ഷോൺ ജോർജിന് ഹൈകോടതിയിൽ നിന്ന് തിരിച്ചടി; എസ്.എഫ്.ഐ.ഒ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കണമെന്ന ആവശ്യം തള്ളി
text_fieldsഷോൺ ജോർജ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്‍റെയും സി.എം.ആർ.എൽ കമ്പനിയുടെയും ഇടപാടുകൾ സംബന്ധിച്ച് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) നടത്തിയ അന്വേഷണത്തിന്റെ ചില രേഖകൾ പരാതിക്കാരനായ ബി.ജെ.പി നേതാവ് ഷോൺ ജോർജിന് നൽകാനുള്ള സെഷൻസ് കോടതി ഉത്തരവ് ഹൈകോടതി റദ്ദാക്കി.
തങ്ങളടക്കം കേസിലെ പ്രതികളെ കേൾക്കാതെയാണ് ഏപ്രിൽ 24ന് ഷോൺ ജോർജിന്‍റെ ഹരജിയിൽ എറണാകുളം അഡീഷനൽ സെഷൻസ് കോടതി -7 രേഖകൾ അനുവദിച്ചതെന്ന് കാട്ടി സി.എം.ആർ.എൽ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിന്‍റെ ഉത്തരവ്.
അതേസമയം, കൂടുതൽ രേഖകൾ അനുവദിക്കാൻ വിസമ്മതിച്ച അഡീ. സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഷോൺ ജോർജ് നൽകിയ ഹരജി തള്ളി. ഇദ്ദേഹത്തിന്‍റെ അപേക്ഷ വീണ്ടും പരിഗണിച്ച് സി.എം.ആർ.എലിനെ കൂടി കേട്ട ശേഷം പുതിയ ഉത്തരവ് പുറപ്പെടുവിക്കാനും നിർദേശിച്ചു.
കേസുമായി ബന്ധപ്പെട്ട ചില രേഖകൾ നൽകാൻ അഡീ. സെഷൻസ് കോടതി ഉത്തരവിട്ടെങ്കിലും ചിലത് നൽകാൻ വിസമ്മതിച്ചു. കേസുമായി ബന്ധമില്ലാത്തയാളുടെ അപേക്ഷയിൽ രേഖകൾ അനുവദിക്കാനാവില്ലെന്നായിരുന്നു സി.എം.ആർ.എലിന്റെ വാദം. രേഖകൾ സമ്പാദിച്ചശേഷം മാധ്യമങ്ങൾക്ക് നൽകുകയെന്നതാണ് പരാതിക്കാരന്‍റെ ലക്ഷ്യം. ദുരുദ്ദേശ്യപരമായി നീതിന്യായ സംവിധാനത്തെ ഉപയോഗിച്ച് കേസിൽ കടന്നുകയറുകയാണിദ്ദേഹം. കമ്പനിയുടെ അന്തസ്സ് തകർക്കാനുള്ള ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്നും സി.എം.ആർ.എൽ വാദിച്ചു.
രേഖകൾ ഏറെയുണ്ടെന്നും പകർപ്പുകൾ നൽകാൻ ചെലവ് കൂടുതലാകുമെന്നും പറഞ്ഞാണ് അപേക്ഷ നിരസിച്ചതെന്നായിരുന്നു ഷോണിന്‍റെ ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

