തമിഴ്നാട്ടിൽനിന്ന് കടത്തിയ ഏഴ് ടൺ റേഷൻ അരി പിടികൂടി; ഒരാൾ അറസ്റ്റിൽ
text_fieldsതമിഴ്നാട് റേഷൻ അരിയുമായി പിടിയിലായ ലോറിയും ഡ്രൈവറും
പുനലൂർ: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കടത്തിയ ഏഴ് ടൺ റേഷൻ അരി പുളിയറ ചെക്പോസ്റ്റിൽ പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. തമിഴ്നാട്-കേരള അതിർത്തി പ്രദേശമായ തെങ്കാശി ജില്ലയിലെ പുളിയറ വാഹന ചെക്പോസ്റ്റ് വഴി വൻതോതിൽ റേഷൻ അരി കേരളത്തിലേക്ക് കടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കേരള രജിസ്ട്രേഷൻ ലോറിയിലാണ് അരി കടത്തിയത്. ഡ്രൈവർ കോവിൽപെട്ടി സ്വദേശി പട്ടുരാജനെ (37) അറസ്റ്റ് ചെയ്തു. കേരളത്തിലെ അരി മില്ലുകളിലേക്കാണ് റേഷൻ കൊണ്ടുവന്നതെന്ന് ഇയാൾ സമ്മതിച്ചു.
തമിഴ്നാട്ടിൽ സൗജന്യമായും റേഷൻ വിലയ്ക്കും ലഭിക്കുന്ന അരി അനധികൃതമായി കേരളത്തിലെ മില്ലുകളിലെത്തിച്ച് പോളിഷ് ചെയ്ത് മുന്തിയ ബ്രാൻഡുകളുടെ പേരിൽ ഉയർന്ന വിലയ്ക്ക് വിൽക്കുകയാണ് രീതി. ഇതിനായി തെന്മല, ആര്യങ്കാവ്, പുളിയറ, ചെങ്കോട്ട കേന്ദ്രീകരിച്ച് ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്.

