ആനകൾ വിരണ്ടോടി; നിരവധി പേർക്ക് പരിക്ക്
text_fieldsതൃശൂർ പൂരത്തിന്റെ രാത്രി എഴുന്നള്ളിപ്പിനിടെ ആന ഓടിയപ്പോൾ
തൃശൂർ: ചൊവ്വാഴ്ച രാത്രി പൂരത്തിനിടെ നഗരത്തിൽ രണ്ട് ആനകൾ വിരണ്ടോടി. ഒരു ആനയെ ഉടൻ തളച്ചു. ആന ഓടുന്നതു കണ്ട് പരിഭ്രമിച്ച് തലങ്ങും വിലങ്ങും ഓടിയവരുടെ തിരക്കിൽപ്പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
തിരുവമ്പാടിയുടെ രാത്രി പൂരം എഴുന്നള്ളിപ്പ് സി.എം.എസ് സ്കൂളിന് മുന്നിലെത്തിയപ്പോൾ ‘ഊട്ടോളി രാമൻ’ എന്ന ആനയാണ് ഓടിയത്. ഇതുകണ്ട് കൂട്ടാന ‘വട്ടപ്പൻകാവ് മണികണ്ഠ’നും ഓടി. മണികണ്ഠനെ അവിടെ വെച്ചുതന്നെ തളച്ചു.
ഊട്ടോളി രാമൻ എം.ജി റോഡിൽനിന്ന് പാണ്ഡിസമൂഹ മഠം റോഡിലേക്ക് പ്രവേശിച്ചു. ആനപ്പുറത്തുള്ള മൂന്നുപേർ ഒന്നും ചെയ്യാനാകാതെ അള്ളിപ്പിടിച്ചിരുന്നു. ആന ഓടുന്നതുകണ്ട് പല വഴിക്ക് ഓടിയവർക്കാണ് വീണും ചവിട്ടേറ്റും മറ്റും പരിക്കേറ്റത്. 41 പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക വിശദീകരണം. ഇതിൽ അഞ്ചുപേരെ മെഡിക്കൽ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ ജില്ല ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 15 മിനിറ്റിന് ശേഷം ആനയെ തളച്ച് പുറത്തുള്ളവരെ താഴെയിറക്കി.
തിരുവമ്പാടിയുടെ വെടിക്കെട്ട് തുടങ്ങുന്നതിനുള്ള ഒരുക്കം പുരോഗമിക്കുന്നതിനിടക്കാണ് ‘ആനയോട്ടം’. വെടിക്കെട്ടിന്റെ സമയം ആകുന്നതും കാത്ത് നിരവധി പേർ വഴിയരികിലും മറ്റും കിടന്നുറങ്ങിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.