സെർവർ തകരാർ: ഭൂമി രജിസ്ട്രേഷൻ പ്രതിസന്ധിക്ക് പരിഹാരമായില്ല
text_fieldsതിരുവനന്തപുരം: സെർവർ തകരാർമൂലം ആധാരങ്ങൾ രജിസ്റ്റർ ചെയ്യാൻ കഴിയാത്ത പ്രതിസന്ധിക്ക് ആഴ്ചകൾ കഴിഞ്ഞിട്ടും പരിഹാരമായില്ല. സബ് രജിസ്ട്രാർ ഓഫിസുകളില്‍ ഭൂമി കൈമാറ്റ രജിസ്ട്രേഷന് മുദ്രപ്പത്രത്തില്‍ എഴുതിയശേഷം അത് ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യാനാകുന്നില്ല.
വാങ്ങുന്ന ഭൂമിയിൽ ബാധ്യതകളുണ്ടോയെന്ന് പരിശോധിക്കാനും ബാധ്യത സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫൈഡ് പകര്‍പ്പ് എന്നിവക്കായി അപേക്ഷിക്കാനും കഴിയാത്ത സ്ഥിതി. വകുപ്പിന്റെ സെര്‍വറിന്റെ ശേഷികുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. ഭൂമികൈമാറ്റം, ഇ-ഗഹാന് എന്നിവയുടെ രജിസ്ട്രേഷന്, ആധാരങ്ങളുടെ പകര്‍പ്പ്, ബാധ്യത സര്‍ട്ടിഫിക്കറ്റ്, പ്രത്യേക വിവാഹ രജിസ്ട്രേഷന് ഉള്‍പ്പെടെ എല്ലാ സേവനങ്ങളും ഇഴഞ്ഞുനീങ്ങുകയാണ്.
പണം കൈമാറിയശേഷം ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ എത്തുന്നവരും സ്വത്ത് അനന്തരാവകാശികള്‍ക്ക് കൈമാറ്റം ചെയ്യാൻ എത്തുന്നവരും മണിക്കൂറുകൾ കാത്തുനിൽക്കണാ. രാവിലെ ടോക്കൺ എടുത്തവർക്ക് വൈകുന്നേരം പോലും നടപടി പൂർത്തിയാക്കാനാകുന്നില്ല.
ഗഹാന് സബ് രജിസ്ട്രാർ ഓഫിസുകളില്‍ സ്വീകരിച്ച് രജിസ്ട്രേഷന് പൂര്‍ത്തിയാക്കി നൽകുന്നതാണ് രീതി. രജിസ്റ്ററിങ് ഉദ്യോഗസ്ഥന് ഡിജിറ്റല്‍ ഒപ്പ് നല്കാൻ കഴിയുന്നില്ല. ഭൂമിയുടെ ന്യായവില വർധിപ്പിച്ച ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് ആധാരങ്ങളുടെ കൈമാറ്റ രജിസ്ട്രേഷന് വർധിച്ചിട്ടുണ്ട്..