പാലക്കാട് സഹകരണ സൊസൈറ്റിയിൽനിന്ന് ഏഴ് കിലോ സ്വർണം കവർന്നു
text_fieldsപാലക്കാട്: ചന്ദ്രനഗറിലെ സഹകരണ സൊസൈറ്റിയുടെ ലോക്കർ തകർത്ത് ഏഴ് കിലോ സ്വർണവും 18,000 രൂപയും കൊള്ളയടിച്ചു. മരുത റോഡ് കോഓപറേറ്റിവ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിലാണ് കവർച്ച നടന്നത്. വെള്ളിയാഴ്ച വൈകീട്ട് സ്ഥാപനം അടച്ചുപോയതായിരുന്നു. ശനിയും ഞായറും സമ്പൂർണ ലോക്ഡൗണായതിനാൽ പ്രവർത്തിച്ചിരുന്നില്ല. തിങ്കളാഴ്ച ജീവനക്കാർ ഒാഫിസ് തുറക്കാനെത്തിയപ്പോഴാണ് കവർച്ചയറിഞ്ഞത്.
സി.സി.ടി.വിയും വൈദ്യുതി ബന്ധവും വേർപെടുത്തിയാണ് സംഘം വിദഗ്ധമായി കവർച്ച നടത്തിയത്. എൻ.എച്ച് ബൈപാസ് റോഡിൽ കെട്ടിടത്തിെൻറ ഒന്നാംനിലയിലാണ് സൊസൈറ്റി പ്രവർത്തിക്കുന്നത്.
പണയത്തിന് ഇൗടായി വാങ്ങി സൂക്ഷിച്ച സ്വർണഭരണമാണ് കവർന്നത്. ലോക്കറിൽ ഉണ്ടായിരുന്ന പണവും നഷ്ടപ്പെട്ടു. സി.സി.ടി.വി ഹാർഡ് ഡിസ്ക് കൊണ്ടുപോയെന്നാണ് കരുതുന്നത്. ഇൻഷൂർ ചെയ്തതിനാൽ, ഇടപാടുകാരുടെ മുതൽ നഷ്ടമാവില്ലെന്നും ആശങ്ക വേണ്ടെന്നും സൊസൈറ്റി പ്രസിഡൻറ് ഡി. സുഗുണൻ അറിയിച്ചു.

