അന്ന് തിരിച്ചയച്ചു; ഇന്ന് പ്രവാസി സമ്മാൻ
text_fieldsന്യൂഡൽഹി: ഡൽഹിയുടെ അതിർത്തികളിൽ സമരം ചെയ്ത കർഷകരെ ഭക്ഷണം നൽകി സഹായിച്ചതിന്‍റെ പേരിൽ സ്വദേശത്ത് പോകാൻ അനുവദിക്കാതെ വിമാനത്താവളത്തിൽനിന്ന് കേന്ദ്രസർക്കാർ തിരിച്ചയച്ച അമേരിക്കൻ പ്രവാസിക്ക് ഇക്കൊല്ലത്തെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം.
പുരസ്കാരം ലഭിച്ച 27 പേരിൽ ഒരാൾ യു.എസിലെ ശതകോടീശ്വരനായ വ്യവസായി ദർശൻ സിങ് ധലിവാളാണ്. മാസങ്ങൾ കർഷക പ്രക്ഷോഭം നീണ്ടപ്പോൾ ലങ്കാർ നടത്തി സൗജന്യമായി ഭക്ഷണം നൽകി സഹായിച്ചതിന്‍റെ പേരിൽ 2021 ഒക്ടോബർ 23നാണ് ദർശൻ സിങ്ങിനെ ഡൽഹി വിമാനത്താവളത്തിൽനിന്ന് അധികൃതർ തിരിച്ചയച്ചത്. പഞ്ചാബിൽ ശിരോമണി അകാലിദൾ ഭരിക്കുമ്പോൾ മന്ത്രിയായിരുന്ന സുർജിത് സിങ് രഖ്രയുടെ ഇളയ സഹോദരനാണ് ദർശൻ സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2017ലെ ഇസ്രായേൽ സന്ദർശനത്തിനിടയിൽ ഇഷ്ടഭക്ഷണം വിളമ്പിയ റസ്റ്റാറന്‍റ് ഉടമ റീന വിനോദ് പുഷ്കർണക്കും പ്രവാസി ഭാരതീയ സമ്മാൻ ലഭിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ കുടുംബവുമായുള്ള ഉറ്റബന്ധം പ്രയോജനപ്പെടുത്തി ഇന്ത്യ-ഇസ്രായേൽ ബന്ധങ്ങൾ വളർത്തുന്നതിൽ റീന പുഷ്കർണ വലിയ പങ്കു വഹിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ഇന്ദോറിൽ നടക്കുന്ന പ്രവാസി ഭാരതീയ സമ്മേളനത്തിന്‍റെ സമാപന ദിവസമായ 10ന് രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരങ്ങൾ സമ്മാനിക്കും.
ഉപരാഷ്ട്രപതി ജഗദീപ് ധൻകർ അധ്യക്ഷനായ സമിതിയാണ് ജേതാക്കളെ നിശ്ചയിച്ചത്. ഇന്ത്യയിൽ കുടുംബവേരുകളുള്ള ഗയാനയുടെ ഒമ്പതാമത്തെ പ്രസിഡന്‍റ് ഇർഫാൻ അലിയാണ് പ്രവാസി സമ്മേളനത്തിൽ ഇത്തവണ മുഖ്യാതിഥി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

