
ആവശ്യപ്പെട്ടത് വടകരയുൾപ്പെടെ ഏഴെണ്ണം; എൽ.ജെ.ഡിക്ക് അഞ്ച് സീറ്റ് കിട്ടിയേ തീരൂ...
text_fieldsകോഴിക്കോട്: വടകരയുൾപ്പെടെ ഏഴു സീറ്റുകളാവശ്യപ്പെട്ട എൽ.ജെ.ഡി അഞ്ചുസീറ്റുകളിൽ വിട്ടുവീഴ്ചക്കില്ല. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി സംസ്ഥാന ഭാരവാഹികളുടെയും ജില്ല പ്രസിഡൻറുമാരുടെയും യോഗമാണ് അഞ്ചുസീറ്റിൽ വിട്ടുവീഴ്ചവേണ്ടെന്ന് തീരുമാനിച്ചത്. അതേസമയം, തിങ്കളാഴ്ച സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ്കുമാർ, വർഗീസ് ജോർജ്, ഷെയ്ഖ് പി. ഹാരിസ് എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും നടത്തിയ ചർച്ചയിൽ നാല് സീറ്റാണ് വാഗ്ദാനം ചെയ്തത് എന്നാണ് വിവരം. സീറ്റുകൾ ഏതെല്ലാമെന്ന കാര്യത്തിൽ പിന്നീടാണ് തീരുമാനമുണ്ടാവുക.
കൂത്തുപറമ്പ്, കൽപറ്റ, വടകര, കുന്ദമംഗലം, തിരുവനന്തപുരം, ചാലക്കുടി സീറ്റുകളും കായംകുളം, അരൂർ, ഇരവിപുരം എന്നിവയിലൊന്നുമാണ് ആദ്യം പാർട്ടി ആവശ്യപ്പെട്ടത്. ഇതിൽ കൂത്തുപറമ്പ്, കൽപറ്റ, കായംകുളം, ഇരവിപുരം, ചാലക്കുടി എന്നിവ സി.പി.എമ്മും വടകര ജനതാദൾ -എസിലെ സി.കെ. നാണുവും, കുന്ദമംഗലം ഇടതുസ്വതന്ത്രൻ പി.ടി.എ. റഹീമും അരൂരും തിരുവനന്തപുരവും കോൺഗ്രസും ജയിച്ച സീറ്റുകളാണ്. ആദ്യ ചർച്ചകഴിഞ്ഞതോടെ വടകര, കൂത്തുപറമ്പ്, കൽപറ്റ, കുന്ദമംഗലം എന്നിവയും കായംകുളം, അരൂർ, ഇരവിപുരം എന്നിവയിലൊന്നും ഉറപ്പായും വേണമെന്നാണ് നേതാക്കളുടെ വാദം. കഴിഞ്ഞ തവണ യു.ഡി.എഫ് അനുവദിച്ചത് ഏഴു സീറ്റാണ്.
അതേസമയം, എൽ.ജെ.ഡി -ജെ.ഡി.എസ് ലയനമെന്ന സി.പി.എം ആവശ്യം എൽ.ജെ.ഡി തള്ളി. ഇതിനിടെ, ഇരുപാർട്ടികളിലെയും നേതാക്കളുടെ കൂടുമാറ്റം തുടരുകയാണ്. എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി അബ്രഹാം മാത്യു, വൈസ് പ്രസിഡൻറ് സി.കെ. ഗോപി, എറണാകുളം ജില്ല പ്രസിഡൻറ് അഗസ്റ്റിൻ കോലഞ്ചേരി, വയനാട് ജില്ല പ്രസിഡൻറ് ടി.പി. വർക്കി, മുൻ കോഴിക്കോട് ജില്ല പ്രസിഡൻറ് അഡ്വ. ഇ.എം. ബാലകൃഷ്ണൻ, സെക്രട്ടറി എടയത്ത് ശ്രീധരൻ, സി.കെ. നാണു എം.എൽ.എയുടെ മകൻ സി.കെ. സുധീർ എന്നിവരാണ് ജെ.ഡി.എസിലെത്തിയത്.
ജെ.ഡി.എസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എസ്. ചന്ദ്രകുമാർ, മാത്യുജോൺ എന്നിവർ എൽ.ജെ.ഡിയിലുമെത്തി. മാത്രമല്ല, പി.എം. ജോയിയുടെ നേതൃത്വത്തിൽ വലിയൊരുവിഭാഗവും അടുത്ത ദിവസം എൽ.ജെ.ഡിയിലെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
