ആനക്കൊമ്പ്: മോഹൻലാലിനും സർക്കാറിനും തിരിച്ചടി; ഉടമസ്ഥത സർട്ടിഫിക്കറ്റ് റദ്ദാക്കി ഹൈകോടതി
text_fieldsകൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനും സംസ്ഥാന സർക്കാറിനും തിരിച്ചടി. ആനക്കൊമ്പ് കൈവശം വെക്കാൻ അനുമതി നൽകിയ സർക്കാർ ഉത്തരവുകളും കൈവശാവകാശം ക്രമപ്പെടുത്തിയ ഉടമസ്ഥത സർട്ടിഫിക്കറ്റും ഹൈകോടതി റദ്ദാക്കി. നടപടിക്രമങ്ങൾ നിയമാനുസൃതമല്ലെന്ന് വിലയിരുത്തി ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ അഗസ്റ്റിൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. നിയമവ്യവസ്ഥകൾ കർശനമായി പാലിച്ച് പുതിയ വിജ്ഞാപനം ഇറക്കാനും കോടതി നിർദേശിച്ചു.
എറണാകുളം ഉദ്യോഗമണ്ഡല്‍ സ്വദേശി എ.എ. പൗലോസ്, പത്തനംതിട്ട കലഞ്ഞൂർ ജെയിംസ് മാത്യു തുടങ്ങിയവർ സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് കാലങ്ങള്‍ക്കുശേഷം ആനക്കൊമ്പുകളുടെ ഉടമസ്ഥത സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിന് നല്‍കിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിക്കാത്തതിനാൽ സർക്കാർ നടപടി അസാധുവാണെന്നും ഉടമസ്ഥാവകാശം അനുവദിക്കാവുന്നതാണോയെന്ന് പരിശോധിച്ചശേഷമല്ല സർട്ടിഫിക്കറ്റ് നൽകിയതെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.
എന്നാൽ, മാധ്യമങ്ങളിലടക്കം വിജ്ഞാപനത്തിന് പ്രചാരം ലഭിച്ച സാഹചര്യത്തിൽ ഗസറ്റ് പ്രസിദ്ധീകരണം അനിവാര്യമല്ലെന്നായിരുന്നു സർക്കാറിന്‍റെയും മോഹൻലാലിന്‍റെയും വാദം. ഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാത്തതിനെ സാങ്കേതിക ക്രമക്കേട് മാത്രമായി അംഗീകരിക്കാനാവില്ലെന്നതില്ലെന്ന് വ്യക്തമാക്കിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവുകൾ അസാധുവാക്കിയത്. 2016 ജനുവരി 16നും ഏപ്രിൽ ആറിനും പുറപ്പെടുവിച്ച ഉടമസ്ഥത സർട്ടിഫിക്കറ്റുകളും റദ്ദാക്കി.
അതേസമയം, മോഹൻലാലിനെതിരെ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള ക്രിമിനൽകേസിനെ ബാധിക്കാനിടയുള്ളതിനാൽ 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സാമഗ്രികളുടെ ഉടമസ്ഥാവകാശം അനുവദിക്കാമോയെന്ന വിഷയം വിശദമായി പരിഗണിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

