വി.സി നിയമനം; കൈകോർത്ത് ഗവർണറും സർക്കാറും, ഒത്തുതീർപ്പ് കരാർ സുപ്രീംകോടതിയിൽ
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട നിയമന തർക്കത്തിൽ ചാൻസലറുടെ പ്രതിനിധിയും കേരള സർക്കാറിന്റെ പ്രതിനിധിയും തമ്മിൽ ഒപ്പിട്ട ഒത്തുതീർപ്പ് കരാർ സുപ്രീംകോടതിക്ക് കൈമാറി. തിരുവനന്തപുരം ഡിസ്ട്രിക്റ്റ് ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറിയുടെ മധ്യസ്ഥതയിൽ 2026 ആഗസ്റ്റ് 17നാണ് ചാൻസലറുടെ പ്രതിനിധിയും സംസ്ഥാന സർക്കാറിന്റെ പ്രതിനിധിയും തമ്മിൽ കരാർ ഒപ്പുവെച്ചത്. വ്യവസ്ഥകൾ അംഗീകരിക്കുന്നുവെന്ന് ചാൻസലറും സർക്കാറും അറിയിച്ചതിനെ തുടർന്ന് വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലർ നൽകിയ ഹരജി സുപ്രീംകോടതി തീർപ്പാക്കി.
സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ഡോ. സിസ തോമസും ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറായി ഡോ. സജി ഗോപിനാഥും തുടരാൻ വ്യവസ്ഥ ചെയ്യുന്നതാണ് കരാർ. ചാൻസലറുടെ പ്രതിനിധിയായി ഗവർണറുടെ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിയും സർക്കാർ പ്രതിനിധിയായി ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ജോയന്റ് സെക്രട്ടറിയുമാണ് കരാറിൽ ഒപ്പുവെച്ചത്. സർവകലാശാലാ നിയമങ്ങളിൽ യു.ജി.സി ചട്ടങ്ങൾക്ക് അനുസൃതമായി ആവശ്യമായ ഭേദഗതികൾ വരുത്താൻ സംസ്ഥാന സർക്കാർ നിർദേശിച്ചു. കേസിൽ ഉന്നയിച്ച നിയമപരമായ പ്രശ്‌നങ്ങളും വാദങ്ങളും തുടരുമെന്ന വ്യവസ്ഥയും കരാറിൽ ഉണ്ട്.
സുപ്രീംകോടതിയിൽ നടന്ന പ്രത്യേക ലോക് അദാലത്തിൽ ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപിൻ പഞ്ചോലി എന്നിവർ അടങ്ങിയ ബെഞ്ചാണ് തീർപ്പാക്കിയത്. സുപ്രീംകോടതി നിർദേശത്തെ തുടർന്ന് കഴിഞ്ഞ വർഷം ഗവർണറും പിണറായി വിജയൻ സർക്കാറും ചർച്ച നടത്തിയാണ് ധാരണയിലെത്തിയത്. തുടർന്ന് സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ആയി ഡോ. സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ആയി ഡോ. സജി ഗോപിനാഥിനെയും നിയമിച്ച് ചാൻസലർ വിജ്ഞാപനം ഇറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

