സർക്കാറിന് തിരിച്ചടി; എലപ്പുള്ളി ബ്രൂവറിക്ക് നൽകിയ അനുമതി ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: എലപ്പുള്ളിയിൽ വൻകിട മദ്യശാലക്ക് സർക്കാർ നൽകിയ പ്രാഥമിക അനുമതി റദ്ദാക്കി ഹൈകോടതി. ഒയാസിസ് കമ്പനിക്ക് നൽകിയ പ്രാഥമിക അനുമതി നടപടിക്രമങ്ങൾക്ക് വിരുദ്ധമാണെന്ന് ഹൈകോടതി പറഞ്ഞു. കാര്യമായ പഠനം നടത്തിയില്ലെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് കോടതി അനുമതി റദ്ദാക്കിയത്.
ബ്രൂവറിക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഒരു കൂട്ടം ഹരജികളാണ് ഹൈകോടതിയിലെത്തിയത്. ഇതിലാണ് ജസ്റ്റിസ് സതീഷ് നൈനാന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എലപ്പുള്ളി പ്രദേശം ജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശമാണ്. ഇവിടെ കമ്പനിക്കായി വലിയ തോതില്‍ ജലം എടുക്കുമ്പോള്‍ പ്രദേശം മരുഭൂമിയായി മാറുമെന്നായിരുന്നു ഹരജിക്കാരുടെ ആരോപണം. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ബ്രൂവറിക്ക് അനുമതി നല്‍കിയിരുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
നേരത്തേ, എലപ്പുള്ളിയിൽ സ്വകാര്യ കമ്പനിക്ക് മദ്യനിർമാണശാല ആരംഭിക്കാൻ ജില്ല ടൗൺ പ്ലാനർ നൽകിയ അംഗീകാരം മാറ്റിവെക്കാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു.
മുന്നണിയിലെ മററ് ഘടകകക്ഷികൾക്കുള്ള എതിർപ്പ് വകവെക്കാതെയാണ്എലപ്പുള്ളിയിലെ വിവാദ ബ്രൂവറിക്ക് സർക്കാർ അനുമതി നൽകിയത്.
മഴവെള്ള സംഭരണി കൊണ്ട് ജലാവശ്യകത പരിഹരിക്കപ്പെടുമെന്ന മന്ത്രി എം.ബി. രാജേഷിന്റെ വാദം തള്ളിയായിരുന്നു ബിനോയിയുടെ വാദമുഖങ്ങൾ. പദ്ധതി കൃഷിക്ക് തിരിച്ചടിയാകും. മാത്രമല്ല, മഴവെള്ള സംഭരണി കൊണ്ട് പ്ലാന്റിലേക്കാവശ്യമായ വെള്ളം സംഭരിക്കാനാവില്ല. കുടിവെള്ളം വഴിതിരിച്ച് നൽകേണ്ടിവരും. ഈ സാഹചര്യത്തിൽ പദ്ധതിയിൽ നിന്ന് പിന്മാറണമെന്നാണ് സി.പി.ഐ നിലപാട് മുന്നണിയോഗത്തിൽ അംഗീകരിച്ചിരുന്നില്ല.
മന്ത്രിസഭ ഇതിനകം തീരുമാനിച്ച വിഷയമാണെന്നും മന്ത്രിതലത്തിൽ നടപടി ആരംഭിച്ചെന്നും വിശദീകരിച്ച മുഖ്യമന്ത്രി പെർമിറ്റ് കൊടുത്ത സാഹചര്യത്തിൽ ഇനി പിന്നോട്ട് പോകാനാകില്ലെന്ന് കട്ടായം പറഞ്ഞു.
വെള്ളം പ്രധാന അസംസ്‌കൃത വസ്തുവായി തുടങ്ങുന്ന ഒയാസിസ് കമ്പനിക്കെതിരെ തുടക്കം മുതൽ തന്നെ നാട്ടുകാരിൽ നിന്ന് പ്രതിഷേധം ഉണ്ടായിരുന്നു. എലപ്പുള്ളിയിലെ 26 ഏക്കർ സ്ഥലമാണ് ബ്രൂവറിക്ക് വേണ്ടി വാങ്ങിയത്. ജലക്ഷാമം അതിരൂക്ഷമായ പ്രദേശത്ത് ബ്രൂവറി വന്നാൽ തങ്ങൾ വലിയ പ്രതിസന്ധിയിലാകുമെന്ന് പ്രദേശവാസികൾ ചൂണ്ടികാട്ടിയിരുന്നു. ബ്രൂവറിക്കായി കണ്ടെത്തിയ സ്ഥലത്ത് ജെ.സി.ബിയുമായി എത്തിയ കമ്പനി അധികൃതരെ നാട്ടുകാർ തടഞ്ഞിരുന്നു. ഭൂഗർഭ ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് ബ്രൂവറി അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഇവർ കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

