'പുഴുത്ത പട്ടിയെന്നാണ് വകുപ്പ് മേധാവി വിളിച്ചത്, അധ്യാപകരും മുതിർന്ന വിദ്യാർഥികളും മാനസികമായി പീഡിപ്പിച്ചു'; നിതിന്റെ മരണത്തിൽ കോളജിനെതിരെ ആരോപണവുമായി പിതാവ്
text_fieldsനിധിൻ രാജ്
നെടുമങ്ങാട്: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥി ആശുപത്രി കെട്ടിടത്തിലെ അഞ്ചാം നിലയിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. നെടുമങ്ങാട് കൊറ്റാമല തടത്തരികത്തു വീട്ടിൽ നിതിൻ രാജ് (21) ആണ് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മൂന്നു മണിയോടെ കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയത്. ഉച്ചവരെ ക്ലാസുണ്ടായിരുന്ന നിതിനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തറയിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും വൈകിട്ടോടെ മരണമടഞ്ഞു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബത്തിന്റെ ആരോപണത്തിന് പിന്നാലെ ദന്തൽ അനാട്ടമി മേധാവി ഡോ. എം.കെ. റാം, അസോ. പ്രൊ. ഡോ. സംഗീത എന്നിവരെ കോളജ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. നിറത്തിന്റെ പേരിലും ജാതീയമായും സാമ്പത്തികമായും ഇവർ നിതിനെ അധിക്ഷേപിച്ചിരുന്നു. സീനിയേഴ്സും വിദ്യാർഥിയെ റാഗിങിന് വിധേയനാക്കിയിരുന്നുവെന്ന് പിതാവ് വൈ.എൽ. രാജൻ പറഞ്ഞു. കുട്ടിയെ പുഴുത്ത പട്ടിയെന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നതെന്നും കുടുംബം ആരോപിച്ചു. മാനസിക പീഡനം സഹിക്കാതെ നിതിൻ കോളജിൽ നിന്നും വീട്ടിലേക്ക് വന്ന് ഒരുമാസകാലത്തോളം താമസിച്ചിരുന്നു. പിന്നീട്, പഠനം മുടങ്ങരുതെന്ന് കരുതി വീണ്ടും കോളജിലേക്ക് പോകുകയായിരുന്നു എന്നും അച്ഛൻ പറഞ്ഞു.
കഴിഞ്ഞയാഴ്ച കോളജിലേക്ക് പോയ നിതിൻ വെള്ളിയാഴ്ച വീട്ടിലേക്ക് മടങ്ങിവരാനിരിക്കെയാണ് മരണ വിവരം വീട്ടുകാർ അറിയുന്നത്. നിതിന്റെ മരണം കൊലപാതകമാണെന്നും ശരിയായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

