കോട്ടയത്ത് വിവിധ ഭാഗങ്ങളിൽ അപകടം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്
text_fieldsകാറുകൾ കൂട്ടിയിടിച്ച് ഒമ്പതുപേർക്ക് പരിക്ക്
എരുമേലി: കാറുകൾ കൂട്ടിയിടിച്ച് ശബരിമല തീർഥാടകരടക്കം ഒമ്പതു പേർക്ക് പരിക്കേറ്റു. പമ്പയിലേക്ക് പോകുകയായിരുന്ന മലപ്പുറം സ്വദേശികൾ സഞ്ചരിച്ച തീർഥാടക വാഹനം എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം.
പമ്പ പാതയിൽ അപകടത്തിൽപെട്ട കാറുകൾ
മലപ്പുറം സ്വദേശികളായ പ്രയാഗ് നാരായണൻ (12), സുധ കീർത്തി (ഏഴ്), ശ്രീഗൗരി (ഒമ്പത്), സീത രാം (14), എരുമേലി എയ്ഞ്ചൽവാലി സ്വദേശികളായ വെള്ളാപ്പള്ളിയിൽ വി.ജി. ജോസഫ് (52), ഉഷ ജോസഫ് (50), മിനി രാജേന്ദ്രൻ (48), രമ്യ (24), കാർ ഡ്രൈവർ തുലാപ്പള്ളി സ്വദേശി തോട്ടത്തിൽ സജി (45) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഞായറാഴ്ച വൈകീട്ട് 6.30 യോടെ പമ്പ പാതയിൽ മുട്ടപ്പള്ളിക്ക് സമീപമാണ് അപകടം.
നിയന്ത്രണം വിട്ട് തടിലോറി മറിഞ്ഞു
എരുമേലി: തടി ലോറി നിയന്ത്രണംവിട്ട് പറമ്പിലേക്ക് മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന തൊഴിലാളികളടക്കം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മുക്കൂട്ടുതറക്ക് കെ.ഒ.ടി റോഡിൽ മന്ദിരംപടിക്കു സമീപം കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയാണ് സംഭവം.
മന്ദിരംപടിക്കു സമീപം അപകടത്തിൽപ്പെട്ട ലോറി
ഇറക്കത്തിൽ റോഡിന്റെ ഒരുഭാഗത്ത് കിടന്ന മെറ്റൽ ഒഴിവാക്കി ലോറി മുന്നോട്ട് എടുത്തപ്പോൾ റോഡിന്‍റെ സംരക്ഷണഭിത്തി തകർന്ന് സമീപത്തെ പറമ്പിലേക്ക് തലകീഴായി മറിയുകയായിരുന്നു.
തീർഥാടക വാഹനം തിട്ടയിലിടിച്ച് ഒരാൾക്ക് പരിക്ക്
ചാമംപതാൽ: കൊടുങ്ങൂർ-മണിമല റോഡിൽ ചാമംപതാലിൽ നിയന്ത്രണംവിട്ട കാർ തിട്ടയിലിടിച്ച് ശബരിമല തീർഥാടകക്ക് പരിക്ക്. കുറവിലങ്ങാട് വയല സ്വദേശിനി ഗിരിജക്കാണ് (64) പരിക്കേറ്റത്.
കൊടുങ്ങൂർ-മണിമല റോഡിൽ ചാമംപതാലിൽ കാർ തിട്ടയിലിടിച്ചുണ്ടായ അപകടം
ചാമംപതാൽ പമ്പിന് സമീപം ഞായറാഴ്ച പുലർച്ച ഒരുമണിയോടെയാണ് അപകടം. വാഹനത്തിൽ കുട്ടികൾ ഉൾപ്പെടെ എട്ടുപേർ ഉണ്ടായിരുന്നു. പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലാ- പൊൻകുന്നം റോഡിൽ എലിക്കുളം ബാങ്ക് പടിക്ക് സമീപം തലകീഴായി മറിഞ്ഞ കാർ. അപകടത്തിൽ ഒരാൾ മരിച്ചു
ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
കാഞ്ഞിരപ്പള്ളി: എരുമേലി പാതയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ഞായറാഴ്ച ഉച്ചക്ക് ഒന്നിന് പട്ടിമറ്റം ഒന്നാം മൈലിലാണ് അപകടം. പാലമ്പ്ര കൊച്ചുതറയിൽ സനൽകുമാറിനാണ് (46) ഗുരുതര പരിക്കേറ്റത്. ഇയാളെ കോട്ടയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

