ധനകാര്യമന്ത്രി ചെയ്തത് ഗുരുതര ചട്ടലംഘനം; അവകാശലംഘനത്തിന് നോട്ടീസ് നൽകും -ചെന്നിത്തല
text_fieldsകൊച്ചി: സി.എ.ജി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വെക്കും മുമ്പ് അത് ചോർത്തി വാർത്തസമ്മേളനം നടത്തിയ മന്ത്രി തോമസ് ഐസക്ക് ഗുരുതരമായ ചട്ടലംഘനമാണ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമങ്ങൾ കാറ്റിൽ പറത്തി അഴിമതിയുടെ കൂടാരമായ കിഫ്ബിയിൽ നടക്കുന്നതെല്ലാം സി.എ.ജി ഓഡിറ്റിലൂടെ പുറത്തുവരും എന്ന ഭയം കാരണം മുൻകൂർ ജാമ്യമെടുക്കലാണ് ധനമന്ത്രി ചെയ്തതെന്നും ചെന്നിത്തല വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
നിയമസഭയിൽ അവതരിപ്പിക്കും മുമ്പ് റിപ്പോർട്ട് പുറത്തുപോകരുതെന്ന് നിഷ്കർഷിച്ച് 2013ൽ എ.ജി സർക്കുലർ ഇറക്കിയിരുന്നു. പരമരഹസ്യമായി സൂക്ഷിക്കേണ്ട റിപ്പോർട്ട് പുറത്തുപോകുന്നത് നിയമസഭയുടെ അവകാശ ലംഘനമാണ്. ഇതിൽ മന്ത്രിക്കെതിരെ സ്പീക്കർ നടപടിയെടുക്കണം. കിഫ്ബിയിൽ ഓഡിറ്റ് പാടില്ലെന്ന നിലപാടായിരുന്നു തോമസ് ഐസക്ക് സ്വീകരിച്ചിരുന്നത്. സി.എ.ജി ആക്ടിലെ 20(2) അനുസരിച്ച് സമ്പൂർണ്ണ ഓഡിറ്റിങിന് അനുമതി ആവശ്യപ്പെട്ട് സി.എ.ജി സംസ്ഥാന സർക്കാറിന് കത്ത് നൽകിയിരുന്നു. പക്ഷെ, ആക്ടിലെ 14(1) പ്രകാരം കിഫ്ബിയിെല സർക്കാർ ഫണ്ടിൽ മാത്രം ഓഡിറ്റ് നടത്തിയാൽ മതിയെന്ന നിലപാടാണ് സർക്കാർ എടുത്തത്. അത്രയും ഓഡിറ്റ് നടത്തിയപ്പോൾ തന്നെ ഗുരുതര വീഴ്ചകൾ കണ്ടെത്തിയത് കൊണ്ടാകും ധനമന്ത്രിക്ക് ഇത്ര പരിഭ്രാന്തി ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.
കിഫ്ബിക്കായി മസാല ബോണ്ടുകളും മറ്റും വഴി വാങ്ങിക്കൂട്ടിയ വായ്പകൾ സുതാര്യമല്ല. സി.എ.ജി വികസനത്തെയല്ല തടസ്സപ്പെടുത്തുന്നത്. അതിെൻറ മറവിൽ നടക്കുന്ന കൊള്ളയാണ് പിടികൂടുന്നത്. പ്രതിപക്ഷ നേതാവിെൻറ ഓഫിസുമായി എ.ജിക്ക് ബന്ധമുണ്ടെന്ന മന്ത്രിയുടെ ആരോപണം അഴിമതി പിടിക്കപ്പെടുേമ്പാഴുള്ള കള്ളപ്രചാരണമാണെന്നും ചെന്നിത്തല പറഞ്ഞു.
ധനകാര്യ മന്ത്രിക്കും ഉദ്യോഗസ്ഥർക്കും കിഫ്ബി ഉദ്യോഗസ്ഥർക്കുമാണ് സി.എ.ജി കരട് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടാകുകയെന്ന് വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു. അത് പുറത്തുവിട്ടത് ധനമന്ത്രി നടത്തിയ ഗുരുതര ഭരണഘടന ലംഘനമാണെന്ന് അദ്ദേഹം ആരോപിച്ചു. ഹൈബി ഇൗഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.