Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയോട്...

മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവിന്‍റെ ഏഴ് ചോദ്യങ്ങൾ; ‘നിലമ്പൂർ വിടുംമുമ്പ് മറുപടി പറയണം’

text_fields
bookmark_border
VD Satheesan, Pinarayi Vijayan
cancel

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയനോട് ഏഴ് ചോദ്യങ്ങൾ മറുപടി പറയാൻ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിലമ്പൂരിൽ നിന്ന് പോകുന്നതിന് മുമ്പ് ജനജീവിതവുമായി ബന്ധപ്പെട്ട ഏഴ് ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരട്ടമാണ്. യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്. സർക്കാറിന്‍റെ ഒൻപത് വർഷക്കാലത്തെ പ്രവർത്തനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യണമെന്ന് യു.ഡി.എഫ് ആഗഹിക്കുന്നു. എന്നാൽ എൽ.ഡി.എഫ് രാഷ്ട്രീയം ചർച്ച ചെയ്യുന്നില്ല. പകരം പച്ചക്ക് വർഗീയത പറയുന്നു. ഭരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണം. ഏഴ് ചോദ്യങ്ങൾ വിനയപൂർവ്വം മുഖ്യമന്ത്രിയോട് ചോദിക്കുന്നു. നിലമ്പൂരിൽ നിന്ന് പോകുന്നതിന് മുൻപ് ഏഴ് ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി പറയണം.

1. സംസ്ഥാനത്ത് 2016 മുതൽ നാളിതുവരെ മലയോര ജനത വന്യജീവി ആക്രമണങ്ങളുടെ ദുരിതത്തിലാണ്. വന്യ ജീവി ആക്രമണത്തിൽ സംസ്ഥാനത്ത് ആയിരത്തോളം പേർ കൊല്ലപ്പെട്ടിട്ടും എണ്ണായിരത്തിൽ അധികം പേർക്ക് പരിക്കേറ്റിട്ടും സർക്കാർ ചെറുവിരൽ അനക്കിയില്ല. പരമ്പരാഗത മോ ആധുനികമോ ആയ ഒരു പ്രതിരോധ മാർഗവും സ്വീകരിക്കാതെ എന്തുകൊണ്ട് സർക്കാർ നിഷ്ക്രിയത്വം പാലിക്കുന്നു? കേന്ദ്ര സർക്കാറിന്‍റെ ഉത്തരവ് പ്രകാരം അപകടകാരികളായ മൃഗങ്ങളെ കൊല്ലാൻ സംസ്ഥാനത്തിന് അധികാരം ഉണ്ടായിട്ടും എന്തുകൊണ്ട് ചെയ്തില്ല?

2. എസ്.സി-എസ്.ടി വിഭാഗങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകി വരുന്ന സഹായം കഴിഞ്ഞ മൂന്നുവർഷമായി വർധിപ്പിക്കാത്ത എക സംസ്ഥാനമാണ് കേരളം. എസ് സി വിഭാഗങ്ങൾക്ക് കഴിഞ്ഞ വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും 500 കോടി രൂപയും എസ് ടി വിഭാഗങ്ങൾക്ക് 120 കോടി രൂപയും വെട്ടിക്കുറച്ചു. പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളോട് ഇത്രയും ക്രൂരമായി പെരുമാറുന്നത് എന്തിന്?

3. മെഡിക്കൽ സർവീസസ് കോർപറേഷന് കോടികൾ കൊടുക്കാനുള്ളത് കൊണ്ട് ആശുപത്രികളിൽ മരുന്നില്ല. സിവിൽ സപ്ലെസ് കോർപറേഷന് കോടികൾ കൊടുക്കാൻ ഉള്ളത് കൊണ്ട് മാവേലി സ്റ്റോറിൽ സബ്സിഡി സാധനമില്ല. ക്ഷേമ പെൻഷനുകളും ക്ഷേമനിധി ബോർഡിൻ നിന്നുള്ള സഹായവും മുടങ്ങി. ജീവനക്കാർക്കും പെൻഷൻകാർക്കും കോടികൾ കൊടുക്കാനുണ്ട്. മൂന്ന് തവണ വൈദ്യുതി ചാർജ് കൂട്ടി. ലൈഫ് മിഷൻ പദ്ധതി ഇഴഞ്ഞാണ് നീങ്ങുന്നത്. കാരുണ്യ പദ്ധതി നിലച്ചു. സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന് പറഞ്ഞിട്ട് ഇത്രയധികം ജനദ്രോഹ നടപടികൾ ഒന്നിച്ച് ചെയ്യാൻ ഒരു സർക്കാരിന് എങ്ങനെ കഴിയുന്നു?

4. സർക്കാരിന്‍റെ നേട്ടമായി കൊട്ടിലോഷിച്ച ദേശീയപാത നൂറ്റി അൻപതിൽ പരം സ്ഥലങ്ങളിൽ തകർന്ന് വീണിട്ടും / അഴിമതി ഉണ്ടായിട്ടും / ക്രമക്കേട് ഉണ്ടായിട്ടും സർക്കാരിന് ഒരു പരാതിയും ഇല്ലാത്തത് എന്തുകൊണ്ട്? ഡൽഹിയിൽ പോയി കേന്ദ്രമന്ത്രിയെ കണ്ട് സമ്മാനപ്പെട്ടി കൊടുത്ത്, പൊന്നാട അണിയിച്ച് അദരിച്ചു. ബി.ജെ.പി-സി.പി.എം ധാരണയല്ലേ ഒരു പരാതിയും ഇല്ലാത്തതിന് പിന്നിൽ?

5. തുച്ഛമായ ഓണറേറിയത്തിനു ജോലി ചെയ്യുന്ന ആശാവർക്കർമാർ വേതനം വർധിപ്പിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചില്ല. അവരോട് ക്രൂരമായി പെരുമാറുന്നു. മന്ത്രിമാർ അടക്കമുള്ളവർ അവരെ അപമാനിക്കുന്നു. നിങ്ങൾ എന്നാണ് മുതലാളിമാർ ആയത്? പി.എസ്.സി ചെയർമാന്‍റെ ശമ്പളം നാല് ലക്ഷത്തിൽ അധികമാക്കി. അംഗങ്ങൾക്ക് മൂന്ന് ലക്ഷത്തിൽ അധികമാക്കി. പെൻഷനും വർധിപ്പിച്ചു. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിന് ശമ്പളം വർധിപ്പിച്ച് ഉത്തരവിറക്കി. 12 പേർക്ക് ഒരു മാസത്തിൽ 80 ലക്ഷം രൂപയിൽ അധികം വേണം. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ പ്രതിപക്ഷ നേതാവിന് ഒരു രൂപ പോലും ചെലവില്ല. എന്നിട്ടും ആശാവർക്കർമാർക്ക് ഒരു രൂപ പോലും കൂട്ടില്ല എന്ന നിലപാട് എന്തിനാണ്?

6. സംസ്ഥാനത്ത് റബറിനെ താങ്ങുവില കിലോക്ക് 250 രൂപ ആക്കുമെന്ന പ്രകടനപത്രികാ പ്രഖ്യാപനം നടപ്പാകാത്തത് എന്ത് ? നെല്ലിന്‍റെ താങ്ങുവിലയിലെ സംസ്ഥാന വിഹിതം ക്രമാതീതമായി കുറക്കുകയാണ് ചെയ്യുന്നത്. നാളികേര സംഭരണം എന്ത് കൊണ്ട് നടക്കുന്നില്ല? കർഷകരെ രക്ഷിക്കാൻ ഒരു നടപടിയും സ്വീകരിക്കാത്തത് എന്തുകൊണ്ട്?

7. സംസ്ഥാനത്തെ ലഹരിയുടെ ഹബ്ബാക്കി എന്നത് മാത്രമല്ലേ സർക്കാറിന്‍റെ നേട്ടം. അതിന്‍റെ ഉത്തരവാദിത്തം സർക്കാരിനാണ്. ലഹരി മാഫിയക്ക് രാഷ്ട്രീയ രക്ഷകർത്തിത്വം നൽകിയത് സി.പി.എമ്മല്ലേ?

ജനജീവിതവുമായി ബന്ധപ്പെട്ട ഈ ഏഴ് ചോദ്യങ്ങൾക്ക് ബഹുമാന്യനായ മുഖ്യമന്ത്രി മറുപടി പറയണം.

ജമാ അത്തെ ഇസ്ലാമിയെ ആദ്യം സ്വാഗതം ചെയ്തത് മുഖ്യമന്ത്രിയാണ്. അവരെ കാണാൻ തലയിൽ മുണ്ടിട്ട് പോകേണ്ടെന്നു പറഞ്ഞതും പിണറായി വിജയനാണ്. എന്നിട്ട് പഴയതെല്ലാം മറന്ന് നിറം മാറുന്നു. മുഖ്യമന്ത്രി അവരെ സ്വാഗതം ചെയ്യുന്ന വീഡിയോ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഞാൻ കാണിച്ചിരുന്നു. അത് തെറ്റാണെങ്കിൽ എനിക്കെതിരെ കേസെടുക്കട്ടെ.

ഇക്കാര്യത്തിൽ യു.ഡി.എഫിൽ ഒരു ആശയക്കുഴപ്പവുമില്ല. ജനങ്ങൾക്ക് സർക്കാറിനോടുള്ള എതിർപ്പും വെറുപ്പും ചർച്ചയാകാതിരിക്കാനാണ് വെൽഫയർ പാർട്ടി വിഷയം ചർച്ചയാക്കാൻ ശ്രമിക്കുന്നത്. വിഷയം മാറ്റി കൊണ്ട് പോകാൻ ശ്രമിച്ചാൽ അത് നടക്കില്ല.

തെരഞ്ഞെടുപ്പ് സമയത്ത് എന്‍റെ അടക്കം ഏത് വാഹനവും പരിശോധിക്കാം. അതിൽ ഒരു തെറ്റുമില്ല. എന്നാൽ ഇവിടെ യു.ഡി.എഫ് നേതാക്കളുടെ വാഹനം തിരഞ്ഞ് പിടിച്ച് പരിശോധിച്ചു. അതിനെയാണ് എതിർത്തത്. പാലക്കാട്ടെ പോലെ വീണ്ടും പെട്ടിയുമായി ഇറങ്ങാൻ നോക്കണ്ട.

സംഘ്പരിവാർ അജണ്ടയായ മലപ്പുറം വിരോധം മുഖ്യമന്ത്രി പറയുന്നത് ഡൽഹിയിൽ ഇരിക്കുന്ന സംഘ്പരിവാർ ഏമാൻമാരെ സന്തോഷിപ്പിക്കാനാണ്. അത് ഡൽഹിയിൽ ചെന്ന് കത്തിപ്പടർത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വർഗീയ പ്രീണനനയം നടക്കുന്നു. സംഘ്പരിവാറിന് മുന്നിൽ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ച് നിൽക്കുകയാണ് പിണറായി. എന്നിട്ട് സംഘ്പരിവാറിന്‍റെ അജണ്ട കേരളത്തിൽ പറയുന്നു.

തിരുവനന്തപുരത്തെ ഒരു സ്വാമി എൽ.ഡി.എഫിന് പിന്തുണ കൊടുത്തിട്ടുണ്ട്. സ്വാമിയുടെ പൂർവാശ്രമം തിരുവനന്തപുരത്ത് തിരക്കി നോക്കണം. അപ്പോൾ അറിയാം. മറുഭാഗത്ത് പി.ഡി.പി പിന്തുണ. എന്നിട്ടാണ് വർഗീയവാദികളുടെ വോട്ട് വേണ്ട എന്ന് മുഖ്യമന്ത്രി പറയുന്നത്. സി.പി.എമ്മിന്‍റെ കൂടെ നിന്നാൽ മതേതരവാദി. എതിർത്താൽ വർഗീയവാദി. അത് കയ്യിൽ വച്ചാൽ മതി.

ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് എന്നും ഒരേ നിലപാടാണ്. അത് പറയേണ്ട സമയത്ത് പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി ഇപ്പോൾ ഫലസ്തീനെ കുറിച്ച് പറയുന്നത് നിലമ്പൂർ സ്പെഷ്യൽ ആണ്. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇതാദ്യമാണ് മുഖ്യമന്ത്രി ഫലസ്തീൻ എന്ന് പറയുന്നത്. നിലമ്പൂരിലെ രാഷ്ട്രീയ ബോധ്യമുള്ള ജനം ഇതെല്ലാം കാണുന്നുണ്ടെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanVD SatheesanLatest NewsNilambur By Election 2025
News Summary - Seven questions from the VD Satheesan to the Pinarayi Vijayan
Next Story