ആട് ഇടിച്ചല്ല പരിക്കേറ്റത്, യുവതിയുടെ മരണം കൊലപാതകം തന്നെ; ഭർത്താവ് അറസ്റ്റിൽ
text_fieldsകൊല്ലപ്പെട്ട ആശ, അറസ്റ്റിലായ ഭർത്താവ് അരുൺ
ഓയൂർ: യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിലായി. ഓടനാവട്ടം വാപ്പാല പള്ളി മേലതിൽ വീട്ടിൽ അരുണിനെ (36) ആണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം നാലിനാണ് അരുണിെൻറ ഭാര്യ ആശ മരിച്ചത്.
പൊലീസ് പറയുന്നത്: ഒക്ടോബർ 31ന് രാത്രി അരുൺ ആശയുമായി വഴക്കിട്ടു. സംഘർഷത്തിനിടെ ആശയുടെ വയറ്റിൽ ചവിട്ടേറ്റു. തുടർന്ന് ഈ മാസം രണ്ടിന് കൊട്ടാരക്കര ആശുപത്രിയിൽ ആശയെ വീട്ടുകാർ എത്തിച്ചു. ജില്ല ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു.
ആശ ഡോക്ടർക്ക് നൽകിയ മരണമൊഴിയിൽ വീടിന് പിന്നിലെ പാറയുടെ മുകളിൽനിന്ന് ആട് ഇടിച്ചിട്ടാണ് പരിക്കേറ്റതെന്നാണ് പറഞ്ഞത്. മക്കളായ ഒമ്പത് വയസ്സുള്ള അൽബാനെയും ഏഴ് വയസ്സുള്ള അലനെയും മാതാവ് എൻസിദാസിനെയും കൊണ്ട് അരുൺ ഭീഷണിപ്പെടുത്തി പാറയുടെ മുകളിൽനിന്ന് വീണതാണെന്ന് പൊലീസിന് മൊഴിയും കൊടുത്തു.
പിന്നീട് പൊലീസിെൻറ അന്വേഷണത്തിലാണ് സംശയമുയർന്നത്. വീടിന് പിൻഭാഗത്തെ പാറമുകളിലും പൊലീസ് പരിശോധന നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നപ്പോൾ മരണകാരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
അരുണിനെ പൊലീസ് വിശദമായി ചോദ്യംചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്. മരം മുറി ജോലിക്കാരനായ ഇയാൾ എന്നും മദ്യപിച്ചെത്തി ഭാര്യയെ തല്ലുന്നത് പതിവാണ്. ഭാര്യയുടെ ശരീരത്തിൽ ഏഴ് മുറിവുകളാണ് ഡോക്ടർ കണ്ടെത്തിയത്. എസ്.പിയുടെ നിർദേശപ്രകാരം ഡിവൈ.എസ്.പി നസീറിെൻറ നേതൃത്വത്തിൽ സി.ഐ വിനോദ്ചന്ദ്രൻ, എസ്.ഐമാരായ രാജൻബാബു, രതീഷ് കുമാർ, എ.എസ്.ഐമാരായ ഉദയകുമാർ, അനിൽകുമാർ, വിജയകുമാർ, ഡബ്യു.വി.പി.ഒ ജുമൈല എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.