പിണറായി സർക്കാറിന്റെ ഏഴര വർഷം; ബാറുകളുടെ എണ്ണം 29ൽനിന്ന് 801
text_fieldsകോട്ടയം: ഏഴര വർഷത്തിനിടെ സംസ്ഥാനത്ത് ബാറുകളുടെ എണ്ണം 29ൽനിന്ന് 801ആയി!. 2016ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമ്പോൾ 29 ബാർ ഹോട്ടലുകളാണ് പ്രവർത്തിച്ചിരുന്നത്. അതാണ് ഏഴര വർഷത്തെ ഭരണത്തിനിടെ 801 ആയത്. സംസ്ഥാനത്ത് സമ്പൂർണ മദ്യനിരോധനം സാധ്യമല്ലെന്നും മദ്യവർജനത്തിന് ശ്രമിക്കുമെന്നും പ്രഖ്യാപിച്ചാണ് എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നത്.
എന്നാൽ, യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് അടച്ചുപൂട്ടിയതും ബിയർ, വൈൻ പാർലറുകളാക്കി മാറ്റിയതുമായ ബാറുകൾ തുറന്നതിനുപുറമെ പുതിയ ബാറുകൾ വ്യാപകമായി അനുവദിക്കുകയും ചെയ്തു. യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് മതിയായ സൗകര്യങ്ങളില്ലാത്ത ബാറുകൾ അടച്ചുപൂട്ടി ബിയർ, വൈൻ പാർലറുകളാക്കി മാറ്റുകയായിരുന്നു. എന്നാൽ, ഒന്നാം പിണറായി സർക്കാർ അധികാരത്തിൽവന്ന ശേഷം 442 ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകി. അതിനുപുറമെ 200 പുതിയ ബാർ ലൈസൻസുകൾ അനുവദിക്കുകയും ചെയ്തു. ഒന്നാം പിണറായി സർക്കാറിന്റെ അഞ്ചുവർഷം അവസാനിച്ചപ്പോൾ സംസ്ഥാനത്ത് 671 ബാർ ഹോട്ടലുകളാണുണ്ടായിരുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷവും ബാർ ലൈസൻസിനായി നിരവധി അപേക്ഷകളാണ് സമർപ്പിക്കപ്പെട്ടത്. അതിൽനിന്ന് 97 പുതിയ ബാർ ലൈസൻസുകൾ അനുവദിച്ചു. അതിനുപുറമെ ബിയർ, വൈൻ പാർലറുകളാക്കി മുമ്പ് മാറ്റിയ 33 ഹോട്ടലുകൾക്ക് സൗകര്യങ്ങൾ മെച്ചപ്പെടുത്തിയെന്ന കാരണം ചൂണ്ടിക്കാട്ടി ബാർ ലൈസൻസ് അനുവദിക്കുകയും ചെയ്തു. ഇതിൽ ഏറ്റവും കൂടുതൽ ബാറുകൾ അനുവദിക്കപ്പെട്ടത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ്.
തിരുവനന്തപുരത്ത് 20, എറണാകുളത്ത് 18, തൃശൂരിൽ 14 എന്നിങ്ങനെയാണ് ബാറുകൾ അനുവദിച്ചത്. പത്തനംതിട്ട, കാസർകോട് ജില്ലകളിൽ പുതിയ ബാറുകൾ അനുവദിച്ചിട്ടില്ല. കൊല്ലം -എട്ട്, ആലപ്പുഴ -5, കോട്ടയം -7, ഇടുക്കി -2, പാലക്കാട് -7, മലപ്പുറം -2, കോഴിക്കോട്, വയനാട് -അഞ്ച് വീതം, കണ്ണൂർ -4 എന്നിങ്ങനെയാണ് 97 ബാർ ലൈസൻസുകൾ അനുവദിച്ചത്. അതിനുപുറമെ ബിവറേജസ് കോർപറേഷന്റെ 278ഉം കൺസ്യൂമർഫെഡിന്റെ 42ഉം ഉൾപ്പെടെ 320 വിദേശമദ്യ വിതരണ ഔട്ട്ലറ്റുകളും പ്രവർത്തിക്കുന്നുണ്ട്. പുതിയ ബാറുകളും ബിവറേജസ് ഔട്ട്ലറ്റുകളും അനുവദിക്കാനുള്ള അപേക്ഷകൾ ഇനിയും സർക്കാറിന്റെ പരിഗണനയിലാണ്. വരുംദിവസങ്ങളിൽ അവക്കും അനുമതി നൽകുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

