അട്ടപ്പാടി മധു വധക്കേസിൽ 13 പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്
text_fieldsമണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ 13 പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്. പതിനാറാം പ്രതിക്ക് മൂന്നു മാസം തടവും 500 രൂപ പിഴയും വിധിച്ചു. പാലക്കാട് ജില്ല പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ജഡ്ജി കെ.എം. രതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.
പതിനാറാം പ്രതി മുനീറിന് മൂന്നു മാസം തടവും 500 രൂപ പിഴയുമാണ് കോടതി വിധിച്ചത്. തടവ് വിചാരണ കാലയളവിൽ അനുഭവിച്ചത് കൊണ്ട് മുനീർ പിഴ അടച്ചാൽ മാത്രം മതി. ഒന്നാം പ്രതി ഹുസൈന് കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. മറ്റ് 12 പ്രതികൾക്ക് 1,18,000 രൂപയും പിഴ വിധിച്ചു. പിഴത്തുക പകുതി മധുവിന്‍റെ അമ്മക്ക് കൈമാറണം.
വിവിധ വകുപ്പുകൾ പ്രകാരം ചുമത്തിയ ശിക്ഷ പ്രതികൾ ഒന്നിച്ച് അനുഭവിച്ചാൽ മതി. പ്രതികളെ തവനൂർ ജയിലിലേക്ക് മാറ്റും. കൂറുമാറിയ 24 സാക്ഷികൾക്കെതിരെ നടപടിക്ക് കോടതി നിർദേശം നൽകി. ഹൈകോടതി സ്റ്റേ നീങ്ങിയാൽ തുടർനടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ശംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.
മനഃപൂർവമല്ലാത്ത നരഹത്യ, തട്ടിക്കൊണ്ടുപോകൽ, ഗുരുതരമായി ആക്രമിച്ച് പരിക്കേൽപ്പിക്കൽ, അന്യായമായി കുറ്റകൃത്യം ചെയ്യാൻ സംഘം ചേരുക, പട്ടികജാതി -പട്ടികവർഗത്തിൽ പെട്ടയാളെ നഗ്നനായോ അർധനഗ്നനായോ പരേഡ് നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതികൾക്കെതിരെ കോടതി ചുമത്തിയത്.
ഒന്നാം പ്രതി ഹുസൈൻ ഐ.പി.സി 143, 147, 323, 342, 304(II), 149 വകുപ്പുകളും മറ്റ് പ്രതികൾക്കെതിരെ ഐ.പി.സി 143, 147, 323, 324, 326, 367, 304 (II), 149 എസ്.സി, എസ്.ടി നിയമം 3 (1)(ഡി) പ്രകാരവും പതിനാറാം പ്രതി മുനീർ ഐ.പി.സി 352 പ്രകാരവുമാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൽ കരീം എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടിരുന്നു.
ഒന്നാം പ്രതി ഹുസൈനെതിരെ പട്ടികജാതി - പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരമുള്ള കുറ്റവും തട്ടിക്കൊണ്ടുപോകൽ, മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങളും പ്രോസിക്യൂഷന് തെളിയിക്കാനായില്ല. പ്രതികളിൽ ആർക്കെതിരെയും പൊലീസും പ്രോസിക്യൂഷനും ആരോപിച്ച 302 വകുപ്പ് പ്രകാരമുള്ള കൊലകുറ്റവും തെളിയിക്കാനായില്ല. കൂടാതെ പ്രതികൾക്കെതിരെ കുറ്റപത്രത്തിൽ ആരോപിച്ച എസ്.സി - എസ്.ടി നിയമത്തിലെ 3(2)(V) വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യവും ഐ.പി.സി 362, 368, 365, 148, 294 (ബി), 352 വകുപ്പുകളും തെളിയിക്കാനായില്ല.
പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും നിസ്സഹായനായ ആദിവാസി യുവാവിനെ മനുഷ്യത്വരഹിതമായി ആൾക്കൂട്ട ആക്രമണത്തിന് വിധേയമാക്കി കൊലപ്പെടുത്തിയ കേസാണിതെന്നും പ്രതികൾ ആനുകൂല്യം അർഹിക്കുന്നില്ലെന്നും സ്പെഷൽ പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ വാദിച്ചു. എന്നാൽ, മധുവിനെ മനഃപൂർവം കൊല്ലണമെന്ന് പ്രതികൾക്ക് ഉദ്ദേശ്യമുള്ളതായി തെളിയിക്കാനുള്ള തെളിവുകളൊന്നും ഇല്ലെന്നും മധുവിന് പഴവും വെള്ളവുമുൾപ്പെടെ കൊടുക്കുന്ന ദൃശ്യങ്ങൾ കണ്ടെന്നും കോടതി പറഞ്ഞിരുന്നു.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടക്കി ആദിവാസി ഊരിലെ മല്ലന്റേയും മല്ലിയുടേയും മകൻ മധു (34) ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. തുടർന്ന് അഗളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മർദനത്തെ തുടർന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്.
ഫെബ്രുവരി 25ന് കേസിലെ മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്തു. മേയ് 23ന് അഗളി മുൻ ഡിവൈ.എസ്.പി ടി.കെ. സുബ്രഹ്മണ്യൻ മണ്ണാർക്കാട് പട്ടികജാതി/ പട്ടികവർഗ പ്രത്യേക കോടതിയിൽ കുറ്റപ്പത്രം സമർപ്പിച്ചു. തുടർന്ന് ഹൈകോടതി പ്രതികൾക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം നൽകി.
ഏപ്രിൽ 28ന് പ്രോസിക്യൂഷൻ സാക്ഷി വിസ്താരം തുടങ്ങി. സാക്ഷികളിൽ രണ്ടു പേർ കൂറുമാറിയതോടെ, കേസിൽ തോറ്റുപോകാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂട്ടറെ മാറ്റണമെന്നും മധുവിന്‍റെ അമ്മ ആവശ്യപ്പെട്ടു. ഇതേതുടർന്ന് സി. രാജേന്ദ്രൻ രാജിവെച്ചു. അഡീഷനൽ പ്രോസിക്യൂട്ടറായിരുന്ന രാജേഷ് എം. മേനോനെ പ്രോസിക്യൂട്ടറായി നിയമിച്ചു. തുടർ കൂറുമാറ്റങ്ങൾക്കിടെ വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പിലാക്കിയിട്ടും കൂറുമാറ്റം തുടർന്നു.
വിസ്താരത്തിനിടെ കൂറുമാറിയ പന്ത്രണ്ടാം സാക്ഷി മുക്കാലി സ്വദേശി അനിൽകുമാർ പൊലീസ് ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞു കോടതിയിൽ ഓടിക്കയറുന്ന സംഭവമുണ്ടായി. ഇതിന് പിന്നാലെ 2 പ്രതികളുടെ മുൻകൂർ ജാമ്യം വിചാരണ കോടതി റദ്ദാക്കി. ഇതിനിടെ കൂറുമാറിയ 19-ാം സാക്ഷി കക്കി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. കൂടാതെ, മധു ആൾക്കൂട്ട ആക്രമണത്തിന് ഇരയായെന്ന് മജിസ്റ്റീരിയൽ റിപ്പോർട്ടും പുറത്തുവന്നു.
അതേസമയം, മധുവിന്‍റെ അമ്മ മല്ലിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും പണം വാഗ്ദാനം ചെയ്തെന്നുമുള്ള കേസിൽ ചങ്ങലീരി പറമ്പിൽപീടിക അബ്ബാസ്, ബന്ധു ശഹീൻ എന്നിവരെ അറസ്റ്റ് ചെയ്തു. 2023 ഫെബ്രുവരി 11ന് അന്തിമ വാദം തുടങ്ങുകയും മാർച്ച് 10ന് അന്തിമവാദം പൂർത്തിയാകുകയും ചെയ്തു. ഏപ്രിൽ നാലിന് കേസിലെ 14 പ്രതികൾ കുറ്റകാരാണെന്ന് വിചാരണ കോടതി കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

