ഇതര സമുദായത്തിൽനിന്ന് വിവാഹം കഴിച്ചതിന് സമുദായ വിലക്ക്: കോട്ടയം അതിരൂപതക്ക് തിരിച്ചടി
text_fieldsകോട്ടയം: ക്നാനായ സമുദായ വിലക്കുമായി ബന്ധപ്പെട്ട കേസിൽ കോട്ടയം അതിരൂപതക്ക് തിരിച്ചടി. ഇതര സമുദായത്തിൽനിന്ന് വിവാഹം കഴിച്ചതിനെത്തുടർന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്നതടക്കമുള്ള സബ് കോടതി ഉത്തരവിനെതിരെ കോട്ടയം അതിരൂപത നൽകിയ അപ്പീൽ കോട്ടയം അഡീഷനൽ ജില്ല സെഷൻസ് കോടതി തള്ളി. കോട്ടയം അതിരൂപത ആർച് ബിഷപ്പിന് പുറമെ, ക്നാനായ കാത്തലിക് കോൺഗ്രസ് നൽകിയതടക്കം ഏട്ട് അപ്പീലുകളായിരുന്നു കോടതിയുടെ പരിഗണനക്ക് എത്തിയത്. ഇതെല്ലാം കോടതി തള്ളി.
സ്വസമുദായത്തിൽനിന്ന് വിവാഹം കഴിച്ചില്ലെന്ന കാരണത്താൽ കോട്ടയം അതിരൂപതയിൽനിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്നും മറ്റ് സമുദായങ്ങളിൽനിന്ന് വിവാഹം ചെയ്യുന്നവരെ പുറത്താക്കരുതെന്നുമായിരുന്നു കോട്ടയം സബ് കോടതി ഉത്തരവ്. ഇത്തരത്തിൽ ക്നാനായ സമുദായത്തിൽനിന്ന് പുറത്താക്കപ്പെട്ടവരുടെ മക്കളുടെ വിവാഹം, മാമോദീസ ചടങ്ങുകൾ അനുവദിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു.
ക്നാനായ നവീകരണ സമിതി പ്രസിഡന്‍റ് ടി.ഒ. ജോസഫ്, ലൂക്കോസ് മാത്യു എന്നിവരാണ് ക്നാനായ സമുദായ വിലക്കിനെതിരെ കോട്ടയം സബ് കോടതിയെ സമീപിച്ചത്. ഇതിൽ ഇവർക്ക് അനുകൂല വിധിയുണ്ടായതോടെയാണ് അപ്പീലുമായി സഭ നേതൃത്വം ജില്ല കോടതിയെ സമീപിച്ചത്. ക്നാനായ സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്നവരെ കോട്ടയം അതിരൂപത വിലക്കുന്നതാണ് പതിവ്. ഇതിനെതിരെയായിരുന്നു ക്നാനായ നവീകരണ സമിതി കോടതിയെ സമീപിച്ചത്. ഇത്തരത്തിൽ പുറത്തുപോയവരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച സംഘടനയാണ് നവീകരണ സമിതി.
തുടർ നിയമ നടപടി സ്വീകരിക്കും -കോട്ടയം അതിരൂപത
കോട്ടയം: ക്നാനായ സമുദായത്തിന്‍റെ നൂറ്റാണ്ടുകളായുള്ള പാരമ്പര്യത്തെ വിലമതിക്കാതെയും അതിരൂപത മുന്നോട്ടുവെച്ച വാദങ്ങൾ വേണ്ടരീതിയിൽ പരിഗണിക്കാതെയുമുള്ള വിധിക്കെതിരെ തുടർ നിയമ നടപടി സ്വീകരിക്കുമെന്ന് കോട്ടയം അതിരൂപത. കോട്ടയം സബ്കോടതി വിധിക്കെതിരെ അതിരൂപതയും ക്നാനായ കത്തോലിക്ക കോൺഗ്രസും മറ്റ് സംഘടനങ്ങളും വ്യക്തികളും നൽകിയ അപ്പീലുകൾ ജില്ല കോടതി അനുവദിച്ചില്ല. ഈ സാഹചര്യത്തിൽ അതിരൂപതയിലെ ആലോചന സമിതികളുമായും സമുദായ സംഘടനകളുമായും കൂടിയോലോചിച്ച് അതിരൂപതയുടെയും ക്നാനായ സമുദായത്തിന്‍റെയും ഉത്തമ താൽപര്യങ്ങൾ സംരക്ഷിക്കാനുതകുന്ന നടപടികൾ ഉടൻ സ്വീകരിക്കുന്നതാണെന്നും രൂപത പി.ആർ.ഒ ഫാ. ജോർജ് കറുകപ്പറമ്പിൽ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

