പി.ജെ ജോസഫിന് തിരിച്ചടി; രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക്
text_fieldsകൊച്ചി: രണ്ടില ജോസ് കെ.മാണിക്ക് തന്നെ. രണ്ടില ജോസ് പക്ഷത്തിന് അനുവദിച്ച് ഹൈകോടതി ഉത്തരവിട്ടു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈകോടതി ശരിവെക്കുകയായിരുന്നു. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനത്തിനെതിരെ പി.ജെ. ജോസഫ് നൽകിയ ഹരജി തള്ളിക്കൊണ്ടാണ് ഉത്തരവ്.
ഇരുപക്ഷവും തമ്മിലുള്ള തർക്കത്തെ തുടർന്ന് രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് കമീഷൻ മരവിപ്പിച്ചിരുന്നു. ജോസ് വിഭാഗവും ജോസഫ് വിഭാഗവും രണ്ടില ചിഹ്നത്തിൽ അവകാശവാദം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ചിഹ്നം മരവിപ്പിച്ചത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കേരള കോണ്‍ഗ്രസ് (എം) പി.ജെ ജോസഫ് വിഭാഗത്തിന് ചെണ്ടയും കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിന് ടേബിള്‍ ഫാനും അനുവദിച്ചുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

