സെര്‍വര്‍ തകരാര്‍; റവന്യൂ വകുപ്പിന്റെ സേവനങ്ങൾ നിലച്ചു
text_fieldsതിരുവനന്തപുരം: സെര്‍വര്‍ തകരാര്‍ നിമിത്തം ഭൂനികുതി അടക്കൽ ഉള്‍പ്പെടെ റവന്യൂ വകുപ്പിന്റെ സേവനങ്ങൾ അവതാളത്തിൽ. ആധാരങ്ങളുടെ രജിസ്ട്രേഷന് നടത്തേണ്ടവരും, ഭൂമി ഈടുവെച്ച് ബാങ്കുകളില്‍നിന്നും വായ്പ എടുക്കേണ്ടവരും, ഉള്‍പ്പെടെ അടിയന്തര ആവശ്യങ്ങള്‍ക്കായി ഭൂനികുതി അടച്ച രസീത് കിട്ടേണ്ടവർ ഇതുമൂലം ദുരിതത്തിലായി. റവന്യൂവകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ തകിടം മറിഞ്ഞിട്ട് ആഴ്ചകളായിട്ടും ഇതുവരെ പരിഹരിക്കാനായില്ല. ഭൂനികുതി അടച്ച രസീതിനായി അക്ഷയ സെന്ററുകളും ജനസേവനകേന്ദ്രങ്ങളും വില്ലേജ് ഓഫിസുകളും കയറിയിറങ്ങി നട്ടംതിരിഞ്ഞിരിക്കുകയാണ് ഭൂവുടമകള്‍.
വില്ലേജ് ഓഫിസുകളിലെത്തി ഭൂനികുതി അടക്കാന്‍ ആവശ്യപ്പെടുമ്പോള്‍ വില്ലേജ് അധികൃതര്‍ അക്ഷയ സെന്ററിലേക്ക് പറഞ്ഞുവിടുകയാണ്. ഭൂനികുതി അടക്കണമെങ്കിൽ ദിവസങ്ങൾ നെട്ടോട്ടമോടണം. 10 രൂപയുടെ നികുതി അടച്ചു നല്കുമ്പോള് അക്ഷയ സെന്ററുകളും ജനസേവനകേന്ദ്രങ്ങളും 40 മുതല്‍ 60 രൂപവരെയാണ് ഫീസ് ഈടാക്കുന്നത്.
കരം അടക്കാനായി എത്തുന്നവരോട് വില്ലേജ് ഓഫിസില്‍ കരം സ്വീകരിക്കുന്നത് നിര്‍ത്തലാക്കി, പേപ്പര്‍ ഇല്ല, പ്രിന്ററില്‍ മഷിയില്ല തുടങ്ങിയ തൊടുന്യായങ്ങളാണ് ഉദ്യോഗസ്ഥർ പറയുന്നത്. സെര്‍വര്‍ തകരാര്‍ കാരണം വില്ലേജ് ഓഫിസുകളില്‍ പോക്കുവരവ് ഉള്‍പ്പെടെയുള്ളവയും ഏറക്കുറെ നിലച്ചിരിക്കുകയാണ്.