൃത് പദ്ധതിയിൽ കോഴിക്കോട് കോർപറേഷൻ നടപ്പാക്കുന്ന മലിനജല സംസ്കരണ പ്ലാന്റിനായുള്ള ചുറ്റുമതിൽ നിർമാണം പുരോഗമിക്കവെ പദ്ധതിപ്രദേശമായ കോതി പള്ളിക്കണ്ടി അഴീക്കൽ റോഡിൽ വീണ്ടും സംഘർഷം. വെള്ളിയാഴ്ച ജനകീയ ഹർത്താലിൽ നിർത്തിവെച്ച നിർമാണം ശനിയാഴ്ച പുനരാരംഭിച്ചതോടെയാണ് സംഘർഷമുണ്ടായത്.
പൊലീസ് കാരണമില്ലാതെ മർദിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്തതായി ജനകീയ പ്രതിരോധസമിതി നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ മുഹമ്മദ് സജൽ, എം.പി. ഉമ്മർ, അറഫാത്ത്, ബാബു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഈ രീതിയിൽ പൊലീസ് പ്രതികരിച്ചാൽ ശക്തമായ പ്രതിഷേധമുയർത്തുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
ശനിയാഴ്ച രാവിലെ 11.30ഓടെ കെ.പി.സി.സി വെസ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എ പദ്ധതിപ്രദേശം സന്ദർശിച്ച് സമരത്തിന് പിന്തുണ അറിയിച്ചതോടെ പ്രദേശവാസികൾ നിർമാണം നടത്തുന്ന തൊഴിലാളികളോട് പണിനിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് സംഘർഷം ശക്തമായത്. തുടർന്ന് സംഘടിച്ചെത്തിയ നാട്ടുകാർ പ്ലാന്റിന്റെ ചുറ്റുമതിൽ നിർമിക്കുന്ന തൊഴിലാളികളെ തടഞ്ഞു. ഇതോടെ ഉന്തും തള്ളുമുണ്ടായി.
എം.എൽ.എ മടങ്ങിയിട്ടും സംഘർഷാവസ്ഥ കുറഞ്ഞില്ല. ഇതിനിടെ പ്രതിഷേധിക്കാനിറങ്ങിയവരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. റോഡിലേക്ക് സംഘടിച്ചെത്തിയവരിൽ ഒരാളെ പൊലീസ് മർദിച്ചു. ഇതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘം പൊലീസിനുനേരെ തിരിഞ്ഞു. അതിനിടെ അഞ്ചുപേരെ പൊലീസ് വാഹനത്തിൽ ബലമായി കയറ്റിക്കൊണ്ടുപോയി.
പൊലീസ് നടപടിക്കിടെ യുവാവിന്റെ പല്ലുപോയി. അസി. കമീഷണർ പി. ബിജുരാജ് അടക്കം ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ സന്നാഹമാണ് കോതി മേഖലയിലെത്തിയത്. സ്ത്രീകളെയും കുട്ടികളെയും നിയന്ത്രിക്കാൻ വനിത പൊലീസും എത്തി. ജനവാസമേഖലയിൽ ഒരുവിധത്തിലും പ്ലാന്റ് അനുവദിക്കില്ലെന്ന് പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു.
ജനങ്ങൾക്ക് ആവശ്യമില്ലാത്ത പ്ലാന്റിനെതിരെ സമാധാനപരമായി സമരം ചെയ്യുന്നവരെ പൊലീസ് അടിച്ചമർത്തുകയാണെന്നും ഗുണ്ടാവിളയാട്ടമാണ് നടക്കുന്നതെന്നും ജനകീയ പ്രതിരോധസമിതി ചെയർമാൻ ഫൈസൽ പള്ളിക്കണ്ടി ആരോപിച്ചു. പദ്ധതിപ്രദേശത്തിട്ട കരിങ്കല്ലുകൾ ഇളക്കിമാറ്റിയെന്നും പദ്ധതി ഉപേക്ഷിക്കുംവരെ സമരം ശക്തമാക്കുമെന്നും സമരക്കാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

