പാമ്പുകടിയേറ്റ് രണ്ട് മരണം കൂടി, ഒരാഴ്ചക്കിടെ പൊലിഞ്ഞത് ഏഴ് ജീവൻ!
text_fieldsതിരുവനന്തപുരം: രണ്ട് വയോധികർ കൂടി മരിച്ചതോടെ ഒരാഴ്ചക്കിടെ സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരിച്ചവരുടെ എണ്ണം ഏഴായി. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ നഫീസ (70), ഇടുക്കി കാഞ്ഞാർ സ്വദേശിനി വിശാലാക്ഷി (75) എന്നിവരാണ് ഞായറാഴ്ച മരിച്ചത്. ഞായറാഴ്ചയും പലയിടങ്ങളിലും വിനോദസഞ്ചാരിയുൾപ്പെടെയുള്ളവർക്ക് പാമ്പുകടിയേറ്റ സംഭവങ്ങളുമുണ്ടായി. വീടിന് സമീപം പാമ്പുകടിയേറ്റ് അബോധാവസ്ഥയിൽ വീണുകിടന്ന നഫീസയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്റിവെനം നൽകി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നെങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു. ശംഖുവരയനാണ് കടിച്ചതെന്നാണ് സംശയം.
ഞായറാഴ്ച ഉച്ചയോടെ വീടിന് സമീപമാണ് നിൽക്കുമ്പോഴായിരുന്നു വിശാലാക്ഷിക്ക് പാമ്പുകടിയേറ്റത്.
എറണാകുളം ചെറായിയിലെ റിസോർട്ടിൽ വിനോദസഞ്ചാരിക്കും ഞായറാഴ്ച പാമ്പുകടിയേറ്റു. കോയമ്പത്തൂർ സ്വദേശിനിയായ 38കാരി ഷർമിളക്കാണ് റിസോർട്ടിലെ പൂന്തോട്ടത്തിലൂടെ നടക്കുമ്പോൾ കാൽവിരലിൽ കടിയേറ്റത്. പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷർമിളയെ തുടർചികിത്സക്കായി മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലം രാമൻകുളങ്ങര സ്വദേശി സുദേവന് ഞായറാഴ്ച രാവിലെയാണ് പാമ്പുകടിയേറ്റത്. പരിസരം വൃത്തിയാക്കുന്ന ജോലിക്കിടെയാണ് കാലിൽ പാമ്പ് കടിച്ചത്. ചുരുട്ട ഇനത്തിൽപെട്ട പാമ്പാണ് കടിച്ചതെന്നാണ് സംശയം. ആശുപത്രിയിൽ 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരും. പത്തനംതിട്ട മല്ലപ്പള്ളി മൂരണിയിൽ രതീഷിനും പാമ്പുകടിയേറ്റു. വെൽഡിങ് സാധനങ്ങൾ എടുത്തശേഷം തിരിച്ചുവക്കുന്നതിനിടെയാണ് കൈയ്യിൽ പാമ്പ് കടിച്ചത്. ഇയാൾ കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തൃശൂരിലെ അൽജോ (8), തിരുവനന്തപുരം ചിറയിൻകീഴിൽ ദിക്ഷൽ (8), ആലപ്പുഴയിലെ സലീന (42), കുട്ടനാട് വൈശ്യംഭാഗം പുതുവന വീട്ടിൽ ഇന്ദിര (65) എന്നിവരാണ് കഴിഞ്ഞദിവസങ്ങളിൽ പാമ്പുകടിയേറ്റ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

