വെള്ളാപ്പള്ളിക്ക് ഹൈകോടതിയിൽ തിരിച്ചടി: എസ്.എൻ കോളജ് ഫണ്ട് തട്ടിപ്പ് കേസിൽ വിചാരണ നേരിടണം
text_fieldsകൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ കൊല്ലം എസ്.എൻ കോളജ് സുവർണ ജൂബിലി ആഘോഷ ഫണ്ട് തിരിമറിക്കേസിൽ തുടരന്വേഷണം വേണ്ടെന്ന് ഹൈകോടതി. നിലവിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എത്രയും വേഗം വിചാരണ പൂർത്തിയാക്കാൻ ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ നിർദേശിച്ചു.
കേസിൽ തുടരന്വേഷണത്തിന് അനുമതി നൽകിയ കൊല്ലം സി.ജെ.എം കോടതി ഉത്തരവ് റദ്ദാക്കി. തുടരന്വേഷണം നടത്താനുള്ള ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ തീരുമാനം നിയമപരമായിരുന്നില്ലെന്ന് കോടതി വിലയിരുത്തി.
തുടരന്വേഷണത്തിന് അനുമതി നൽകിയത് ചോദ്യം ചെയ്ത് പരാതിക്കാരനായ കൊല്ലം സ്വദേശി സുരേന്ദ്ര ബാബുവാണ് ഹൈകോടതിയെ സമീപിച്ചത്. കേസിൽ തീർപ്പുണ്ടാകുന്നതിനുമുമ്പ് തന്റെ ഭാഗം കൂടി കേൾക്കാൻ ക്രൈംബ്രാഞ്ചിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശനും ഹരജി നൽകിയിരുന്നു. ഈ ഹരജി ഹൈകോടതി തള്ളി.
1997-98ൽ കൊല്ലം എസ്.എൻ കോളജ് സുവർണ ജൂബിലി ആഘോഷത്തിന് 67,24,669 രൂപയാണ് സമാഹരിച്ചത്. ഇതിൽ ബാക്കി വന്ന തുക കോളജിന് സുവർണ ജൂബിലി ലൈബ്രറി കോംപ്ലക്സ് നിർമിക്കാൻ വിനിയോഗിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, തുക തിരിമറി നടത്തിയെന്നാണ് ആരോപണം.
കേസിൽ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്ത ശേഷമായിരുന്നു തുടരന്വേഷണത്തിന് അനുമതി നൽകിയത്. കേസ് അന്വേഷിച്ച പ്രത്യേക ടീമിൽ അംഗമായിരുന്ന റിട്ട. ഡിവൈ.എസ്.പി ബി.രാധാകൃഷ്ണ പിള്ളയാണ് തുടരന്വേഷണം എന്ന ആവശ്യം ആദ്യം ഉന്നയിച്ചത്. സുവർണ ജൂബിലി ആഘോഷ ഭാഗമായി സംഘടിപ്പിച്ച അഖിലേന്ത്യ പ്രദർശനത്തിലൂടെ വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി യോഗത്തിന് 20 ലക്ഷം രൂപയുടെ ലാഭം ഉണ്ടാക്കിയെന്ന് ‘യോഗനാദ’ത്തിൽ എക്സിബിഷന്റെ സബ് കമ്മിറ്റി കൺവീനറായിരുന്ന പ്രഫ. ജി.സത്യൻ എഴുതിയ ലേഖനം ചൂണ്ടിക്കാട്ടിയായിരുന്നു തുടരന്വേഷണം എന്ന ആവശ്യം ഉന്നയിച്ചത്. സത്യൻ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതിന് വിരുദ്ധമായ കാര്യമാണ് ലേഖനത്തിൽ പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തുടരന്വേഷണ ആവശ്യം ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന് പ്രോസിക്യൂഷന് അനുമതി തേടിയത് സി.ജെ.എം കോടതി അംഗീകരിക്കുകയായിരുന്നു.
ഹൈകോടതി വിധി തിരിച്ചടിയല്ല
ആലപ്പുഴ: എസ്.എൻ ട്രസ്റ്റുമായി ബന്ധപ്പെട്ട ഹൈകോടതി വിധി തിരിച്ചടിയല്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തിരിച്ചടി ഉണ്ടായി എന്നൊക്കെ വേണമെങ്കിൽ വ്യാഖ്യാനിക്കാം. സത്യാവസ്ഥ ബോധ്യപ്പെടുത്തി നിരപരാധിയാണെന്ന് തെളിയിക്കാൻ സാധിക്കുമെന്ന് ഉറപ്പുണ്ട്. അഭിഭാഷകരുമായി ആലോചിച്ച് മേൽകോടതിയെ സമീപിക്കുന്ന കാര്യം തീരുമാനിക്കും. താൻ കുറ്റക്കാരനാകണമെന്ന് അന്വേഷണസംഘം ആഗ്രഹിച്ചിരുന്നുവെന്ന് വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
എന്നാൽ, വിരമിച്ച ഉദ്യോഗസ്ഥൻ അന്തിമ റിപ്പോർട്ട് നൽകിയ കേസിൽ തുടരന്വേഷണത്തിന് ശിപാർശ ചെയ്തത് സംശയകരമാണെന്ന് കോടതി വിലയിരുത്തി. പ്രതിയെ കുറ്റമുക്തനാക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമം ഉണ്ടെന്ന ഹരജിക്കാരന്റെ ആരോപണത്തിൽ കഴമ്പുണ്ടെന്നും കേസിന്റെ തുടക്കം മുതലുള്ള സംഭവങ്ങൾ ഇതിന് ബലം നൽകുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. എക്സിബിഷൻ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടിനെക്കുറിച്ചുള്ള വിവരങ്ങളും വെള്ളാപ്പള്ളി നടേശന് കൈമാറിയ ചെക്കിനെക്കുറിച്ചുള്ള വിവരവും കിട്ടിയിട്ടില്ലാത്തതിനാൽ തുടരന്വേഷണം വേണമെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

