കൊയിലാണ്ടി: സുഹൃത്തിന്റെ കൈയിൽ നിന്നു പണം വാങ്ങാൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ ഗൃഹനാഥനെ കാണാതായിട്ട് ഏഴു വർഷം.2015 ജനുവരി ഏഴിനാണ് കുറുവങ്ങാട് സെൻട്രൽ ശേഖ മൻസി ൽ അബ്ദുൾ അസീസ് തനിക്കു കിട്ടാനുള്ള ലക്ഷം രൂപ കൈപറ്റാൻ രാത്രി ഒമ്പതു മണിയോടെ മൂടാടിയിലേക്ക് ഇരുചക്രവാഹനത്തിൽ പോയത്. രാത്രി പത്തു മണിയോടെ വീട്ടിൽ നിന്നു വിളിച്ചപ്പോൾ കുറച്ചു വൈകുമെന്നായിരുന്നു മറുപടി. പക്ഷേ പിന്നീട് വിവരമൊന്നുമുണ്ടായില്ല. ആഴ്ച കഴിഞ്ഞപ്പോൾ അബ്ദുൾ അസീസ് യാത്ര ചെയ്ത ഇരുചക്രവാഹനം വെങ്ങളം റെയിൽവേ മേൽപ്പാലത്തിനു ചുവട്ടിൽ നിന്നു ലഭിച്ചു. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. ഇതേ തുടർന്നു ഹൈക്കോടതിയെ സമീപിച്ചു.
കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. അന്വേഷണം സി.ബി.ഐ ക്കു കൈമാറണമെന്നാണ് വീട്ടുകാരുടെ ആവശ്യം. ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽ 20 വർഷത്തോളം ജോലി ചെയ്ത ശേഷം 2012-ൽ ആണ് ഗൾഫ് വിട്ടു പോന്നത്. കുറച്ചു കാലം ജീപ്പ് ഡ്രൈവറായി ജോലി ചെയ്തു. പിന്നീട് സ്റ്റേഷനറി കട തുടങ്ങി. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ലുങ്കിയും ഷർട്ടുമായിരുന്നു വേഷം. ഭാര്യയും മൂന്നു മക്കളുമടങ്ങുന്നതാണ് കുടുംബം. വളരെ സന്തോഷകരമായ കുടുംബാന്തരീക്ഷമായിരുന്നെന്ന് ഭാര്യ ആയിഷാബി മാധ്യമത്തോടു പറഞ്ഞു.