പാലത്തായി പീഡനക്കേസിൽ ശിക്ഷാവിധി ഇന്ന്
text_fieldsകെ. പത്മരാജൻ
തലശ്ശേരി: പാനൂർ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകനും ബി.ജെ.പി നേതാവുമായ പ്രതിക്കുള്ള ശിക്ഷ തലശ്ശേരി പോക്സോ പ്രത്യേക കോടതി ഇന്ന് വിധിക്കും. ബി.ജെ.പി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കടവത്തൂർ മുണ്ടത്തോട് കുറുങ്ങാട്ട് ഹൗസിൽ കെ. പത്മരാജനാണ് (49) പ്രതി. ബലാത്സംഗം, പോക്സോ വകുപ്പുകളിൽ പ്രതിയെ കുറ്റക്കാരനായി തലശ്ശേരി പോക്സോ പ്രത്യേക കോടതി ജഡ്ജി എം.ടി. ജലജാറാണി ഇന്നലെ കണ്ടെത്തിയിരുന്നു.
2020 ജനുവരിയിൽ മൂന്നുതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. വിവരം പുറത്തുവന്നതോടെ ആ സമയത്ത് സ്കൂളിൽ ഉണ്ടായിരുന്നില്ലെന്ന വാദമാണ് അധ്യാപകൻ ഉയർത്തിയത്. ഇത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനായില്ല. കുട്ടി പറഞ്ഞ തീയതി തെറ്റാണെന്ന വാദവുമുണ്ടായി. കുട്ടികൾ സംഭവത്തെക്കുറിച്ച് പറയുമ്പോൾ തീയതിക്ക് പ്രാധാന്യം നൽകേണ്ടതില്ലെന്ന ഹൈകോടതി ഉത്തരവ് പ്രോസിക്യൂട്ടർ പി.എം. ഭാസുരി കോടതിയിൽ ഹാജരാക്കി.
2024 ഫെബ്രുവരി 23ന് കേസിന്റെ വിചാരണ പോക്സോ കോടതി ജഡ്ജി ടിറ്റി ജോർജ് മുമ്പാകെ തുടങ്ങി. ജഡ്ജി ടിറ്റി ജോർജ് മാറിയപ്പോൾ ജഡ്ജി ബി. ശ്രീജ മുമ്പാകെ വിചാരണ തുടങ്ങി. വിദ്യാർഥി ഉൾപ്പെടെ 40 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 77 രേഖകളും 14 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിച്ചു. വാദം പൂർത്തിയായി വിധി പറയാനിരിക്കെ ജഡ്ജി മാറി. പിന്നീട് ജഡ്ജി ജലജാറാണി മുമ്പാകെ വീണ്ടും വാദം നടത്തി വിധിപറയാൻ മാറ്റി.
കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ പാനൂർ പൊലീസ് 2020 മാർച്ച് 17ന് കേസെടുത്തു. പൊയിലൂർ വിളക്കോട്ടൂരിൽനിന്ന് ഏപ്രിൽ 15ന് പ്രതിയെ അറസ്റ്റുചെയ്തു. പെൺകുട്ടിയുടെ മാതാവിന്റെ ആവശ്യപ്രകാരം 2020 ഏപ്രിൽ 24 ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. 2020 ജൂലൈ 14ന് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ മധുസൂദനൻ നായർ ഇടക്കാല കുറ്റപത്രം നൽകി.
മൂന്ന് മാസത്തിനുശേഷം പ്രതിക്ക് ജാമ്യം ലഭിച്ചു. അന്വേഷണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഐ.ജിയുടെ ഫോൺ സംഭാഷണം വിവാദമായി. അന്നത്തെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഹരജിയെ തുടർന്ന് നാർക്കോട്ടിക് സെൽ എ.എസ്.പി രേഷ്മ രമേശിനെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

