ദുരന്തവിവരം അറിയിക്കാൻ സെന്തിൽകുമാർ ഇരുട്ടിൽ വനത്തിലൂടെ നടന്നത് 15 കി.മീ
text_fieldsസെന്തിൽകുമാർ
പെട്ടിമല: ഉരുൾപൊട്ടലിെൻറ വിവരം ആദ്യം പുറം ലോകത്തെത്തിച്ചത് കണ്ണൻ ദേവൻ കമ്പനി ഫീൽഡ് ഓഫിസർ സെന്തിൽകുമാർ. വാർത്താവിനിമയ സംവിധാനങ്ങൾ തടസ്സപ്പെട്ടതിനാൽ ഇരുട്ടിൽ കാടും മേടും താണ്ടി 15 കിലോമീറ്ററാണ് ഇദ്ദേഹം നടന്നത്. ആ യാത്രയെപ്പറ്റി ഓർക്കുമ്പോൾ ദുരന്തമുഖത്ത് സജീവമായ സെന്തിലിന് നെഞ്ചിടിപ്പ് മാറിയിട്ടില്ല.
രാത്രി 10.45നുണ്ടായ അപകടം ഒരു കിലോമീറ്റർ അകലെയായിരുന്ന സെന്തിൽ അറിയുമ്പോൾ സമയം 11 മണി. ഉടൻ സ്ഥലത്ത് ഓടിയെത്തി. മേൽക്കൂര പോകാത്ത ലയങ്ങൾക്കുള്ളിൽനിന്ന് ആളുകളുടെ കരച്ചിൽ.
പിന്നെ ഒന്നും നോക്കിയില്ല. സമീപ ലയങ്ങളിലുള്ളവർക്കൊപ്പം നേരെ ദുരന്തഭൂമിയിലേക്ക്. മേൽക്കൂരകൾ പൊളിച്ച് ഉണ്ടായിരുന്ന ജീവനുകളെ കൈപിടിച്ചുയർത്തി. തുടർന്ന് വിവരമറിയിക്കാൻ മൂന്നാറിലേക്ക് പാഞ്ഞു.
പാലം നിറഞ്ഞൊഴുകുന്നതിനാൽ വാഹനം പോകില്ല. പിന്നെ നടപ്പു തന്നെ... വഴിയിൽ മരം വീണു. പിന്നെ, ചെറിയ വെളിച്ചത്തിൽ ഊടുവഴികളിലൂടെ ആറുമണിക്കൂർ നടന്ന് ഫോറസ്റ്റ് സ്റ്റേഷനിലെത്തുമ്പോൾ സമയം ആറുമണി. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും അടക്കം വിവരമറിയിക്കുകയായിരുന്നു.